ഐഫോണിലെ വാട്സ്ആപ്പ് ചാറ്റുകൾ ഇനി എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും മാറ്റാം; പക്ഷെ...!
text_fieldsവാട്സ്ആപ്പ് ചാറ്റുകൾ ഐ.ഒ.എസിൽ നിന്നും ആൻഡ്രോയ്ഡിലേക്ക് കൈമാറാൻ അനുവദിക്കുന്ന ഫീച്ചർ കഴിഞ്ഞ ആഗസ്തിലായിരുന്നു വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇന്റർ പ്ലാറ്റ്‌ഫോം ഡാറ്റാ ട്രാൻസ്ഫർ എന്ന സവിശേഷത പക്ഷെ, ആൻഡ്രോയ്ഡ് 10നും അതിന് മുകളിലും പ്രവർത്തിക്കുന്ന സാംസങ് ഫോണുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
എന്നാൽ, പിക്സൽ ഫോണുകളിലും ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കുന്ന മറ്റ് ഫോണുകളിലും ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഇക്കാര്യം ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.
'ഇന്ന് മുതൽ ഐഫോണിലെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് നിങ്ങളുടെ ചാറ്റ് ഹിസ്റ്ററിയും മറ്റ് ഫയലുകളും സുരക്ഷിതമായി ആൻഡ്രോയ്ഡിലേക്ക് മാറ്റാൻ കഴിയുമെന്ന്' ഗൂഗിൾ അവരുടെ പോസ്റ്റിൽ പറയുന്നു. വാട്ട്‌സ്ആപ്പ് ടീമുമായി ചേർന്ന് ഈ ഫീച്ചർ തങ്ങളുടെ പിക്‌സൽ ഫോണുകളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ചാറ്റ് കൈമാറ്റത്തിന് കേബിൾ വേണം
പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ വാട്സ്ആപ്പിലെ ചാറ്റ് ഹിസ്റ്ററി, മീഡിയ ഫയലുകൾ, മറ്റ് ഡാറ്റ എന്നിവ ഐഫോണുകളിൽ നിന്ന് ഒരു ആൻഡ്രോയ്ഡ് ഫോണിലേക്ക് കൈമാറാൻ അനുവദിക്കുമെങ്കിലും, അത് പ്രവർത്തിക്കാൻ ഉപയോക്താക്കളുടെ കൈയ്യിലൊരു USB-C ടു ലൈറ്റ്നിങ് കണക്ടർ നിർബന്ധമായും ഉണ്ടായിരിക്കണം. അതായത്, ഇരുഫോണുകളും ആ കേബിൾ ഉപയോഗിച്ച് കണക്ട് ചെയ്യണം. ശേഷം, ആൻഡ്രോയ്ഡ് ഫോണിലുള്ള QR കോഡ് ഐഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യണം. അതോടെ ചാറ്റ് കൈമാറ്റം ആരംഭിക്കാം.
"കൈമാറ്റ പ്രക്രിയയിലുടനീളം നിങ്ങളുടെ ഡാറ്റ പരിരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ടീം വാട്ട്‌സ്ആപ്പുമായി കൈകോർത്ത് പ്രവർത്തിച്ചിട്ടുണ്ട്, അതിനാൽ മറ്റാർക്കും നിങ്ങളുടെ വാട്ട്‌സ്ആപ്പ് വിവരങ്ങളും ഫയലുകളും ആക്‌സസ് ചെയ്യാൻ കഴിയില്ല, കൈമാറ്റം പുരോഗമിക്കുമ്പോൾ പഴയ ഫോണിൽ നിങ്ങൾക്ക് പുതിയ സന്ദേശങ്ങൾ ലഭിക്കുന്നില്ലെന്ന് ഞങ്ങൾ സ്വയമേവ ഉറപ്പാക്കും'' -ഗൂഗിളിലെ പ്രൊഡക്റ്റ് മാനേജർ പോൾ ഡൺലോപ്പ് ബ്ലോഗിൽ കുറിച്ചു.
അതേസമയം, ഡാറ്റാ ട്രാൻസ്ഫർ ഫീച്ചർ നിലവിൽ സാംസങ്, പിക്സൽ ഫോണുകളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആൻഡ്രോയ്ഡ് 12-ലേക്ക് അപ്ഡേറ്റ് ചെയ്യപ്പെട്ട മറ്റ് ബ്രാൻഡുകളുടെ ഫോണുകളിലും ഫീച്ചർ വൈകാതെ ലഭിച്ചേക്കും. എന്നാൽ, ഇൗ സവിശേഷത ഗൂഗിൾ അനുവദിക്കുമെങ്കിലും ഫോണുകളിൽ ഉറപ്പാക്കേണ്ടത് അതാത് കമ്പനികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.