വിക്കിപീഡിയക്ക് എത്ര രൂപയാകും..? പ്രതികരണവുമായി സ്ഥാപകൻ ജിമ്മി വെയ്ൽസ്
text_fieldsടെസ്‍ല തലവനും ലോകകോടീശ്വരനുമായ ഇലോൺ മസ്കിന് വിക്കിപീഡിയ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥാപകനായ ജിമ്മി വെയ്‍ൽസ്. സൗജന്യ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോടുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജിമ്മി. ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തുകൊണ്ട് വിക്കിപീഡിയക്ക് എത്രരൂപയാകുമെന്ന് ഒരു മാധ്യമപ്രവർത്തകന്‍ ട്വിറ്ററിലൂടെ ചോദിക്കുകയായിരുന്നു. ഈ ട്വീറ്റിനോടായിരുന്നു ‘നോട്ട് ഫോർ സെയിൽ’ എന്ന് ജിമ്മി വെയ്ൽസ് പ്രതികരിച്ചത്.
കുപ്രസിദ്ധമായ "ട്വിറ്റർ ഫയൽസ്" എന്ന പേജ് വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വലിയ വിവാദത്തിന് കാരണമായ ‘ട്വിറ്റർ ഫയൽസ്’ നീക്കം ചെയ്തതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച മസ്ക് വിക്കിപീഡിയയുടെ ഇടതുപകക്ഷ പക്ഷാപാതമാണ് അതിന് പിന്നിലെന്നും ആരോപിച്ചു.
ജിമ്മിയും മസ്കും ഇതിന് മുമ്പും പലതവണയായി സമൂഹ മാധ്യമങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള മസ്‌കിന്റെ ഓൺലൈൻ ട്രോളുകളിലായിരുന്നു ഏറ്റുമുട്ടൽ. ആർക്ക് വേണമെങ്കിലും ഉള്ളടക്കങ്ങളിൽ മാറ്റം വരുത്താനും എന്തും എഴുതിച്ചേർക്കാനും കഴിയുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ടെസ്‍ല തലവന്റെ പരിഹാസങ്ങൾ. ജൂലൈയിൽ വിക്കിപീഡിയ മാന്ദ്യത്തെക്കുറിച്ചുള്ള പേജ് എഡിറ്റ് ചെയ്യുന്നത് ബ്ലോക്ക് ചെയ്തതിനെയും ഇലോൺ മസ്‌ക് വിമർശിച്ചിരുന്നു.
അതേസമയം, ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് ഇലോൺ മസ്ക്. 'ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയണോ' എന്ന് ചോദിച്ച് നടത്തിയ അഭിപ്രായ സർവേയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. ട്വീറ്റിലൂടെ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. സി.ഇ.ഒ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തിയാൽ ഉടൻ താൻ രാജിവെക്കുമെന്ന് മസ്ക് വ്യക്തമാക്കി. ട്വിറ്റർ സി.ഇ.ഒ പദവിയെ അദ്ദേഹം ട്വീറ്റിൽ പരിഹസിക്കുകയും ചെയ്തു. 'ആ ജോലി ഏറ്റെടുക്കാൻ വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ ഞാൻ സി.ഇ.ഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ - സെർവർ ടീമുകളെ പ്രവർത്തിപ്പിക്കും'- മസ്ക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.