![‘ലോക്ക് സ്ക്രീൻ, ലൈവ് ആനിമേഷൻ’; യൂട്യൂബിലെത്തിയ കിടിലൻ ഫീച്ചറുകൾ ഇതാ...! ‘ലോക്ക് സ്ക്രീൻ, ലൈവ് ആനിമേഷൻ’; യൂട്യൂബിലെത്തിയ കിടിലൻ ഫീച്ചറുകൾ ഇതാ...!](https://www.madhyamam.com/h-upload/2023/11/15/2118359-youtube.webp)
‘ലോക്ക് സ്ക്രീൻ, ലൈവ് ആനിമേഷൻ’; യൂട്യൂബിലെത്തിയ കിടിലൻ ഫീച്ചറുകൾ ഇതാ...!
text_fieldsഏറ്റവും കൂടുതൽ ആളുകൾ ദൈനംദിന ജീവതത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് യൂട്യൂബ്. എന്നാൽ, യൂട്യൂബിൽ കാര്യമായ മാറ്റങ്ങളോ പുത്തൻ അപ്ഡേറ്റുകളോ വന്നതായി മനസിലാക്കണമെങ്കിൽ യൂസർമാർക്ക് വർഷങ്ങൾ മുമ്പുള്ള ആപ്പിന്റെ സ്ക്രീൻഷോട്ട് നോക്കേണ്ടി വരും. എന്നാൽ, സമീപകാലത്തായി ആപ്പിൽ വരുന്ന രൂപമാറ്റങ്ങളും ഫീച്ചറുകളുമൊക്കെ കൃത്യമായി യൂസർമാർക്ക് ദൃശ്യമാകുന്നുണ്ട്. അവയിൽ പലതും കാലങ്ങളായി യൂട്യൂബർമാരും ഉപയോക്താക്കളുമൊക്കെ ആവശ്യപ്പെടുന്നതുമാണ്. അത്തരത്തിൽ യൂട്യൂബിലേക്ക് എത്തിയ ചില കിടിലൻ ഫീച്ചറുകൾ പരിചയപ്പെടാം.
ലോക്ക് സ്ക്രീൻ
യൂട്യൂബിൽ പലരും ഏറെ ആഗ്രഹിച്ച ഫീച്ചറുകളിലൊന്നാണിത്. വിഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ സ്ക്രീനിൽ തൊട്ടുപോകുന്ന പതിവുള്ളവരുണ്ടാകും. പ്രത്യേകിച്ച് സ്മാർട്ട്ഫോണിൽ യൂട്യൂബ് ഉപയോഗിക്കുന്നവർ. ചിലപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന വിഡിയോ തന്നെ കൈതട്ടി സ്കിപ്പ് ചെയ്തുപോകും. അത്തരക്കാർക്ക്, ഇനി യൂട്യൂബിലെ ലോക് സ്ക്രീൻ സേവനം ഉപയോഗപ്പെടുത്താം. സ്ക്രീൻ ലോക്ക് ചെയ്യുന്നതോടെ, കൈ തട്ടിയാലും പ്രശ്നമില്ല.
സ്‌ക്രീൻ ലോക്കുചെയ്യാൻ, ഉപയോക്താക്കൾ വിഡിയോ പ്ലെയറിന്റെ മുകളിൽ വലത് കോണിലുള്ള ഗിയർ ഐക്കൺ ടാപ്പുചെയ്‌ത് "ലോക്ക് സ്‌ക്രീൻ" തിരഞ്ഞെടുക്കുക. സ്‌ക്രീൻ ലോക്ക് ചെയ്‌തുകഴിഞ്ഞാൽ, അത് അൺലോക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾ സ്‌ക്രീനിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്.
2x വേഗതയിൽ കാണാം
വിഡിയോ പ്ലേ ചെയ്യുന്ന സ്ക്രീനിൽ എവിടെയും അമർത്തിപ്പിടിച്ച് വീഡിയോയുടെ പ്ലേബാക്ക് വേഗത വേഗത്തിൽ വർധിപ്പിക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. ദൈർഘ്യമേറിയ വീഡിയോകൾ കാണുന്നതിനോ നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത ഭാഗങ്ങളിലൂടെ കടന്നുപോകുന്നതിനോ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. പ്രസ് ചെയ്ത് പിടിക്കുന്നതോടെ 2എക്സ് വേഗതയിലാകും വിഡിയോ പ്ലേ ആവുക. അങ്ങനെ ചെയ്യുമ്പോൾ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ അതിവേഗത്തിൽ കേൾക്കാനും കഴിയും.
പുതിയ ‘സീക്കിങ്’ മാറ്റങ്ങൾ
വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും ഒരു ഭാഗം വീണ്ടും കാണണമെങ്കിൽ അത് കണ്ടെത്തുന്നത് വളരെ എളുപ്പമാക്കിയിരിക്കുകയാണ് യൂട്യൂബ്. വിഡിയോ ബാറിൽ പ്രസ് ചെയ്തുപിടിച്ചാൽ ഒരു കീഫ്രെയിം പ്രത്യക്ഷപ്പെടുകയും അതിൽ കാണുന്ന ചിത്രങ്ങൾ അനുസരിച്ച് ആവശ്യമുള്ള ഇടത്തേക്ക് പോകുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ, ഇനി മുതൽ വിഡിയോ ബാറിൽ അമർത്തി മുകളിലേക്ക് വലിച്ചാൽ, pull up for precise seeking എന്ന സന്ദേശം പ്രത്യക്ഷപ്പെടുകയും പുതിയ രീതിയിലുള്ള സീകിങ് ബാർ കാണാനും സാധിക്കും.
അവിടെ വിഡിയോയിലെ ഒരോ രംഗങ്ങളുടെയും തമ്പ്നൈലുകൾ നിരനിരയായി പ്രദർശിപ്പിച്ചിട്ടുണ്ടാകും. നിങ്ങൾക്ക് വീണ്ടും കാണേണ്ടുന്ന ഭാഗം അവിടെ നിന്നും വളരെ ഈസിയായി കണ്ടെത്താനും തിരഞ്ഞെടുക്കാനും സാധിക്കും.
പാട്ടുകൾ ‘മൂളി’ കണ്ടെത്താം
നിങ്ങൾക്ക് പേര് ഓർമ്മിക്കാൻ കഴിയാത്ത പാട്ടുകൾ കണ്ടെത്താനുള്ള മികച്ച മാർഗമാണിത്. യൂട്യൂബിലെ മൈക്രോഫോണിൽ പാട്ട് മൂളിക്കൊടുത്താൽ മതി, എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാട്ട് തിരഞ്ഞുകണ്ടുപിടിക്കും.
യൂ ടാബ്
ലൈബ്രറി ടാബും നിങ്ങളുടെ അക്കൗണ്ട് പേജും ഇനിമുതൽ ഒരു കുടക്കീഴിൽ. യൂട്യൂബിന്റെ ഏറ്റവും മുകളിൽ വലതുവശത്തായി ഇടംപിടിച്ചിരുന്ന യൂ ടാബ് ഇനിമുതൽ താഴെയാകും കാണാൻ സാധിക്കുക. അതായത്, നേരത്തെ ലൈബ്രറി എന്ന ഓപ്ഷനുണ്ടായിരന്നിടത്ത്. അക്കൗണ്ട് വിവരങ്ങൾക്കൊപ്പം, നിങ്ങളുടെ വിഡിയോ വാച്ച് ഹിസ്റ്ററിയും പ്ലേലിസ്റ്റുകളും ചാനൽ വിവരങ്ങളുമെല്ലാം ഇനി യൂ ടാബിൽ കാണാം.
പുതിയ ലൈവ് ആനിമേഷൻ
യൂട്യൂബ് ലൈവ് വിഡിയോകൾക്കായി കൂടുതൽ വിഷ്വൽ ഫീച്ചറുകളും ആപ്പിൽ ചേർക്കുന്നുണ്ട്. അത് അവയെ കൂടുതൽ ദൃശ്യപരവും ആകർഷകവുമാക്കും. ഉദാഹരണത്തിന് ഒരു വീഡിയോ ലൈവ് പോകുന്ന സമയത്ത്, ഹോസ്റ്റ് കാഴ്ചക്കാരോട് ലൈക്ക് ചെയ്യാനോ സബ്‌സ്‌ക്രൈബ് ചെയ്യാനോ ആവശ്യപ്പെടുകയാണെങ്കിൽ, ഈ ബട്ടണുകൾ വീഡിയോയിലെ വാക്കുകളുമായി സമന്വയിപ്പിച്ച് ആനിമേറ്റ് ചെയ്യും.
വീഡിയോ വിവരണങ്ങൾക്കുള്ള പുതിയ ഫോർമാറ്റുകൾ
വീഡിയോകൾക്ക് താഴെ നൽകുന്ന വിവരണങ്ങൾ സ്ക്രോൾ ചെയ്യാവുന്ന വിധത്തിലാക്കിയിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബർമാർക്ക് അവ വിവിധ രീതിയിൽ ഫോർമാറ്റ് ചെയ്യാനുള്ള കൂടുതൽ കഴിവ് നൽകുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ലിങ്കുകൾക്കായുള്ള പുതിയ ഫോർമാറ്റിങ് രീതി അവ കണ്ടെത്തുന്നതും ക്ലിക്ക് ചെയ്യുന്നതും എളുപ്പമാക്കുകയും മികച്ച കാഴ്ചക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ലോഗോ ഉൾപ്പെടുത്തുകയും ചെയ്യും.
സ്ഥിരതയുള്ള ശബ്ദം - Stable volume
വീഡിയോകൾക്കിടയിലുള്ള ശബ്‌ദത്തിലെ വ്യതിയാനങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വിഡിയോ പ്ലേ ചെയ്യുമ്പോൾ കൂടുതൽ സ്ഥിരതയുള്ള ശ്രവണ അനുഭവം സൃഷ്ടിക്കുന്നതിന് വോളിയം ലെവലുകൾ തുടർച്ചയായി ക്രമീകരിക്കുകയാണ് ഈ ഫീച്ചർ ചെയ്യുന്നുത്.
നിങ്ങൾ വ്യത്യസ്ത പരിതസ്ഥിതികളിൽ വീഡിയോകൾ കാണുമ്പോഴും വ്യത്യസ്ത ഓഡിയോ ലെവലുകളുള്ള വീഡിയോകളിലേക്ക് മാറുമ്പോഴുമൊക്കെ ഇത് സഹായകമാകും. വളരെ കുറഞ്ഞ ശബ്ദത്തിലുള്ള സംഭാഷണങ്ങളുള്ളവിഡിയോകളാണെങ്കിൽ, ഈ ഫീച്ചർ ഓൺ ചെയ്യുന്നതോടെ അവ വ്യക്തമായി കേൾക്കാൻ സാധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.