Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിര്‍ച്വല്‍ റിയാലിറ്റി...

വിര്‍ച്വല്‍ റിയാലിറ്റി ലോകം വളരുന്നു, ഇനി വിആര്‍ തിയറ്ററും

text_fields
bookmark_border
വിര്‍ച്വല്‍ റിയാലിറ്റി ലോകം വളരുന്നു, ഇനി വിആര്‍ തിയറ്ററും
cancel

മുഖത്ത് കണ്ണട മാത്രം വെച്ചും കണ്ടും പഴകിയവര്‍ക്ക് ഒരു ഡിസ്പ്ളേ തന്നെ മൂക്കില്‍വെക്കുക എന്നു പറഞ്ഞാല്‍ അത്ഭുതമായിരുന്നു. വിര്‍ച്വല്‍ റിയാലിറ്റി എന്ന പ്രതീതി യാഥാര്‍ഥ്യത്തിന്‍െറ മായക്കാഴ്ചകളുമായി വി.ആര്‍ ഹെഡ്സെറ്റുകളും പ്ളെയറുകളും വന്നപ്പോള്‍ പണ്ട് സ്വപ്നമായിരുന്നതൊക്കെ ആയിരങ്ങള്‍ മുടക്കിയാല്‍ സാധിക്കുമെന്ന് വന്നു. ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പവും വി.ആര്‍ ഹെഡ്സെറ്റുകള്‍ സൗജന്യ നിരക്കില്‍ കൊടുക്കാന്‍ തുടങ്ങിയതോടെ തിയറ്ററിലെ വിശാലലോകം കൈയിലേന്താന്‍ കഴിഞ്ഞു. ലെനോവോ നോട്ട് 4 ഫാബ്ലറ്റ്, എല്‍ജി ജി5, സാംസങ് ഗ്യാലക്സി എസ്7 എന്നിവക്കൊപ്പം വിആര്‍ ഹെഡ്സെറ്റുകള്‍ നല്‍കുന്നുണ്ട്. ലെനോവോ കെ 4 നോട്ടിനൊപ്പമുള്ള ആന്‍റ് വിആര്‍ എന്ന ഹെഡ്സെറ്റിന് 1,299 രൂപയാണ് വില. 2016ല്‍ കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിര്‍ച്വല്‍ റിയാലിറ്റിയുമായി എത്തുമെന്നാണ് കരുതുന്നത്. ഒക്കുലസ് റിഫ്റ്റ് ആണ് വിര്‍ച്വല്‍ റിയാലിറ്റിയെ മൂക്കുകണ്ണടയാക്കി പരിചയപ്പെടുത്തിയത്. സാംസങ്ങിനും സോണിക്കും പിന്നാലെ മൈക്രോസോഫ്റ്റും ആപ്പിളും വിആര്‍ ഹെഡ്സെറ്റിനുള്ള പണിപ്പുരിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ വിആര്‍ ഹെഡ്സെറ്റുകള്‍ ഉപയോഗിക്കരുതെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്. 

വരുന്നു വിആര്‍ തിയറ്റര്‍
നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ആദ്യ വിര്‍ച്വല്‍ റിയാലിറ്റി സിനിമ തിയറ്റര്‍ താമസിയാതെ തുറക്കും. 2015ല്‍ യൂറോപ്പില്‍ വിആര്‍ സിനിമ പരീക്ഷിച്ച സംഹൗദ് മീഡിയ ആണ് ഇതിന്‍െറ പ്രയോജകര്‍. സാധാരണ സ്ക്രീനും സീറ്റുകളുമല്ല ഈ തിയറ്ററിലുള്ളത്. കാണികള്‍ക്ക് സ്വതന്ത്രമായി സീറ്റിലിരുന്ന് 360 ഡിഗ്രി മൂവികള്‍ കാണാന്‍ കഴിയും. ഇതിന് ഓരോരുത്തര്‍ക്കും ഓരോ വിആര്‍ ഹെഡ്സെറ്റും ഒരു ജോഡി ഹെഡ്ഫോണും നല്‍കും. സാംസങ് ഗിയര്‍ വിആര്‍ ഹെഡ്സെറ്റും സാംസങ് ഗ്യാലക്സി എസ്7 സ്മാര്‍ട്ട്ഫോണും സെന്‍ഹെയിസര്‍ ഹെഡ്ഫോണുമാണ് ഇതിന് ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററില്‍ ഒരേസമയം 50 ആളുകള്‍ക്ക് ഇരിക്കാം. 30 മിനിറ്റ് മൂവിയും കാണാം. എന്നാല്‍ എന്തുതരം സിനിമയാണ് ഇവിടെ കാണിക്കുക എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. 13.69 ഡോളര്‍ (ഏകദേശം 1000 രൂപ) ആണ് ടിക്കറ്റ് വില. അമേരിക്കയില്‍ ഒരു ഹോളിവുഡ് സിനിമ കാണുന്നതിന്‍െറ ഇരട്ടി തുക വരുമിത്. എന്തായാലും അടുത്തഘട്ടത്തില്‍ ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍, ബാഴ്സലോണ, മാഡ്രിഡ് എന്നീ നഗരങ്ങളില്‍ വിആര്‍ തിയറ്ററുകള്‍ തുറക്കാനാണ് പദ്ധതി. 

രണ്ടുതരം ഹെഡ്സെറ്റുകള്‍
രണ്ടു തരം വി.ആര്‍ ഹെഡ്സെറ്റുകളാണ് വിപണിയില്‍ ഉള്ളത്. ടെതേര്‍ഡും മൊബൈലും. ടെതേര്‍ഡ് ഹെഡ്സെറ്റില്‍ ഡിസ്പ്ളേയുണ്ട്. കേബിള്‍ വഴി പി.സിയുമായോ ഗെയിം സിസ്റ്റവുമായോ ബന്ധിപ്പിച്ചാല്‍ ഡിസ്പ്ളേയില്‍ തിയറ്റര്‍ സ്ക്രീനിലെ പോലെ വലിപ്പത്തില്‍ കാഴ്ചകള്‍ കാണാം. പക്ഷെ, ഇവ വലിപ്പം കൂടിയതും വിലയേറിയതുമാണ്. തലയില്‍ ഉറപ്പിക്കാന്‍ ഹെഡ്ബാന്‍ഡുണ്ട്. മൊബൈല്‍ ഹെഡ്സെറ്റിനേക്കാള്‍ തലയുടെയും ശരീരത്തിന്‍െറയും  ചലനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവയാണ് ടെതേര്‍ഡ് ഹെഡ്സെറ്റുകള്‍. എന്നാല്‍ ചെറുതും വില കുറഞ്ഞതുമായ മൊബൈല്‍ ഹെഡ്സെറ്റില്‍ ഡിസ്പ്ളേയില്ല. ഭാരമില്ലാത്തതിനാല്‍ തലയില്‍ ഉറപ്പിക്കേണ്ട കാര്യമില്ല. വീഡിയോ പ്ളേ ചെയ്യാനും ഡിസ്പ്ളേക്കും സ്മാര്‍ട്ട്ഫോണ്‍ വേണം. മുന്നിലെ കാരിയറില്‍ സ്മാര്‍ട്ട്ഫോണ്‍ വെച്ച് ഇഷ്ടം പോലെ വീഡിയോ ആസ്വദിക്കാം. സ്മാര്‍ട്ട്ഫോണിലെ വിആര്‍ മോഡ് ഓണാക്കുമ്പോള്‍ സ്ക്രീനില്‍ രണ്ടായി കാണുന്ന ദൃശ്യങ്ങളെ ഹെഡ്സെറ്റിലെ ലെന്‍സ് ഒന്നാക്കി കണ്ണില്‍നിന്ന് അല്‍പമകലെ 40 ഇഞ്ചോളം വലിപ്പത്തില്‍ കാട്ടിത്തരും. ഫോണില്ളെങ്കില്‍ രണ്ട് ലെന്‍സുള്ള കണ്ണട മാത്രമാണ് മൊബൈല്‍ വി ആര്‍ ഹെഡ്സെറ്റ്. പ്രധാന വിആര്‍ ഹെഡ്സെറ്റുകളിലൂടെ കണ്ണോടിക്കാം.

 

ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ്
വെറും കാര്‍ഡ്ബോര്‍ഡോ പ്ളാസ്റ്റിക്കോ കൊണ്ടുണ്ടാക്കിയ ഗൂഗിളിന്‍െറ വിആര്‍ ഹെഡ്സെറ്റിന് ഓണ്‍ലൈന്‍ സൈറ്റായ ആമസോണില്‍ 180 രൂപ മാത്രമാണ് വില. മൊബൈല്‍ ഹെഡ്സെറ്റ് വിഭാഗത്തില്‍പെട്ട ഇത് സ്മാര്‍ട്ട്ഫോണിനൊപ്പമാണ് പ്രവര്‍ത്തിക്കുക. ഇതിലെ ലെന്‍സുകള്‍ സ്മാര്‍ട്ട്്ഫോണ്‍ ഡിസ്പ്ളേയെ രണ്ടാക്കി വിര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങളാക്കി തരും. ഇതിനായി ഫോണില്‍ കാര്‍ഡ്ബോര്‍ഡ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. വലതുവശത്തുള്ള കാന്ത സ്വിച്ച് മാത്രമാണ് ഏക മെക്കാനിക്കല്‍ ഭാഗം. കളിപ്പാട്ട കമ്പനി മാറ്റല്‍ പുറത്തിറക്കിയ മാറ്റല്‍ വിആര്‍ വ്യൂമാസ്റ്ററും കാര്‍ഡ്ബോര്‍ഡിന്‍െറ സവിശേഷതകളുള്ള ഹെഡ്സെറ്റാണ്. 

എച്ച്.ടി.സി വൈവ്
ടെതേര്‍ഡ് വിഭാഗത്തില്‍പെട്ട എച്ച്.ടി.സി വൈവ് വിര്‍ച്വല്‍ റിയാലിറ്റി സിസ്റ്റം ഹെഡ്സെറ്റ്, രണ്ട് മോഷന്‍ കണ്‍ട്രോളറുകള്‍, ഹെഡ്സെറ്റുമായി ചേര്‍ന്ന് വയര്‍ലസായി പ്രവര്‍ത്തിക്കുന്ന രണ്ട് ബേസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്. പി.സിയുമായി ബന്ധിപ്പിച്ചാല്‍ വിര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങളും ഗെയിമും നടന്നുകൊണ്ടും ആസ്വദിക്കാം. അവയുമായി സംവദിക്കാനും കഴിയും. സഞ്ചരിക്കുമ്പോള്‍ ഗെയിം കളിക്കാനും കഴിവേകുന്നതാണ് മോഷന്‍ കണ്‍ട്രോളറുകള്‍. 360 ഡിഗ്രി മോഷന്‍ ട്രാക്കറുകളും 32 ഹെഡ്സെറ്റ് സെന്‍സറുകളുമുണ്ട്. ഡിസ്പ്ളേയിലെ ദൃശ്യങ്ങള്‍ക്കൊപ്പം മുന്നിലെ കാമറ പരിസരവും ഒരുമിച്ച് കാട്ടിത്തരും. അതിനാല്‍ ഇത് തലയില്‍ വെച്ച് നടക്കാന്‍ സൗകര്യപ്രദമാണ്. തയ്വാന്‍ കമ്പനി എച്ച്ടിസിയും സ്ട്രീം വിആര്‍ എന്ന ഹെഡ്സെറ്റ് ഇറക്കിയ വാല്‍വ് കോര്‍പറേഷനും ചേര്‍ന്നാണ് സൃഷ്ടിച്ചത്. ഇതിന്‍െറ പ്രാഥമിക രൂപം മാത്രമാണ് ഇപ്പോള്‍ ലഭ്യം. ഈ വര്‍ഷം ഏപ്രിലില്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് സൂചന. ഫെബ്രുവരി 29 മുതല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ തുടങ്ങിയിട്ടുണ്ട്. ഏകദേശം 50,000 രൂപയാണ് വില. 

എല്‍ജി 360 വിആര്‍
കൊറിയന്‍ കമ്പനി എല്‍ജി ആദ്യം ഗൂഗിള്‍ വിആര്‍ ഹെഡ്സെറ്റായ കാര്‍ഡ്ബോര്‍ഡിനെ പോലുള്ള ‘എല്‍ജി വിആര്‍’ എന്ന വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റാണ് രംഗത്തിറക്കിയത്. 2014ല്‍ ഇറങ്ങിയ ജിത്രീ സ്മാര്‍ട്ട്ഫോണിനൊപ്പമാണ് ഇത് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഈവര്‍ഷമിറങ്ങിയ എല്‍ജി ജി5 സ്മാര്‍ട്ട്ഫോണിനൊപ്പം കൂട്ടുചേരുന്നതാണ് പുതിയ എല്‍ജി 360 വിആര്‍ ഹെഡ്സെറ്റ്. എന്നാല്‍ ഹെഡ്സെറ്റിന്‍െറ മുന്നില്‍ സ്മാര്‍ട്ട്ഫോണ്‍ തിരുകിവെക്കുന്നതിന് പകരം യുഎസ്ബി ടൈപ്പ് സി കേബ്ള്‍  വഴി കണ്ക്ട് ചെയ്യണം. ഹെഡ്സെറ്റിലുള്ള ഡിസ്പ്ളേയില്‍ സ്മാര്‍ട്ട്ഫോണിലെ ദൃശ്യങ്ങള്‍ അതേപടി കാണാം. 118 ഗ്രാമാണ് ഭാരം. ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് കണ്ടന്‍റുകള്‍ക്കൊപ്പം 360 ഡിഗ്രി ദൃശ്യങ്ങളും അനുഭവവേദ്യമാക്കിത്തരും. സെന്‍സറുകള്‍ ഉള്ളതിനാല്‍ കണ്ണില്‍വെച്ചാല്‍ ഡിസ്പ്ളേ ഓണാവും. എടുത്താല്‍ ഓഫാവും. രണ്ടുമീറ്റര്‍ അകലെയിരുന്ന്  130 ഇഞ്ച് വലിപ്പമുള്ള ടി.വി കാണുന്നപോലെയാണ് ഈ ഹെഡ്സെറ്റിലെ കാഴ്ചയെന്നാണ് എല്‍ജി അവകാശപ്പെടുന്നത്. ചാര്‍ജ് സ്മാര്‍ട്ട്ഫോണില്‍ നിന്നാണെടുക്കുന്നത്.  ജി5 സ്മാര്‍ട്ട്ഫോണിനൊപ്പം മാത്രമേ ഈ ഹെഡ്സെറ്റ് പ്രവര്‍ത്തിക്കൂവെന്നതാണ് പോരായ്മ. 

ഒക്കുലസ് റിഫ്റ്റ്
രണ്ടുവര്‍ഷം മുമ്പ് ഫേസ്ബുക്ക് ഏറ്റെടുത്ത ഒക്കുലസ് വിആര്‍ ആണ് ഒക്കുലസ് റിഫ്റ്റ് എന്ന വിആര്‍ ഹെഡ്സെറ്റ് ഉല്‍പാദിപ്പിക്കുന്നത്. വിപണിയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും മികച്ച വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റാണിത്. ഏകദേശം 40,000 രൂപയാകും വില. എന്നാല്‍ ഇത് പ്രവര്‍ത്തിക്കാന്‍ നല്ല ശേഷിയുള്ള കമ്പ്യൂട്ടറുകള്‍ വേണം. അഞ്ചുവര്‍ഷത്തോളമായി വിആര്‍ ഹെഡ്സെറ്റ് കിറ്റുകളുമായി ഒക്കുലസ് രംഗത്തുണ്ട്. അമേരിക്കക്കാരനായ പാല്‍മര്‍ ലക്കി എന്ന 23കാരനാണ് കിക്ക്സ്റ്റാര്‍ട്ടര്‍ വഴി തുക സ്വരൂപിച്ച് ഈ ഹെഡ്സെറ്റ് നിര്‍മിച്ചത്. ഈവര്‍ഷം രണ്ടാംപാദത്തില്‍ ഹെഡ്സെറ്റുകള്‍ വിപണിയില്‍ ഇറക്കും. ത്രീഡി ശബ്ദസംവിധാനം ലഭിക്കാന്‍ സംയോജിത ഹെഡ്ഫോണുകളുണ്ട്. റൊട്ടേഷന്‍, പൊസിഷന്‍ ട്രാക്കിങ്ങുകളുണ്ട്. നടക്കുകയോ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ യുഎസ്ബി സ്റ്റേഷനറി ഇന്‍ഫ്രാറെഡ് സെന്‍സര്‍ ആണ് പൊസിഷന്‍ ട്രാക്കിങ്ങിന് സഹായിക്കുക. 110 ഡിഗ്രി കാഴ്ചയാണ് സമ്മാനിക്കുക. 470 ഗ്രാമാണ് ഭാരം. 

സാംസങ് ഗിയര്‍ വിആര്‍
ഈയിടെ ഇറങ്ങിയ സാംസങ് ഗ്യാലക്സി എസ്7നൊപ്പമാണ് ഗിയര്‍ വിആര്‍ ഹെഡ്സെറ്റ് പ്രവര്‍ത്തിക്കുക. ഏകദേശം 7000 രൂപയാണ് വില. ഒക്കുലസുമായി ചേര്‍ന്നാണ് ഇതിന്‍െറ സോഫ്റ്റ്വെയര്‍ തയാറാക്കിയിരിക്കുന്നത്. അണിയാന്‍ സൗകര്യപ്രദമായ ഈ ഹെഡ്സെറ്റില്‍ തന്നെ കണ്‍ട്രോളുകളുണ്ട്. ധാരാളം ആപ്പുകളും ഗെയിമുകളുമുണ്ട്. നെറ്റ്ഫ്ളിക്സ് അടക്കമുള്ള സ്ട്രീമിങ് വീഡിയോ സേവനങ്ങളും കാണാം. 

പ്ളേസ്റ്റേഷന്‍ വിആര്‍
ഗെയിം കളിക്കുന്ന സോണി പ്ളേസ്റ്റേഷന്‍ 4 ഗെയിം കണ്‍സോളിനൊപ്പമാണ് സോണിയുടെ പ്ളേസ്റ്റേഷന്‍ വിആര്‍ പ്രവര്‍ത്തിക്കുക. ഇപ്പോള്‍ പ്രാഥമിക രൂപം മാത്രമേ ആയിട്ടുള്ളൂ. ഈവര്‍ഷം തന്നെ വിപണിയില്‍ ഇറങ്ങുമെന്നാണ് സൂചന. പ്ളേസ്റ്റേഷനുവേണ്ടിയുള്ള 3.5 അപ്ഡേഷന്‍ വിആര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതാണ്. 1920 x 1080 പിക്സല്‍ റസലൂഷനുള്ള 5.7 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ളേയാണ് ഇതിന്. ഓരോ കണ്ണിലും 960 x 1080 പിക്സല്‍ റസലൂഷനുള്ള കാഴ്ചയാണ് സമ്മാനിക്കുക. 100 ഡിഗ്രി കാഴ്ചയാണ് അനുഭവവേദ്യമാക്കുക. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ഉപയോഗിക്കരുതെന്നാണ് സോണി മുന്നറിയിപ്പ് നല്‍കുന്നത്. 

സെബ് വിആര്‍
ഇന്ത്യന്‍ കമ്പനി സെബ്രോണിക്സും വിആര്‍ വിപ്ളത്തിനൊപ്പം അണിചേര്‍ന്നു. സെബ്രോണിക്സ് ZEBVR ഹെഡ്സെറ്റാണ് കമ്പനി പുറത്തിറക്കിയത്. 1,600 രൂപയാണ് വില. പ്രവര്‍ത്തിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ വേണം. ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യണം. സ്നാപ്ഡീല്‍ വഴി മാത്രമാണ് വില്‍പന. സ്മാര്‍ട്ട്ഫോണ്‍ ഹെഡ്സെറ്റില്‍ തിരുകിവെക്കണം. മാഗ്നറ്റിക് ടോഗിള്‍ സ്വിച്ച് മൊബൈല്‍ ഫോണിലെ വിആര്‍ ആപ്ളിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കും. ഗെയിം, വിദ്യാഭ്യാസം, മെഡിക്കല്‍ ആപ്പുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virtual realityvr theatrevr headsets
Next Story