ഗൂഗിളിന് '1338 കോടി'യുടെ പിഴ വാങ്ങിക്കൊടുത്തവർ ഇവരാണ്..!
text_fieldsഗൂഗിളിന് ഭീമൻ പിഴയൊടുക്കേണ്ടി വന്നതിന് കാരണക്കാരായ യുവാക്കൾ ഇവരാണ്.. രണ്ടുപേർ കശ്മീർ സ്വദേശികൾ
പ്ലേ സ്റ്റോറിന്റെ കുത്തകസ്ഥാനം ദുരുപയോഗം ചെയ്തതിന് മാതൃകമ്പനിയായ ഗൂഗ്ളിന് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ) രണ്ട് തവണയായി ഭീമൻ തുക പിഴയിട്ടത് വലിയ വാർത്തയായി മാറിയിരുന്നു. മൊബൈൽ ആപ് സ്റ്റോറിൽ ആധിപത്യമുള്ള പ്ലേ സ്റ്റോറിന്റെ നയങ്ങൾ ഈ മേഖലയിലെ മത്സരക്ഷമതക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമീഷൻ പിഴ ചുമത്തിയത്. ഒക്ടോബർ 20ന് ഈ കാരണം പറഞ്ഞ് 1337.76 കോടി രൂപയാണ് പിഴയീടാക്കിയത്. ദിവസങ്ങൾക്ക് ശേഷം 936.44 കോടി രൂപ കൂടി പിഴയിട്ടു.
ഗൂഗിളിന് 1337.76 കോടി രൂപ പിഴയൊടുക്കേണ്ടി വന്നതിന്റെ കാരണം മൂന്നുപേർ നൽകിയ സുപ്രധാന വിവരങ്ങളായിരുന്നു. സി.സി.ഐയിലെ 27കാരായ റിസേർച്ച് അസോസിയേറ്റ്സ് ഉമർ ജാവീദും സുകർമ ഥാപ്പറും, കാശ്മീർ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി ആഖിബ് ജാവീദും (24) 2018 ആഗസ്തിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഉമർ ജാവീദും ആഖിബ് ജാവീദും കശ്മീർ സ്വദേശികളായ സഹോദരന്മാരാണ്.
മൂവരുടെയും മിടുക്കിന്റെ ഫലമായി ആൻഡ്രോയിഡ് വിപണിയിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 2019 ൽ ഗൂഗിളിനെതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഗൂഗിൾ കുറ്റക്കാരാണെന്ന് കാട്ടി കമ്മീഷന്റെ ഉത്തരവ് വന്നത്.
മൂന്ന് യുവ രത്നങ്ങളും ഇപ്പോൾ അഭിഭാഷകരാണ്, ഉമർ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, ആഖിബ് അഭിഭാഷകനായി ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്നു. സുകർമ്മ ലോ ആൻഡ് പോളിസി വിഭാഗത്തിൽ സ്വതന്ത്ര കൺസൾട്ടന്റായി പ്രവർത്തിക്കുകയാണ്.
അതേസമയം, 2018-ൽ, ഇന്റർനെറ്റ് തിരയലിലും വെബ് പരസ്യങ്ങളിലും തങ്ങളുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് ഏകദേശം 136 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആൻഡ്രോയ്ഡും ഗൂഗ്ൾ പ്ലേയും നൽകുന്ന സാങ്കേതികവിദ്യയിൽ നിന്ന് ഇന്ത്യയിലെ ആപ് ഡെവലപ്പർമാർ ഏറെ പ്രയോജനം നേടിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നുമാണ് ഗൂഗ്ൾ ഇന്ത്യ വക്താവ് പിഴയ്ക്ക് പിന്നാലെ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.