പണമുണ്ടാക്കി ഷോർട്സ് ക്രിയേറ്റർമാരും; മൂന്നുവർഷം കൊണ്ട് യൂട്യൂബർമാർക്ക് 5.8 ലക്ഷം കോടി രൂപ നൽകി യൂട്യൂബ്
text_fieldsമികച്ച വരുമാനമാർഗമായതുകൊണ്ട് ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകളാണ് യൂട്യൂബ് ഒരു കരിയറാക്കി മുന്നോട്ടുകൊണ്ടുപോകുന്നത്. കൈനിറയെ സമ്പാദിക്കാൻ കഴിഞ്ഞിരുന്ന സ്ഥിരം തൊഴിൽ ഉപേക്ഷിച്ച് യൂട്യൂബറായി മാറിയവരും നിരവിധപേരുണ്ട്. വിഡിയോകൾ നിർമിച്ചുകൊണ്ട് മാത്രമല്ല, യൂട്യൂബർമാർ വരുമാനം നേടുന്നത്. ഉല്‍പ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്തും പരസ്യങ്ങള്‍, സ്പോണ്‍സര്‍ഷിപ്പുകള്‍ എന്നിവയിലൂടെയുമൊക്കെ പലരും പണമുണ്ടാക്കുന്നുണ്ട്.
ഷോർട്സ് പങ്കുവെക്കുന്നവർക്കും പണം...
യൂട്യൂബ് ഷോർട്സ് പങ്കുവെക്കുന്നവർക്കും ഇപ്പോൾ വരുമാനം ലഭിക്കുന്നുണ്ട്. ടിക് ടോകിനെ അനുകരിച്ച് ഹ്രസ്വ വിഡിയോകൾ പങ്കിടാനായി യൂട്യൂബ് അവതരിപ്പിച്ച ഫീച്ചറായിരുന്നു ‘ഷോർട്സ്’. ആകർഷകമായ ഷോർട്സ് പങ്കുവെച്ച് കോടിക്കണക്കിന് കാഴ്ചക്കാരെ നേടുന്നവർക്ക് യൂട്യൂബ് വരുമാനം നൽകാൻ തുടങ്ങിയത് കഴിഞ്ഞ വർഷം മുതലായിരുന്നു.
കമ്പനി പറയുന്നതനുസരിച്ച് യൂട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമില്‍ (YPP) അംഗങ്ങളായവരിൽ ഷോർട്ട്‌സ് യോഗ്യതാ പരിധികൾ പാലിക്കുന്ന 80%-ലധികം പേരും ഇപ്പോൾ ദൈർഘ്യമേറിയ പരസ്യങ്ങൾ, ഫാൻ ഫിനാൻസിങ്, യൂട്യൂബ് പ്രീമിയം, ബ്രാൻഡ് കണക്ട്, ഷോപ്പിങ് തുടങ്ങിയ മറ്റ് വൈ.പി.പി മോണിറ്റൈസേഷൻ ഫീച്ചറുകൾ വഴി സമ്പാദിക്കുന്നുണ്ട്.
ദൈർഘ്യമേറി വിഡിയോകളുമായി താരതമ്യം ചെയ്യുമ്പോൾ ഷോർട്സിലൂടെയുള്ള വരുമാനം പങ്കിടൽ വ്യത്യസ്തമാണ്. വ്യൂസ്, സംഗീത ലൈസൻസിങ്ങും പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി, പരസ്യ വരുമാനം സമാഹരിച്ച് യോഗ്യരായ സ്രഷ്‌ടാക്കൾക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. കണ്ടന്റ് ക്രിയേറ്റർമാർക്ക് ഈ രീതി കൂടുതൽ ലാഭകരമാണെന്ന് പറയപ്പെടുന്നു.
യൂട്യൂബ് വിതരണം ചെയ്തത് 5.7 ലക്ഷം കോടി രൂപ
കഴിഞ്ഞ മൂന്ന് വർഷമായി, യൂട്യൂബ് സ്രഷ്‌ടാക്കൾക്കും കലാകാരന്മാർക്കും മീഡിയ കമ്പനികൾക്കും 70 ബില്യൺ ഡോളറാണ് വരുമാന ഇനത്തിലായി നൽകിയത്. "Shorts-ൽ ശരാശരി 70 ബില്ല്യണിലധികം പ്രതിദിന കാഴ്‌ചകളും പണം സമ്പാദിക്കാനുള്ള പുതിയ വഴികളുമുള്ളതിനാൽ, ഷോർട്ട്‌സ് കമ്മ്യൂണിറ്റി പുതിയ രൂപത്തിലുള്ള സർഗ്ഗാത്മകതയും പ്ലാറ്റ്‌ഫോമിലെ പുതിയ ശബ്ദങ്ങളും ഉപയോഗിച്ച് അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങിയിരിക്കുന്നു". - കമ്പനി പറയുന്നു.
38.7 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള അലൻ ചിക്കിൻ ചൗ പറയുന്നു, “ഷോർട്ട്സ്” ഫോർമാറ്റ് യൂട്യൂബ് ഗെയിമിനെ ശരിക്കും മാറ്റിമറിച്ചു.
“ഒരു ഷോർട്ട്സ് ഫസ്റ്റ് ക്രിയേറ്റർ എന്ന നിലയിലും യു.എസിൽ ഏറ്റവുമധികം ആളുകൾ കാണുന്ന യൂട്യൂബ് ചാനലുകളിലൊന്ന് എന്ന നിലയിലും, ഫോർമാറ്റിലൂടെ ക്രിയാത്മകമായി എന്തൊക്കെ സാധ്യമാകുമെന്നത് എനിക്ക് കാണാൻ സാധിച്ചു. എന്നാൽ വരുമാനം പങ്കിടൽ എൻ്റെ ബിസിനസ്സ് കൂടുതൽ കെട്ടിപ്പടുക്കുന്നതിനുള്ള സുസ്ഥിരമായ മാർഗം എനിക്ക് നൽകി’’.
മോണിറ്റൈസേഷൻ നിബന്ധനകളിൽ ഇളവ്
അതേസമയം, യൂട്യൂബില്‍ നിന്ന് വരുമാനം നേടുന്നതിനുള്ള മോണിറ്റൈസേഷന്‍ നിയമങ്ങളില്‍ ഗൂഗിൾ കഴിഞ്ഞ വർഷം മാറ്റങ്ങൾ വരുത്തിയിരുന്നു. 1000 സബ്‌സ്‌ക്രൈബര്‍മാര്‍, ഒരു വര്‍ഷത്തിനിടെ വീഡിയോകള്‍ക്ക് 4000 മണിക്കൂര്‍ വ്യൂസ്, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്‌സ് വ്യൂ എന്നിങ്ങനെയായിരുന്നു മോണിറ്റൈസേഷന്റെ പഴയ നിബന്ധനകൾ.
എന്നാൽ, പുതിയ നിയമങ്ങളിൽ പ്രകാരം യൂട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമിന്റെ ഭാഗമാവാന്‍ കുറഞ്ഞത് 500 സബ്‌സ്‌ക്രൈബര്‍മാര്‍ മതി. 90 ദിവസത്തിനുള്ളില്‍ മൂന്ന് വീഡിയോകള്‍ എങ്കിലും അപ് ലോഡ് ചെയ്തിരിക്കണം. ഒരുവര്‍ഷത്തിനിടെ 3000 മണിക്കൂര്‍ വ്യൂസും 30 ലക്ഷം ഷോര്‍ട്‌സ് വ്യൂസും നേടിയിരിക്കണം, തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.