ഡിസ്പ്ലേ പ്രശ്നമറിഞ്ഞിട്ടും ആപ്പിൾ മാക്ബുക്കുകൾ വിറ്റെന്ന് യു.എസ് ജഡ്ജി
text_fieldsഡിസ്പ്ലേയ്ക്ക് തകരാറുണ്ടെന്ന് ബോധ്യമുണ്ടായിട്ടും ആപ്പിൾ മാക്ബുക്കുകൾ വിറ്റഴിച്ചെന്ന വെളിപ്പെടുത്തലുമായി യു.എസ് ജില്ലാ ജഡ്ജി എഡ്വാർഡ് ഡാവില്ല. 2016, 2017 മാക്ബുക്ക് പ്രോ മോഡലുകൾക്ക് ഡിസ്പ്ലേയ്ക്ക് പ്രശ്നമുള്ളതായി 2019ൽ നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. മാക്ബുക്ക് ലാപ്ടോപ്പിന്റെ ഡിസ്പ്ലേയിൽ സ്റ്റേജ് ലൈറ്റിങ് എഫക്ടാണ് യൂസർമാർ റിപ്പോർട്ട് ചെയ്തത്.
ലാപ്ടോപ്പുകൾ ഉപയോഗശൂന്യമാക്കാൻ പാകത്തിലുള്ള വലിയ തകരാറാണ് അത് വരുത്തിവെക്കുക. നിരന്തര ഉപയോഗം മൂലം ഫ്ലെക്സ് കേബിളുകൾക്ക് തേയ്മാനം വരുന്നതോടെയാണ് ഡിസ്പ്ലേയിൽ 'ഡാർക് സ്പോട്ടുകൾ' കണ്ടുതുടങ്ങുന്നതെന്നാണ് റിപ്പോർട്ട്. ആപ്പിൾ അറിഞ്ഞുകൊണ്ട് തകരാറുള്ള ലാപ്ടോപ്പുകൾ വിൽക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം ഉപഭോക്താക്കൾ 2019ൽ സമർപ്പിച്ച കേസിൽ അധ്യക്ഷനായ ജഡ്ജി പ്രീ-റിലീസ് പരിശോധനയിൽ ഈ പ്രശ്നത്തെക്കുറിച്ച് ആപ്പിളിന് മുന്നറിയിപ്പ് നൽകാമായിരുന്നു എന്ന് വ്യക്തമാക്കി.
ജില്ലാ ജഡ്ജി വാദികളുടെ പക്ഷത്താണ് നിലകൊണ്ടത്. ലാപ്ടോപ്പുകൾ റിലീസ് ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയിൽ അപകാതയുമായി ബന്ധപ്പെട്ട റിപ്പോർട്ട് എൻജിനീയർമാരെ ആപ്പിളിനെ അറിയിച്ചിരിക്കാമെന്ന് പരാതിക്കാർ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ, പ്രശ്നമറിഞ്ഞിട്ടും കമ്പനി ലാപ്ടോപ്പുകൾ വിറ്റെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടുന്നത്. മാക്ബുക്ക് ഉടമകളുടെ പരാതികളിലുള്ള ആരോപണങ്ങളും അതോടൊപ്പം പ്രീ-റിലീസ് ടെസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും ആപ്പിളിന് അപാകതയെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമാണെന്നും കോടതി കണ്ടെത്തി.
അതേസമയം, ഡിസ്പ്ലേ കേബിളുകളിൽ ഏതെങ്കിലും വിധത്തിലുള്ള തകരാറുണ്ടെന്ന കാര്യം ആപ്പിൾ നിഷേധിക്കുന്നത് തുടരുകയാണെന്നും ഫ്ലെക്സ് ഗേറ്റുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കമ്പനി മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാരിൽ ഒരാളായ മഹാൻ തലേഷ്പൗർ പറഞ്ഞു. ആപ്പിൾ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള സപ്പോർട്ട് കമ്യൂണിറ്റിയിൽ നിന്നും മനഃപ്പൂർവ്വം പല പോസ്റ്റുകളും ആപ്പിൾ നീക്കം ചെയ്യുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.