വമ്പൻ കമ്പനിയുമായി സഹകരിച്ച് ഇ.വികൾ നിരത്തിലിറക്കാൻ ഷവോമിയും
text_fieldsസ്മാർട്ട്ഫോണുകളടക്കം വിപുലമായ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലൂടെ ലോകപ്രശ്സതമായ ചൈനീസ് ടെക്നോളജി ഭീമൻ ഷവോമി പുതിയ വിപണിയിലേക്ക് കാലെടുത്തുവെക്കാനൊരുങ്ങുന്നു. ആപ്പിളിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണ രംഗത്തേക്കാണ് ഷവോമി കണ്ണുവെക്കുന്നതെന്നാണ് റിപ്പോർട്ട്. ചൈനയിലെ പ്രമുഖ വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോറിന്‍റെ ഫാക്ടറികളിൽ ഒന്ന് ഉപയോഗിച്ച് സ്വന്തം ബ്രാൻഡിന് കീഴിലായിരിക്കും ഷവോമി ഇ.വികൾ നിർമിക്കുകയെന്നും റോയിറ്റേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
പുറത്തുവന്ന വാർത്തകളിൽ ഷവോമിയും ഗ്രേറ്റ് വാളും നിലവിൽ പ്രതികരണമറിയിച്ചിട്ടില്ലെങ്കിലും, ഇരുവരും തമ്മിലുള്ള പങ്കാളിത്തം അടുത്ത ആഴ്ച്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗ്രേറ്റ് വാൾ മോട്ടോഴ്സ് അതിന്‍റെ നിർമ്മാണ സേവനങ്ങൾ മറ്റ് കമ്പനികൾക്ക് ഇതുവരെ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പദ്ധതി വേഗത്തിലാക്കാൻ എഞ്ചിനീയറിങ് കൺസൾട്ടൻസിയും അവർ ഷവോമിക്ക് നൽകിയേക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ ഗുണമേന്മ കുറയാതെ വില കുറച്ച് വിൽക്കുന്ന ചരിത്രമുള്ള ഷവോമി ഗ്രേറ്റ് വാളുമായി സഹകരിച്ച് വില കുറഞ്ഞ ഇ.വികൾ നിരത്തിലിറക്കുമെന്ന് തന്നെയാണ് കാർ പ്രേമികൾ പ്രതീക്ഷിക്കുന്നത്.
ഷവോമി സ്വന്തമായി ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് കടക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, കമ്പനിയുടെ ഓഹരി വില ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തി. ഗ്രേറ്റ് വാൾ മോട്ടോർസിന്റെ ഹോങ്കോങ് സ്റ്റോക്കും 15 ശതമാനം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.