'കഴിഞ്ഞ മൂന്നുവർഷം കൊണ്ട് യൂട്യൂബർമാർക്ക് വരുമാനമായി നൽകിയ തുക' വെളിപ്പെടുത്തി യൂട്യൂബ് സി.ഇ.ഒ
text_fieldsഗൂഗ്ളിെൻറ സ്വന്തം യൂട്യൂബ് ഇന്ന് കേവലമൊരു വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമല്ല. മറിച്ച്, വ്യത്യസ്തമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവരുടെ വിശാലമായ ഒരു സമൂഹമായി അത് മാറിയിട്ടുണ്ട്. എതിരാളികളില്ലാതെ വളർന്ന് വൻ ജനപ്രീതിയോടെ മുന്നോട്ടുപോകുന്ന യൂട്യൂബ് ലക്ഷക്കണക്കിന് കണ്ടൻറ് ക്രിയേറ്റർമാരെ അവരുടെ പ്രൊഫഷണൽ കരിയർ വളർത്താൻ സഹായിച്ചിട്ടുമുണ്ട്. തൊഴിലില്ലാതെ കുത്തുവാക്കുകൾ കേട്ട് വീട്ടിലിരുന്നവർക്കും മികച്ച വരുമാനമുള്ള തൊഴിലുണ്ടായിട്ടും താൽപര്യമില്ലാതെ ഉപേക്ഷിച്ചവർക്കും യൂട്യൂബ് പണികൊടുത്ത് അവരെ സമ്പന്നരുമാക്കിമാറ്റിയിട്ടുണ്ട്. ഇൗ മാജിക്കാണ് യൂട്യൂബിലേക്ക് പലരെയും ആകർഷിക്കുന്നതും.
കഴിഞ്ഞ മൂന്നുവർഷം കൊണ്ട് യൂട്യൂബ് തങ്ങളുടെ കണ്ടൻറ് ക്രിയേറ്റർമാർക്ക് വരുമാനമായി നൽകിയത് 30 ബില്യൺ അമേരിക്കൻ ഡോളറാണ്. ഏകദേശം രണ്ട് ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ. ഇത് വെളിപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, യുട്യൂബ് സി.ഇ.ഒ സൂസൻ വോജിസ്കി തന്നെ. റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് (ജിഡിപി) ഏകദേശം 16 ബില്യൺ ഡോളർ യൂട്യൂബ് സംഭാവന ചെയ്തിട്ടുണ്ട്. ഓക്സ്ഫോർഡ് ഇക്കണോമിക്സിെൻറ റിപ്പോർട്ടുകൾ പ്രകാരം ഇത് രാജ്യത്തെ 345,000 മുഴുവൻ സമയ ജോലികൾക്ക് തുല്യമാണ്.
കഴിഞ്ഞ മൂന്ന് വർഷമായി, യൂട്യൂബർമാർ അവരുടെ വരുമാന മാർഗങ്ങളും വൈവിധ്യവത്കരിക്കുന്നുണ്ടെന്ന് വോജ്സിക്കി പറഞ്ഞു. സിഇഒയുടെ അഭിപ്രായത്തിൽ, സൂപ്പർ സ്റ്റിക്കറുകൾ, സൂപ്പർ ചാറ്റുകൾ, അംഗത്വ സബ്‌സ്‌ക്രിപ്‌ഷനുകൾ തുടങ്ങിയ യൂട്യൂബ് ഫീച്ചറുകളിൽ നിന്നുള്ള ക്രിയേറ്റർമാരുടെ വരുമാനം 2020-ൽ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, കമ്പനിയുടെ പാർട്ണർ പ്രോഗ്രാമിന് കീഴിലുള്ള ചാനലുകളുടെ എണ്ണവും കഴിഞ്ഞ വർഷം ഇരട്ടിയായി ഉയർന്നിട്ടുണ്ട്.
2021 ലേക്ക് കടക്കുമ്പോൾ, ക്രിയേറ്റമാർക്ക് വേണ്ടി പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുന്നതിനായി കമ്പനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ചില പ്രധാന നടപടികളും സൂസൻ വോജ്സിക്കി പരാമർശിച്ചു. യൂട്യൂബർമാരെ കേന്ദ്രീകരിച്ചുള്ള നയങ്ങളുമായി ബന്ധപ്പെട്ട് കമ്പനി കൂടുതൽ സുതാര്യമാകുമെന്നും അപ്പീൽ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.