മേക് ഇന്‍ ഇന്ത്യയുടെ മറവില്‍ പഴയ ഫോണുകള്‍ ഇന്ത്യയില്‍ തള്ളാന്‍ ആപ്പിളിന്‍െറ ശ്രമം
text_fieldsന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ കച്ചവടത്തിന്‍െറ ഉത്സവപ്പറമ്പായി മാറിയ ഇന്ത്യയില്‍ വിദേശ നാടുകളില്‍ ഉപയോഗിച്ചുപേക്ഷിച്ച ഫോണുകള്‍ മിനുക്കിത്തുടച്ച് വിറ്റഴിക്കാന്‍ ആപ്പിള്‍ കമ്പനി വീണ്ടും അനുമതി തേടി. പഴയ ഫോണുകള്‍ ഇറക്കാന്‍ അനുമതി തേടി കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു. അതിനു ശേഷം അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിള്‍ മേധാവി ടിം കുക്കിനെ കണ്ട് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ക്ഷണിച്ചിരുന്നു. മേക് ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ കമ്പനി തുറന്ന് ഉല്‍പാദനം നടത്താനാണ് ക്ഷണിച്ചതെങ്കിലും ചൈനയില്‍നിന്ന് ഇറക്കുന്ന പഴയ ഫോണ്‍ ‘പുതുക്കിയെടുക്കാനുള്ള’ ഫാക്ടറി ഇന്ത്യയില്‍ തുറക്കാമെന്ന നിലപാടാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് രണ്ടര ലക്ഷം ഐപാഡുകളും ഒരു ലക്ഷം ഐഫോണുകളും കയറ്റിയയക്കാന്‍ ആപ്പിള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, പരിസ്ഥിതി മന്ത്രാലയത്തിന്‍െറ സാങ്കേതിക പരിശോധനാ സമിതി ഇടപെട്ട് മുടക്കുകയായിരുന്നു. തങ്ങള്‍ ഇറക്കുന്നത് വെറും സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ അല്ല എന്ന വാദമാണ് ഇപ്പോള്‍ ആപ്പിള്‍ ഉയര്‍ത്തുന്നത്. നിലവാര പരിശോധന നടത്തി പുതിയ ഐ.എം.ഇ.ഐ നമ്പറും ഒരു വര്‍ഷ വാറന്‍റിയുമുള്ള ഉപകരണങ്ങളാണ് നല്‍കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. ഇവ ഏറക്കാലം ഈടുനില്‍ക്കുമെന്നും നിലവാരം കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ മൂലം ഉണ്ടാവുന്ന ഇ-മാലിന്യ ഭീതി കുറക്കാനാവുമെന്നും വാദിക്കുന്നു.
അതേസമയം, പുതിയ കവചമിട്ട് എത്തിക്കുന്ന പഴയ ഫോണിന് ആയുസ്സ് കുറവായിരിക്കുമെന്ന് പരിസ്ഥിതി സാങ്കേതിക സമിതി ചൂണ്ടിക്കാട്ടുന്നു. മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് അവ പാഴ്വസ്തുവായി മാറുമെന്നും ഇ-മാലിന്യം ഇതിനകം തന്നെ രാജ്യത്ത് തലവേദന ആയിരിക്കുകയാണെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നു. അനുമതി ലഭിച്ചാല്‍ രണ്ടു വര്‍ഷത്തിനകം ഫാക്ടറി ഉയര്‍ത്തി ആപ്പിള്‍ വില്‍പന ആരംഭിക്കാനാകുമെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.