ഒരുവർഷം കൊണ്ട് മൂല്യം പകുതിയിലേറെ ഇടിഞ്ഞ് എക്സ്
text_fieldsവാഷിങ്ടൺ: സമാനതകളില്ലാത്ത കൈമാറ്റത്തുക നൽകി പുതിയ ഉടമക്കു കീഴിലായ സമൂഹ മാധ്യമ ഭീമൻ എക്സ് അഥവാ ട്വിറ്ററിന് ഒരു വർഷത്തിനിടെ ഇടിഞ്ഞത് പകുതിയിലേറെ മൂല്യം. 4400 കോടി ഡോളർ മുടക്കി എലോൺ മസ്ക് സ്വന്തമാക്കിയ ട്വിറ്റർ ആണ് പേരുമാറി എക്സ് ആയപ്പോൾ വെറും 1900 കോടി ഡോളറിലേക്ക് മൂല്യമിടിഞ്ഞത്.
മസ്ക് ഏറ്റെടുത്തശേഷം ട്വിറ്റർ ജീവനക്കാരിലേറെയും രാജിവെക്കുകയോ ജോലി നഷ്ടമാവുകയോ ചെയ്തിരുന്നു. കമ്പനിയുടെ പേര് എക്സ് എന്നാക്കി. ഉള്ളടക്കവുമായി ബന്ധപ്പെട്ടുൾപ്പെടെ നിയമങ്ങൾ പലതും മാറി. മസ്ക് നേരിട്ടെടുത്ത കടുത്ത നടപടികൾക്കുപിന്നാലെ പരസ്യ വരുമാനം പകുതിയിലേറെ ഇടിയുകയും ചെയ്തു. പലിശയിനത്തിൽ മാത്രം 120 കോടി ഡോളർ പ്രതിവർഷം ഒടുക്കേണ്ട എക്സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പരസ്യവരുമാനത്തിൽനിന്നുമാറി പണം നൽകി ഉപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറ്റാനാണ് കമ്പനിയുടെ പുതിയ തീരുമാനം. എന്നാൽ, കമ്പനിയുടെ പ്രീമിയം ഉപഭോക്താവാകാനുള്ള ക്ഷണം നിലവിലെ വരിക്കാരിൽ ഒരു ശതമാനം പേരെപോലും ആകർഷിച്ചിട്ടില്ലെന്നതാണ് വെല്ലുവിളി. അതുവഴി 12 കോടി ഡോളറിൽ താഴെ മാത്രമാകും വരുമാനമെന്നർഥം. നിലവിലെ രൂപം മാറ്റി ഷോപ്പിങ്, പണമൊടുക്കൽ തുടങ്ങി എല്ലാ സേവനങ്ങളും നൽകാനാകുന്ന ‘എല്ലാറ്റിന്റെയും ആപ്’ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു. ആദ്യ നടപടിയായി വിഡിയോ, ഓഡിയോ കാൾ സൗകര്യം അടുത്തിടെ ആരംഭിച്ചു. വാർത്താവിതരണ സംവിധാനം ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഗൂഗ്ളിന്റെ യൂട്യൂബ്, മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ്ഇൻ എന്നിവയുമായി മത്സരിക്കലാണ് അടുത്ത ലക്ഷ്യമെന്ന് മസ്ക് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.