‘ഇലോൺ മസ്ക് വിഡിയോ കോൾ ചെയ്ത് ‘ഐ ലവ് യൂ’ പറഞ്ഞു’; യുവതിക്ക് നഷ്ടമായത് 42 ലക്ഷം
text_fieldsഎ.ഐ നിർമിത ഡീപ് ഫേക്ക് വിഡിയോകൾ കാരണം പണികിട്ടുന്നവരുടെ എണ്ണം ഇപ്പോൾ വർധിച്ചുവരികയാണ്. ബോളിവുഡ് സൂപ്പർതാരം രൺവീർ സിങ് കോൺഗ്രസിന് വേണ്ടി വോട്ടഭ്യർഥിക്കുന്ന ഡീപ് ഫേക്ക് വിഡിയോ വൈറലായതും നടൻ പരാതി നൽകിയതുമൊക്കെ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സാക്ഷാൽ ഇലോൺ മസ്കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയിൽ നിന്ന് 42 ലക്ഷം രൂപം കവർന്നിരിക്കുകയാണ് സൈബർ കുറ്റവാളി.
‘അമേരിക്കൻ ശതകോടീശ്വരനായ ‘ഇലോൺ മസ്കു’മായി ഇൻസ്റ്റഗ്രാമിൽ സംസാരിക്കാൻ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു’ എന്നാണ് കൊറിയക്കാരിയായ ജിയോങ് ജി-സൺ പറഞ്ഞത്. "മിസ്റ്റർ മസ്‌ക്" ആണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു യുവതിയെ തട്ടിപ്പുകാർ ഇൻസ്റ്റയിലൂടെ സമീപിച്ചത്.
സംശയം പ്രകടിപ്പിച്ചതും ജോലിക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച ‘വ്യാജ മസ്ക്’ അദ്ദേഹത്തിന്റെ കുട്ടിളെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുകയും ചെയ്തു. തന്റെ ചില ആരാധകരുമായി ഇടക്ക് സംസാരിക്കുന്നതിനെ കുറിച്ചും മസ്കിന്റെ ഡീപ് ഫേക്ക് മനസുതുറന്നു.
“ജൂലൈ 17 ന്, ‘മസ്ക്’ എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തു. മസ്‌കിൻ്റെ ആത്മകഥ വായിച്ചതിനുശേഷം ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധികയിരുന്നു. എങ്കിലും, ആദ്യം എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തന്റെ ഐഡി കാർഡും ജോലിസ്ഥലത്ത് നിൽക്കുന്ന ഫോട്ടോയും അയച്ചു തന്നു.
ഇതുകൂടാതെ, തൻ്റെ മക്കളെ കുറിച്ചും ടെസ്‌ലയിലോ സ്‌പേസ് എക്‌സിലോ പോകാനായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനെ കുറിച്ചുമെല്ലാം ‘മസ്‌ക്’ സംസാരിച്ചു. അതുപോലെ തൻ്റെ ആരാധകരുമായി വല്ലപ്പോഴുമൊക്കെ ബന്ധപ്പെടാറുണ്ടെന്നും ‘മസ്ക്’ വിശദീകരിച്ചതായി അവർ പറഞ്ഞു.
2023 ഏപ്രിലിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ‘മസ്ക്’ യുവതിയോട് സംസാരിച്ചു, ടെസ്‌ല ഗിഗാഫാക്‌ടറി നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലമായി രാജ്യത്തെ വിശേഷിപ്പിക്കുകയും ചെയ്തു.
അതേസമയം, യുവതിയെ പൂർണമായും കെണിയിൽ വീഴ്ത്താനായി സൈബർ കുറ്റവാളി ഉപയോഗിച്ച വജ്രായുധം മറ്റൊന്നായിരുന്നു. നേരിട്ട് വിഡിയോ കോൾ ചെയ്തതോടെ ജിയോങ് ജി-സണിന്റെ സംശയം പൂർണമായും മാറുകയായിരുന്നു. കൂടാതെ യുവതിയോട് ‘മസ്ക്’ തന്റെ പ്രണയം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ, മസ്‌കിൻ്റെ ഡീപ്ഫേക്ക് വീഡിയോ ഉപയോഗിച്ചായിരുന്നു സൈബർ കുറ്റവാളി വിഡിയോ കോൾ ചെയ്തത്.
പിന്നീട് തട്ടിപ്പുകാരൻ യുവതിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയും പണം ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സമ്പന്നയാക്കാമെന്നായിരുന്നു വാഗ്ദാനം. "'ഞാൻ കാരണം എൻ്റെ ആരാധകർ സമ്പന്നരാകുമ്പോൾ എനിക്ക് സന്തോഷമാകും" എന്നായിരുന്നു ‘വ്യാജ മസ്ക്’ പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. 42 ലക്ഷം രൂപയായിരുന്നു യുവതി നിക്ഷേപിച്ചത്. മുഴുവൻ പണവും നഷ്ടമാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.