യൂട്യൂബിന് പണിയായി ‘ഷോർട്സ്’; ജീവനക്കാർ ആശങ്കയിൽ
text_fieldsഏറെ യൂസർമാരുള്ള സമയത്തായിരുന്നു ടിക് ടോക് ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്. ഹ്രസ്വ വിഡിയോകൾക്ക് ഇന്ത്യയിൽ ഏറെ ആരാധകരെ സൃഷ്ടിച്ചതും ടിക് ടോക് ആയിരുന്നു. ആളുകൾ വിഡിയോകൾ കാണാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ആപ്പാണ് യൂട്യൂബ്, ഒരു ഘട്ടത്തിൽ യൂട്യൂബിന് വരെ ടിക് ടോക് വെല്ലുവിളിയായി മാറുകയുണ്ടായി. എന്നാൽ, ഇന്ത്യയിൽ അവർ പ്രവർത്തനം നിർത്തിയതോടെ ഇൻസ്റ്റഗ്രാമിന്റെയും യൂട്യൂബിന്റെയും ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകൾ കൂട്ടമായി ചേക്കേറി.
ടിക് ടോകിനുള്ള എതിരാളിയായി യൂട്യൂബ് അവതരിപ്പിച്ച ‘ഷോർട്സ്’ യൂട്യൂബിനെ തന്നെ അമ്പരപ്പിക്കുന്ന വളർച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘ഷോർട്സി’ന് ഇപ്പോൾ ലഭിക്കുന്ന വലിയ ജനപ്രീതി യൂട്യൂബ് അധികൃതർക്കിടയിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാര്യം മറ്റൊന്നുമല്ല, യൂട്യൂബിന്റെ പ്രധാന വരുമാന മാർഗം ദൈർഘ്യമേറിയ വിഡിയോകൾക്കിടയിൽ വരുന്ന പരസ്യങ്ങളാണ്. ആളുകൾ കൂടുതലായി ഹ്രസ്വ വിഡിയോകളിൽ മുഴുകുന്നത് തങ്ങളുടെ പരസ്യ വരുമാനത്തെ ബാധിക്കുമോ എന്നാണ് അവരുടെ ആശങ്ക. ഷോർട്സിനൊപ്പം പരസ്യങ്ങൾ നൽകുന്നതിന് പരിമിതിയുണ്ട്. യൂട്യൂബ് ഷോർട്സിന്റെ ജനപ്രീതി ദൈർഘ്യമേറിയ വിഡിയോകളോടുള്ള ആളുകളുടെ താൽപര്യം കുറക്കുമെന്നാണ് യൂട്യൂബ് ഭയപ്പെടുന്നത്.
ഷോർട്സിന്റെ തുടക്കകാലത്ത് യൂട്യൂബ് കാര്യമായി തന്നെ അതിനെ പ്രമോട്ട് ചെയ്തിട്ടുണ്ട്. യൂട്യൂബർമാരോട് ഷോർട്സ് പങ്കുവെക്കാനും അവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഷോർട്സ് വിഡിയോകൾ ദിനേനെ ധാരാളമായി പോസ്റ്റ് ചെയ്യുന്നുണ്ട്. ഈ രീതി ദൈർഘ്യമേറിയ വിഡിയോകൾ ആസ്വദിച്ചിരുന്നവരെ മാറ്റിച്ചിന്തിപ്പിക്കുമോ എന്നും യൂട്യൂബ് ഭയക്കുന്നുണ്ട്. കമ്പനിയുടെ സ്ട്രാറ്റജി മീറ്റിങില്‍ ഈ വിഷയം ചര്‍ച്ചയായതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷോർട്സ് പങ്കുവെക്കുന്ന യൂട്യൂബർമാർക്ക് നിലവിൽ വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, ദൈർഘ്യമേറിയ വിഡിയോകളിൽ നിന്നുള്ള പരസ്യ വരുമാനത്തേക്കാൾ കുറവാണ് ഷോർട്സിലൂടെ യൂട്യൂബിന് ലഭിക്കുന്നത്. കൂടാതെ, കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, ഷോർട്സിലൂടെ വരുമാനം നേടാനുള്ള വഴികൾ ആലോചിക്കുകയാണ് യൂട്യൂബിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.