'സർക്കാർ ഏജന്റിനെ ട്വിറ്ററിൽ തിരുകി കയറ്റാൻ കേന്ദ്രം നിർബന്ധിച്ചു'; ട്വിറ്റർ അധികൃതരെ വിളിച്ചുവരുത്തി പാർലമെന്ററി സമിതി
text_fieldsവിസിൽബ്ലോവർ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റർ. ഹാക്കറും കമ്പനിയുടെ മുൻ സുരക്ഷാ മേധാവിയുമായിരുന്ന പീറ്റർ സാറ്റ്കോ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇന്ത്യയിലടക്കം കമ്പനിക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങൾ പുറത്തുവിട്ട പീറ്ററിന്റെ വെളിപ്പെടുത്തലുകളിൽ ഹാക്കര്‍മാര്‍ക്കെതിരെ നടത്തിയ പ്രതിരോധങ്ങളെ കുറിച്ചും സ്പാം അക്കൗണ്ടുകളെ കുറിച്ചും ട്വിറ്റര്‍ അധികാരികളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പറയുന്നത്.
മോദി സർക്കാറിനെതിരെയും ഗുരുതര ആരോപണമാണ് പീറ്റർ ഉന്നയിച്ചത്. സർക്കാറിന്റെ ഏജന്റുകളെ ട്വിറ്ററിൽ നിയമിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്റർ അധികൃതരെ "നിർബന്ധിച്ചു" എന്നാണ് പീറ്റർ വെളിപ്പെടുത്തിയത്. രാജ്യത്ത് "പ്രതിഷേധം" നടക്കുമ്പോൾ ഉപയോക്തൃ ഡാറ്റകളിലേക്ക് കടന്നുകയറാൻ സർക്കാരിനെ കമ്പനി അനുവദിച്ചതായും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.
എന്തായാലും സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി ട്വിറ്റർ എക്സിക്യൂട്ടീവുകളെ വിളിച്ചുവരുത്തി വിശദീകരണം തേടിയിട്ടുണ്ട്. നേരത്തെ ഫേസ്ബുക്കിനെതിരെയും സമാന രീതിയിലുള്ള ആരോപണമുയർന്നിരുന്നു. ആര്‍എസ്എസ് അനുകൂലികളും ഗ്രൂപ്പുകളും പേജുകളും ഭീതി പരത്തുന്നതും മുസ്ലീം വിരുദ്ധവുമായ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നതിനെ കുറിച്ച് ബോധ്യമുണ്ടായിട്ടും ഇന്ത്യയില്‍ ഫേസ്ബുക്കിന് നടപടികളൊന്നും സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന് മുന്‍ ജീവനക്കാരിയായ ഫ്രാന്‍സിസ് ഹൗഗനായിരുന്നു വെളിപ്പെടുത്തിയത്.
ഇലോൺ മസ്കുമായുള്ള കേസ് പുരോഗമിക്കുന്നതിനിടെയാണ് പീറ്റർ സാറ്റ്കോയിലൂടെ ട്വിറ്ററിന് വലിയ തലക്കടി ലഭിക്കുന്നത്. തങ്ങളുടെ സേവനത്തിലെ പിഴവുകളും സ്പാമുകളും കുറക്കുന്നതിനേക്കാൾ യൂസർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനാണ് ട്വിറ്റർ പ്രാധാന്യം നൽകുന്നതെന്ന് പീറ്റർ പറഞ്ഞു. ട്വിറ്ററിലെ ബോട്ടുകളുടെ എണ്ണമെടുക്കാനുള്ള സംവിധാനം പോലും ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ കൈയ്യിലില്ലെന്നും അദ്ദേഹം പറയുന്നു. പ്ലാറ്റ്ഫോമിലുള്ള ബോട്ടുകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകൾ നൽകാൻ ട്വിറ്റർ തയ്യാറാവാതെ വന്നതോടെയായിരുന്നു ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.