യൂട്യൂബിലെ ആദ്യത്തെ വിഡിയോയിലൂടെ 'ഡിസ്ലൈക്ക്' ഒഴിവാക്കാനുള്ള തീരുമാനത്തെ എതിർത്ത് സഹസ്ഥാപകൻ
text_fieldsയൂട്യൂബിൽ വിഡിയോകൾക്ക് ലഭിക്കുന്ന ഡിസ്ലൈക്കുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ഗൂഗ്ളിന്റെ തീരുമാനം ടെക് ലോകത്ത് ചർച്ചക്കിടയാക്കിയിരുന്നു. ചിലർ ഇതിനെ അനുകൂലിച്ചപ്പോൾ നിരവധിയാളുകൾ എതിരഭിപ്രായവുമായുമെത്തി.
ഇപ്പോൾ യൂട്യൂബ് സഹസ്ഥാപകനായ ജാവേദ് കരീമും അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ രീതിയിലായിരുന്നു അദ്ദേഹം തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട ഏറ്റവും ആദ്യത്തെ വിഡിയോയുടെ 'ഡിസ്ക്രിപ്ഷൻ' സെക്ഷൻ എഡിറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അധികൃതരുടെ തീരുമാനത്തെ എതിർത്തത്.
ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍, ജാവേദ് കരീം എന്നിവർ ചേർന്നായിരുന്നു യൂട്യൂബ് എന്ന വിഡിയോ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ഗൂഗ്ളിന് വിൽക്കുന്നതിന് മുമ്പായി യൂട്യൂബിൽ ആദ്യമായി വിഡിയോ അപ്ലോഡ് ചെയ്തത് ജാവേദ് കരീമായിരുന്നു. 'മീ അറ്റ് ദ സൂ' എന്ന 18 സെക്കന്‍റുകൾ മാത്രമുള്ള വിഡിയോയിൽ ഒരു മൃഗശാലയിലെ ആനയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
"ഡിസ്‌ലൈക്കുകൾ നീക്കം ചെയ്യുന്നത് ഒരു മണ്ടൻ ആശയമാണെന്ന് ഓരോ യൂട്യൂബറും സമ്മതിക്കുമ്പോൾ, അത് തന്നെയാണ് ശരി. വീണ്ടും ശ്രമിക്കുക, യൂട്യൂബ്," അദ്ദേഹം വിഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ എഴുതി. 'ഡിസ്ലൈക്കുകളിൽ കൊണ്ടുവരുന്ന മാറ്റത്തിന് പിന്നിൽ കാരണമുണ്ടായിരിക്കാം, എന്നാൽ, അത് നല്ലതല്ല. അതിനുള്ള കാരണം അവർ പരസ്യമാക്കുകയില്ല. എന്നാൽ, തങ്ങളുടെ നീക്കത്തെ ന്യായീകരിക്കാൻ പല പഠനങ്ങളും അവർ ചൂണ്ടിക്കാട്ടിയേക്കും. അതെല്ലാം ഒരു യൂട്യൂബറുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ്. ആളുകൾക്ക് അവരുടെ താൽപര്യങ്ങൾ പ്രകടിപ്പിക്കാനുള്ള വഴിയാണ് ഡിസ്ലൈക്ക് ഓപ്ഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005 ഏപ്രിൽ 24ന് യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട ജാവേദ് കരീമിയുടെ വിഡിയോക്ക് നിലവിൽ രണ്ട് കോടിയിലധികം കാഴ്ച്ചക്കാരുണ്ട്. 10 മില്യൺ ലൈക്കുകൾ ലഭിച്ച വിഡിയോക്ക് 2.25 ലക്ഷത്തോളം ഡിസ്ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം, യൂട്യൂബിന്‍റെ പുതിയ രീതി പ്രകാരം വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമേ ഡിസ്‌ലൈക്കുകൾ കാണാനാകു. അതേസമയം, ഡിസ്ലൈക്ക് ബട്ടൺ സൗകര്യം കമ്പനി ഒഴിവാക്കില്ല. കാഴ്ചക്കാർക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നിലനിർത്തും.
എന്നാൽ, വീഡിയോക്ക് ലഭിക്കുന്ന ഡിസ്ലൈക്കുകളുടെ എണ്ണം കാഴ്ചക്കാർക്ക് കാണാനാകില്ല. വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമായി ചുരുക്കും. ഡിസ്ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പുതിയ തീരുമാനം. വ്യക്തിപരമായ പ്രതികാരം തീർക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
ആശയപരമായും മറ്റു കാരണങ്ങളാലും ഇഷ്ടമില്ലാത്തവരുടെ വീഡിയോകളിൽ സംഘം ചേർന്ന് ആളുകൾ വ്യാപകമായി ഡിസ്ലൈക്ക് ബട്ടൺ അമർത്തുന്നത് അടുത്തിടെ വർധിച്ചിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്‍റെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ ഏതാനും ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ട് അവരുടെ വീഡിയോകളിൽ ഡിസ്‌ലൈക്കുകൾ കോരിചൊരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.