MIUI-യോട് ഗുഡ്ബൈ പറയാൻ ഷഓമി; ഇനി ‘ഹൈപ്പർ ഒഎസ്’, റിലീസ് ഡേറ്റും വിശേഷങ്ങളും അറിയാം
text_fieldsഷഓമി, റെഡ്മി, പോകോ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ‘എംഐയുഐ (MIUI) എന്ന യൂസർ ഇന്റർഫേസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഒരുപക്ഷെ ചിലരെങ്കിലും ഷഓമി ഫോണുകൾ വാങ്ങുന്നത് ആ യൂസർ ഇന്റർഫേസ് കാരണമായിരിക്കും. 2010-ലാണ് ആൻഡ്രോയ്ഡിൽ അധിഷ്ടിതമായ എംഐയുഐ, ഷഓമി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള അതിന്റെ ഏറ്റവും പുതിയ പതിപ്പായ എംഐയുഐ 14 കമ്പനി അവതരിപ്പിച്ചത്.
എന്നാൽ, എംഐയുഐ-യോട് വിടപറയാനൊരുങ്ങുകയാണ് ചൈനീസ് ടെക് ഭീമൻ ഷഓമി. HyperOS എന്ന പുതിയ ഓപറേറ്റിങ് സിസ്റ്റമാണ് സക്സസറായി എത്താൻ പോകുന്നത്. ഷവോമിയുടെ സ്ഥാപകനും സിഇഒയുമായ ലെയ് ജുൻ ആണ് പ്രഖ്യാപനവുമായി എത്തിയത്. വർഷങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമാണ് ഹൈപ്പർഒഎസ് എന്ന അദ്ദേഹം പറയുന്നു. കമ്പനിയുടെ വരാനിരിക്കുന്ന Xiaomi 14 സീരീസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം പുതിയ ഒ.എസ് വരുമെന്നും അദ്ദേഹം അറിയിച്ചു.
“ഇന്ന് ഒരു ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുന്നു. വർഷങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന് ശേഷം, ഞങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷഓമി ഹൈപ്പർഒഎസ് (Xiaomi HyperOS) ഷഓമി 14 സീരീസിൽ ഔദ്യോഗിക അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. - സി.ഇ.ഒ ട്വീറ്റ് ചെയ്തു.
അതേസമയം, നിലവിൽ, HyperOS ചൈനയിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും. എന്നാൽ, ഭാവിയിൽ ചൈനയ്ക്ക് പുറത്ത് അതിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി എക്സിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. ഹൈപ്പർ ഒഎസ് ഉടൻ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഷഓമി ഇന്ത്യ ഉദ്യോഗസ്ഥരിൽ നിന്നുള്ള ചില റീട്വീറ്റുകളും സൂചിപ്പിക്കുന്നു.
ഷഓമിയുടെ തുടക്കം തന്നെ എംഐയുഐ എന്ന ഓപറേറ്റിങ് സിസ്റ്റത്തിലൂടെയായിരുന്നു. സ്റ്റോക് ആൻഡ്രോയ്ഡ് യു.ഐ വളരെ ബോറിങ് ആയിരുന്ന സമയത്ത് ഒരുപാട് ഫീച്ചറുകൾ കുത്തിനിറച്ചെത്തിയ എംഐയുഐ വലിയ ജനപ്രീതി നേടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി എംഐയുഐ-യുടെ ജനപ്രീതി വലിയതോതിൽ ഇടിയുന്ന കാഴ്ചയായിരുന്നു. ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും അവർക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും ColorOS പോലുള്ള മറ്റ് സമകാലികരുമായി താരതമ്യപ്പെടുത്തുമ്പോൾ. ഹൈപ്പർഓഎസിലൂടെ അതിലൊരു മാറ്റം കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്.
അതേസമയം, പുതിയ ഷഓമി 14 സീരീസ് ഫോണുകൾ നവംബർ തുടക്കത്തിൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ. ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രൊസസറായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ഈ മാസം 24ന് ലോഞ്ച് ചെയ്തതിന് പിന്നാലെ ഷഓമി 14 മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.