ഇനി യൂട്യൂബ് ഹോം പേജിൽ വിഡിയോകൾ കാണില്ല; വേണമെങ്കിൽ ‘വാച്ച് ഹിസ്റ്ററി’ ഓൺ ചെയ്യണമെന്ന് ഗൂഗിൾ
text_fieldsജനപ്രിയ വിഡിയോ ഷെയറിങ് ആപ്പായ യൂട്യൂബ് മാറ്റത്തിന്റെ പാതയിലാണ്. നിരവധി മികച്ച ഫീച്ചറുകളാണ് യൂട്യൂബിൽ സമീപകാലത്തായി എത്തിയിട്ടുള്ളത്. എന്നാൽ, ഉപയോക്താക്കളിൽ നീരസമുണ്ടാക്കിയ സവിശേഷതകളും ആപ്പിൽ, ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്.
യൂട്യൂബ് തുറന്നുനോക്കുമ്പോൾ ഹോം പേജിൽ ശൂന്യത..! ഒരു വിഡിയോ പോലും കാണാനില്ല. ഇതുപോലെയുള്ള അനുഭവം ആരെങ്കിലും നേരിട്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ, പേടിക്കാനൊന്നുമില്ല, അത് യൂട്യൂബിന്റെ പുതിയ അപ്ഡേറ്റിന്റെ ഭാഗമാണ്. നിങ്ങൾ യൂട്യൂബിൽ വാച്ച് ഹിസ്റ്ററി (watch history) ഓഫ് ചെയ്തിടുന്ന ആളാണെങ്കിൽ, അല്ലെങ്കിൽ, യൂട്യൂബിൽ ഒന്നും സെർച് ചെയ്തിട്ടില്ലെങ്കിൽ, ഹോം പേജിൽ വിഡിയോ റെക്കമെന്റേഷനുകളൊന്നും തന്നെ ദൃശ്യമാകില്ല.
പൊതുവെ നിങ്ങൾ കാണുന്ന വിഡിയോകൾ അനുസരിച്ചാണ്, ഹോം പേജിൽ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യൂട്യൂബിനും അതുപോലെ യൂസർമാർക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം. എന്നാൽ, നിങ്ങൾ കാണുന്ന വിഡിയോകൾ എന്തൊക്കെയാണെന്ന് മറ്റൊരാൾ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാൽ, ഇനി ഒരു വിഡിയോ പോലും യൂട്യൂബ് ഹോംപേജിലുണ്ടാകില്ല, മറിച്ച്, സെർച് ബാറും പ്രൊഫൈൽ ചിത്രവും മാത്രമാകും കാണാൻ സാധിക്കുക.
അതേസമയം, പുതിയ സവിശേഷതയെ കുറിച്ചുള്ള വിശദീകരണവുമായി യൂട്യൂബ് രംഗത്തെത്തിയിട്ടുണ്ട്. ശുപാർശ ചെയ്യപ്പെടുന്ന വിഡിയോകളുടെ ശല്യമില്ലാതെ, ഉപയോക്താക്കൾക്ക് അവർ കാണാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരയാനും സബ്‌സ്‌ക്രൈബുചെയ്‌ത അക്കൗണ്ടുകളിലേക്ക് എളുപ്പത്തിൽ പോകാനും പുതിയ മാറ്റം ഉപകാരപ്പെടുമെന്നാണ് അവർ പറയുന്നത്. ഈ ഫീച്ചർ യൂട്യൂബിന്റെ പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്, ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ചേർക്കുമെന്നും സ്ട്രീമിങ് ഭീമൻ പറയുന്നു.
ഈ ഫീച്ചർ നിലവിൽ പലർക്കും ലഭ്യമാക്കി വരികയാണെന്നും, വൈകാതെ തന്നെ എല്ലാവർക്കും അവരുടെ യൂട്യൂബ് ആപ്പിൽ ദൃശ്യമായി തുടങ്ങുമെന്നും ഗൂഗിൾ അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.