60 വർഷത്തിനിടെ 40 ശതമാനം ചാന്ദ്രദൗത്യങ്ങളും പരാജയപ്പെട്ടു -നാസ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ നടന്ന ചാന്ദ്ര ദൗത്യങ്ങളിൽ 60 ശതമാനവും പരാജയപ്പെട്ടുവെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ മൂൺ ഫാക്ട് ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ 109 ചാന്ദ്രദൗത്യങ്ങളാണ് നടന്നത്. ഇതിൽ 60 എണ്ണം വിജയിച്ചപ്പോൾ 48 എണ്ണം പരാജയപ്പെട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
1958 മുതൽ 2019 വരെയുള്ള കാലയളവിൽ യു.എസ്, സോവിയറ്റ് യൂണിയൻ, യുറോപ്യൻ യൂണിയൻ, ചൈന, ഇസ്രായേൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ചാന്ദ്രദൗത്യം നടത്തിയിട്ടുണ്ട്. 1958 ആഗസ്റ്റ് 17ന് യു.എസായിരുന്നു ആദ്യ ചാന്ദ്രദൗത്യം നടത്തിയത്. എന്നാൽ, ഇത് പരാജയമായി.
1959 ജനുവരി നാലിന് സോവിയറ്റ് യൂണിയൻ നടത്തിയ ലൂണ-1 ദൗത്യമാണ് ആദ്യമായി വിജയിച്ചത്. ആറ് പരാജയങ്ങൾക്ക് ശേഷമായിരുന്നു ഒരു ചാന്ദ്ര ദൗത്യം വിജയിക്കുന്നത്. 1958 ആഗസ്റ്റ് മുതൽ 1959 നവംബർ വരെ സോവിയറ്റ് യൂണിയനും യു.എസും 14 ദൗത്യങ്ങൾ നടത്തി. ഇതിൽ ലൂണ -1, ലൂണ -2, ലൂണ-3 എന്നിവയാണ് വിജയിച്ച ദൗത്യങ്ങൾ. ഇത് മൂന്നും സോവിയറ്റ് യൂണിയനാണ് വിക്ഷേപിച്ചത്. യു.എസിൻെറ റേഞ്ചർ 7 മിഷനാണ് ചന്ദ്രൻെറ അടുത്തുള്ള ദൃശ്യങ്ങൾ ആദ്യമായി പകർത്തിയത്. ആദ്യമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് 1966 ജനുവരിയിൽ യു.എസ്.എസ്.ആറിൻെറ ദൗത്യമായ ലൂണ 9 ആയിരുന്നു. 1996 മെയിൽ അമേരിക്കയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.
ചാന്ദ്ര ദൗത്യങ്ങളിലെ നിർണായകമായ കാൽവെപ്പായിരുന്നു അപ്പോളോ-11 ദൗത്യം. നീൽ ആംസ്ട്രോങ്ങിൻെറ നേതൃത്വത്തിൽ മൂന്ന് അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞർ ചന്ദ്രനിൽ ഇറങ്ങി. 2009നും 2019നും ഇടയിൽ യു.എസ്, ഇന്ത്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളാണ് ചാന്ദ്രദൗത്യം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.