
'കുട്ടി-ഇൻസ്റ്റഗ്രാം വേണ്ട, അപകടമാണ്'; മാർക്ക് സുക്കർബർഗിനോട് അഭിഭാഷകർ
text_fieldsഫേസ്ബുക്കിന്റെ കീഴിലുള്ള ഏറ്റവും ജനപ്രിയ ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. നിലവിൽ മാതൃകമ്പനിയെ പോലും ഞെട്ടിക്കുന്ന വളർച്ചയാണ് ഇൻസ്റ്റഗ്രാം ആഗോളതലത്തിൽ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമിനൊരു കുട്ടി-വകഭേദവുമായി എത്തുന്ന കാര്യം സൂചിപ്പിച്ചത്. 13 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി മാത്രമായി രക്ഷിതാക്കൾക്ക് നിയന്ത്രണാധികാരമുള്ള ഇൻസ്റ്റഗ്രാമാണ് കമ്പനി വാഗ്ദാനം ചെയ്തത്.
എന്നാൽ, കുട്ടികൾക്ക് വേണ്ടിയുള്ള ഇൻസ്റ്റഗ്രാം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു അഭിഭാഷക സംഘം. കുട്ടികളെ വലിയ അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള നീക്കമാണ് ഫേസ്ബുക്ക് നടത്തുന്നതെന്നും അവർ അദ്ദേഹത്തിനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ ഭീമൻ അതിന്‍റെ പ്ലാറ്റ്‌ഫോമുകളിലുടനീളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന് തടയിടാത്തത് വിമർശിക്കപ്പെടുന്ന ഈ സാഹചര്യത്തിലാണ് വാണിജ്യ-രഹിത ബാല്യകാല ക്യാെമ്പയിനിന്റെ കീഴിൽ അഭിഭാഷക സംഘം (സി.സി.എഫ്.സി) സക്കർബർഗിന് കത്ത് അയക്കുന്നത്. സംഭവത്തിൽ അഭിപ്രായം ആരാഞ്ഞുള്ള റോയിട്ടേഴ്‌സിന്‍റെ അഭ്യർത്ഥനയോട് ഫേസ്ബുക്ക് ഉടൻ പ്രതികരിച്ചിട്ടില്ല.
ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും അതിനുള്ള സ്വീകരണം പരിശോധിക്കുന്നതിനുമുള്ള യുവ മനസുകളുടെ ത്വര ഇൻസ്റ്റഗ്രാം ചൂഷണം ചെയ്യുന്നുണ്ടെന്നും സി.സി.എഫ്.സി ആരോപിക്കുന്നു. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർ പൊതുവെ രൂപത്തിലും അവരുടെ സ്വയം അവതരണത്തിലും തുടർച്ചയായി ശ്രദ്ധകേന്ദ്രീകരിക്കുന്നത് കൗമാരക്കാരുടെ സ്വകാര്യതയ്ക്കും ക്ഷേമത്തിനും വെല്ലുവിളിയാകുമെന്നും അവർ വ്യക്തമാക്കുന്നു.
മൂല്യമേറിയ ഫാമിലി ഡാറ്റ ശേഖരിക്കലും അതിലൂടെ പുതുതലമുറ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ വളർത്തിയെടുക്കുന്നതുമൊക്കെ ഫേസ്ബുക്കിന്റെ അടിത്തറയ്ക്ക് ഗുണം ചെയ്തേക്കാം, എന്നാൽ, അതിലൂടെ പ്ലാറ്റ്‌ഫോമിന്‍റെ കൃത്രിമവും ചൂഷണപരവുമായ സവിശേഷതകൾക്ക് പ്രത്യേകിച്ചും ഇരയാകുന്ന കൊച്ചുകുട്ടികളുടെ ഇൻസ്റ്റാഗ്രാം ഉപയോഗം വർദ്ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ പറയുന്നു. ഇൻസ്റ്റയുടെ കുട്ടികളെ ലക്ഷ്യം വച്ചുള്ള മാർക്കറ്റിങ്ങും അത് പ്രോത്സാഹിപ്പിക്കുന്ന അമിതമായ സ്‌ക്രീൻ സമയവും കുട്ടികളുടെ ആരോഗ്യകരമായ വികസനത്തിന് കേടുവരുത്തുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും സി.സി.എഫ്.സി കത്തിൽ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.