'ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പാകിസ്താനിലേക്ക് മാറ്റും'; റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഷവോമി
text_fieldsവിദേശ നാണയ വിനിമയ ചട്ടലംഘനത്തിന്റെ പേരിൽ ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5551 കോടി രൂപ കേന്ദ്ര സർക്കാർ മരവിപ്പിച്ചതിന് പിന്നാലെ കമ്പനി ഇന്ത്യ വിടുമെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഷവോമിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പാകിസ്താനിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകൾ അവകാശപ്പെട്ടത്.
എന്നാൽ, ചൈനീസ് കമ്പനി അതെല്ലാം നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് അവർ പറഞ്ഞു. ''2014-ലാണ് ഷവോമി ഇന്ത്യയിലെത്തുന്നത്, ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ യാത്രയും ആരംഭിച്ചു. ഇപ്പോൾ ഞങ്ങളുടെ 99 ശതമാനം സ്മാർട്ട്ഫോണുകളും 100 ശതമാനം ടെലിവിഷനുകളും ഇന്ത്യയിൽ നിന്നാണ് നിർമിക്കുന്നത്. അതിനാൽ തെറ്റായ അവകാശവാദങ്ങളിൽ നിന്ന് ഞങ്ങളുടെ യശസ്സ് സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും''. -ഷവോമി പ്രതികരിച്ചു.
കമ്പനിയുടെ സ്വത്തുക്കൾ മരവിപ്പിക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിന് വിദേശ നാണയവിനിമയ മാനേജ്മെന്റ് നിയമപ്രകാരമുള്ള അതോറിറ്റി (ഫെമ) അനുമതി നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ട് ചൈനീസ് കമ്പനി വെള്ളിയാഴ്ച വീണ്ടും കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.
യു.എസ് ആസ്ഥാനമായ രണ്ട് സ്ഥാപനങ്ങൾക്കും ഒരു സ്വന്തം ഗ്രൂപ് കമ്പനിക്കുമാണ് ഷവോമി, 5,551.27 കോടി രൂപക്ക് തുല്യമായ വിദേശ കറൻസി അനധികൃതമായി കൈമാറിയത്. ഇത് ചട്ടലംഘനമായതിനാൽ ഫെമ പ്രകാരം ബാങ്ക് നിക്ഷേപങ്ങൾ പിടിച്ചെടുക്കാൻ ഇ.ഡി നിർദേശം നൽകിയിരുന്നു. വിദേശ വിനിമയ ചട്ടലംഘനങ്ങൾ സംബന്ധിച്ച അതോറിറ്റി ഈ നിർദേശങ്ങൾ പരിശോധിച്ച് അനുമതി നൽകണമെന്നാണ് ചട്ടം. ജോയന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഇതിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തേണ്ടതെന്നും ഫെമ ചട്ടത്തിൽ നിർദേശിക്കുന്നുണ്ട്.
5,551.27 കോടി രൂപക്ക് തുല്യമായ വിദേശനാണ്യം ഷവോമി ഇന്ത്യ, അനധികൃതമായി ഇന്ത്യക്ക് പുറത്തേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതായി ഇ.ഡി ഉത്തരവിന് അനുമതി നൽകിക്കൊണ്ട് അതോറിറ്റി പറഞ്ഞു. പണം കൈമാറ്റം ചെയ്ത കമ്പനികളിൽനിന്നും ഷവോമി ഒരുതരത്തിലുള്ള സേവനവും കൈപ്പറ്റിയിട്ടില്ലെന്നും അതിനാൽ ഈ ഇടപാട് അനധികൃതമാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.