കൗണ്ട് ഡൗണ്‍ തുടങ്ങി; ആര്‍.എല്‍.വി ഇന്ന് രാവിലെ കുതിക്കും
text_fieldsബംഗളൂരു: ബഹിരാകാശ ഗവേഷണരംഗത്തെ പുതിയ നേട്ടത്തിലേക്ക് ഇന്ത്യയുടെ സ്വന്തം പുനരുപയോഗ വിക്ഷേപണ വാഹനം (ആര്‍.എല്‍.വി-ടി.ഡി) തിങ്കളാഴ്ച പരീക്ഷണക്കുതിപ്പ് നടത്തും. രാവിലെ 9.30നാണ് വിക്ഷേപണം. എന്നാല്‍, കാലാവസ്ഥയിലെ മാറ്റവും കാറ്റിന്‍െറ ഗതിയും കണക്കിലെടുത്ത് രണ്ടുമണിക്കൂര്‍ നേരത്തേയാകാനും സാധ്യതയുണ്ടെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. റോക്കറ്റിന്‍െറ കൗണ്ട് ഡൗണ്‍ ഞായറാഴ്ച രാത്രി ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്നാണ് വിക്ഷേപണം. ഭൂമിയില്‍നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ച് വാഹനം സുരക്ഷിതമായി തിരിച്ചിറക്കുന്ന പരീക്ഷണമാണ് നടക്കുക.
ബഹിരാകാശ വിമാനം, –പുനരുപയോഗ വിക്ഷേപണ റോക്കറ്റ്, സ്പേസ് ഷട്ട്ല്‍ എന്നിങ്ങനെ വിശേഷണമുള്ള ആര്‍.എല്‍.വി-ടി.ഡി (റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ള്‍-ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ ) മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഉതകുന്ന ഇന്ത്യന്‍ പരീക്ഷണത്തിന്‍െറ ആദ്യ ശ്രമം കൂടിയാണ്. ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റിനെ ഖര ഇന്ധനമുള്ള ബൂസ്റ്റര്‍ എന്‍ജിന്‍ 70 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കും. തുടര്‍ന്ന്, ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് ഭൂമിയിലേക്ക് മടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ 500 കിലോമീറ്റര്‍ അകലെയുള്ള സാങ്കല്‍പിക റണ്‍വേയിലാകും തിരിച്ചിറക്കം.
6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ള ചെറുമാതൃകയാണ് പരീക്ഷണാര്‍ഥം വിക്ഷേപിക്കുന്നത്. മറ്റു റോക്കറ്റുകളില്‍നിന്ന് വ്യത്യസ്തമായി ചിറകുള്ള രൂപഘടനയാണ് ഇതിന്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിലാണ് ആര്‍.എല്‍.വിയുടെ ഭൂരിഭാഗവും നിര്‍മിച്ചത്. 95 കോടിരൂപയാണ് ചെലവ്.
താപം, മര്‍ദം, വേഗം തുടങ്ങിയവ അറിയാന്‍ ആയിരത്തോളം സെന്‍സറുകള്‍ വിമാനത്തിലുണ്ട്. ഇവയുടെ പരീക്ഷണവും ഇതിനോടൊപ്പമുണ്ടാകും. ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് പരീക്ഷണ വിക്ഷേപണത്തില്‍ വിമാനത്തെ നിയന്ത്രിക്കുക. ശബ്ദത്തിന്‍െറ അഞ്ച് മടങ്ങ് വേഗത്തിലാണ് വിമാനം സഞ്ചരിക്കുക. സാങ്കേതികവിദ്യ അതിനൂതനമായതിനാല്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. ശിവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഖരരൂപത്തില്‍ പ്രത്യേകം തയാറാക്കിയ ഇന്ധനം ഉപയോഗിച്ചുള്ള ബൂസ്റ്റര്‍ മോട്ടോറാണ് പരീക്ഷണ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. അമേരിക്കയിലെ സ്വകാര്യ കമ്പനി ഇത്തരത്തില്‍ പരീക്ഷണം നടത്തി വിജയിച്ചിരുന്നു.
വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശവാഹന നിര്‍മാണത്തിന്‍െറ ആദ്യഘട്ടം ഇന്ത്യ മറികടക്കും. കഴിഞ്ഞ ഏപ്രില്‍ 28ന് രാജ്യത്തിന്‍െറ ഗതിനിര്‍ണയ സംവിധാനത്തിലെ ഏഴാം ഉപഗ്രഹം (ഐ.ആര്‍.എന്‍.എസ്.എസ് -1 ജി) വിജയകരമായി വിക്ഷേപിച്ച് രാജ്യം ലോകശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.