‘മോണിറ്റൈസേഷൻ’ എളുപ്പമാക്കി യൂട്യൂബ്; ഇനി 1000 സബ്സ്ക്രൈബർമാരും 4000 വാച്ച് അവേഴ്സും വേണ്ട...!
text_fieldsസിനിമാ താരങ്ങളെ പോലും വെല്ലുന്ന ഫാൻബേസുള്ള യൂട്യൂബർമാരാണ് ഇപ്പോൾ നമ്മുടെ രാജ്യത്തുള്ളത്. യൂട്യൂബ് കരിയറാക്കി ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവാക്കൾ ഇവിടെ വർധിച്ചുവരികയാണ്. ഒരു യൂട്യൂബറാകാൻ ആർക്കും കഴിയും, അതിന് പ്രത്യേക അറിവുകളോ ലക്ഷങ്ങൾ വിലയുള്ള കാമറയോ വേണമെന്നില്ല. ഒരു സ്മാർട്ട്ഫോണും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും യൂട്യൂബിൽ ഒരു ചാനൽ തുടങ്ങി അതിൽ വിഡിയോ പങ്കുവെക്കാം.
എന്നാൽ, യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാൻ കുറച്ചധികം പണിയുണ്ട്. 1000 സബ്സ്ക്രൈബർമാരെ സ്വന്തമാക്കണം, അതുപോലെ ഒരു വർഷത്തിനുള്ളിൽ 4000 മണിക്കൂർ നേരം നമ്മുടെ വിഡിയോകൾ ആളുകൾ കാണുകയും ചെയ്താൽ മാത്രമേ യൂട്യൂബ് മോണിറ്റൈസേഷൻ നൽകുകയുള്ളൂ. നമ്മൾ യൂട്യൂബിൽ പങ്കുവെക്കുന്ന ഹൃസ്വ വിഡിയോകൾ (ഷോർട്സ്) 90 ദിവസങ്ങൾക്കുള്ളിൽ ഒരു കോടി ആളുകൾ കണ്ടാലും മോണിറ്റൈസേഷൻ ലഭിക്കും.
പക്ഷെ പലർക്കും അത് നേടിയെടുക്കാൻ സാധിക്കാറില്ല. ഒരു വർഷം കൊണ്ട് 4000 വാച്ച് അവേഴ്സ് ഉണ്ടാക്കലാണ് ഏറ്റവും വലിയ പണി. എന്നാൽ, ഇനി മുതൽ യൂട്യൂബിൽ നിന്ന് പണമുണ്ടാക്കാനായി അത്രയും ബുദ്ധിമുട്ടേണ്ടതില്ല. എല്ലാം എളുപ്പമാക്കിയിരിക്കുകയാണ് ഇപ്പോൾ അമേരിക്കൻ ടെക് ഭീമൻ.
ഇനിമുതൽ 500 സബ്സ്ക്രൈബർമാരും 90 ദിവസങ്ങൾക്കുള്ളിൽ കുറഞ്ഞത് മൂന്ന് വിഡിയോ അപ്ലോഡുകളും ഒരു വർഷം കൊണ്ട് 3000 വാച്ച് അവേഴ്സും 90 ദിവസങ്ങൾക്കുള്ളിൽ 30 ലക്ഷം ഷോർട്സ് വ്യൂവും ലഭിച്ചാൽ, യൂട്യൂബിൽ മോണിറ്റൈസേഷൻ ഓണാകും.
അതേസമയം, നിലവിൽ ഇന്ത്യയിൽ പുതിയ മോണിറൈസേഷൻ മാനദണ്ഡങ്ങൾ അവതരിപ്പിച്ചിട്ടില്ല. അമേരിക്ക, കാനഡ, ബ്രിട്ടൻ, തായ്‍വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെത്തിയ ഈ മാറ്റങ്ങൾ വൈകാതെ ഇന്ത്യയിലും പ്രാവർത്തികമാവും. സൂപ്പർ താങ്ക്സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ അധിക സേവനങ്ങളും ചാനൽ അംഗത്വം പോലുള്ള സബ്സ്ക്രിപ്ഷൻ ടൂളുകളും ഇനി എളുപ്പത്തിൽ ലഭ്യമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.