കള്ളനും കുടുങ്ങും, ഹ്യൂ മോഷന്‍ സെന്‍സറുണ്ടെങ്കില്‍!
text_fieldsലൈറ്റിടാന്‍ എഴുന്നേറ്റ് സ്വിച്ച് ബോര്‍ഡിനടുത്തേക്ക് ചെല്ളേണ്ട, രാത്രിയില്‍ ലൈറ്റിടാന്‍ തപ്പിത്തടയേണ്ട. വീടുകളിലെ ലൈറ്റുകള്‍ നിയന്ത്രിക്കാന്‍ ഇനി സ്വിച്ചും വേണ്ട. കള്ളന്മാരെയും പേടിക്കേണ്ട. എല്ലാം ഫിലിപ്സിന്‍െറ ഹ്യൂ മോഷന്‍ സെന്‍സര്‍ (Philips Hue Motion Sensor) എന്ന ചെറുചതുരപ്പെട്ടി പോലുള്ള ഉപകരണത്തിന് വിട്ടാല്‍മതി. യു.എസില്‍ പുറത്തിറക്കിയ ഇത് ഒക്ടോബറില്‍ വിപണിയില്‍ എത്തും. 40 ഡോളര്‍ (ഏകദേശം 2,600 രൂപ) ആണ് വില. ഇതിന് സാധാരണ ബള്‍ബുകള്‍ പോരാ, സ്മാര്‍ട്ട് ബള്‍ബുകള്‍ വേണം. നേരത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന പല നിറങ്ങളില്‍ പ്രകാശിക്കുന്ന ഹ്യൂ സ്മാര്‍ട്ട് ബള്‍ബുകള്‍ പുറത്തിറക്കി ഫിലിപ്സ് കഴിവ് തെളിയിച്ചിട്ടുണ്ട്.
ബള്‍ബ് സ്വിച്ച് ഓണ്‍ ആക്കാനോ, ഓഫ് ആക്കാനോ ഉണ്ടെങ്കില്‍ ഉപയോക്താവിന്‍െറ ചലനം തിരിച്ചറിഞ്ഞ് വേണ്ട ജോലി മോഷന്‍ സെന്‍സര്‍ ചെയ്യും. നമ്മള്‍ മുറിയിലേക്ക് കയറിയാല്‍ ഉടന്‍ ലൈറ്റുകള്‍ ഓണാകും. വീട്ടിലെവിടെയും ഘടിപ്പിക്കാം. 16 അടി വരെയും 100 ഡിഗ്രി ആംഗിളിലും സെന്‍സര്‍ പരിധിയുണ്ട്. ഇനി നിയന്ത്രണം ഇഷ്ടത്തിനുമാക്കാം. ബാത്ത്റൂമിലെ മാത്രം ലൈറ്റുകള്‍, ബാത്ത്റൂമിലെയും ഹാളിലെയും ലൈറ്റുകള്‍ എന്നിങ്ങനെ പരമാവധി രണ്ടിടത്തെ ലൈറ്റുകള്‍ ഇഷ്ടം പോലെ നിയന്ത്രിക്കാനാകും. ഒന്നിലധിം സെന്‍സറുകള്‍ സ്ഥാപിച്ചാല്‍ വീട് മുഴുവനും നിയന്ത്രണത്തിലാക്കാന്‍ കഴിയും. ലൈറ്റ് ഓണാകാനും ഓഫാകാനും പ്രത്യേക സമയവും നല്‍കാം. ഓരോ മുറിയിലും സമയംവെച്ച് നിയന്ത്രിക്കാം. ആളനക്കമില്ളെങ്കില്‍ സമയം കഴിയുമ്പോള്‍ തനിയെ ലൈറ്റുകള്‍ ഓഫാകും.
രാത്രി ചെറിയ വെട്ടം മതിയെങ്കില്‍ പ്രകാശം കുറക്കാനും സൗകര്യമുണ്ട്. ഓഫാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കാന്‍ ബള്‍ബുകള്‍ മിന്നിത്തെളിയും. രാത്രിയും പകലും തിരിച്ചറിഞ്ഞ് ലൈറ്റുകള്‍ ഓഫാക്കുന്നതിനാല്‍ വൈദ്യുതി ലാഭിക്കാനും കഴിയും. സെന്‍സര്‍ നിയന്ത്രിക്കാന്‍ ഹ്യൂ സ്മാര്‍ട്ട്ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണം. വൈ ഫൈ വഴിയാണ് പ്രവര്‍ത്തനം. രണ്ട് AAA ബാറ്ററിയാണ് ഊര്‍ജമേകുന്നത്. മൂന്നുവര്‍ഷം ബാറ്ററി നില്‍ക്കും. വെള്ള പ്രകാശത്തിന്‍െറ വിവിധ തലങ്ങളിലുള്ള വൈറ്റ് ആംബിയന്‍സ് ബള്‍ബുകളും ഫിലിപ്സ് പുറത്തിറക്കിയിട്ടുണ്ട്. ഹ്യൂ സ്മാര്‍ട്ട് ബള്‍ബുകളേക്കാള്‍ ഇതിന് വില കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.