10 ലക്ഷത്തോളം വിലവരുന്ന ഭീമൻ ആമയെ ചെന്നൈയിലെ പാർക്കിൽ വെച്ച് കാണാതായി; മോഷണമെന്ന് സംശയം
text_fieldsചെന്നൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ആമകളിൽ രണ്ടാമനായ അൽദാബ്രാ ആമയെ തമിഴ്നാട്ടിലെ മഹാബലിപുരത്തുള്ള മുതല പാർക്കിൽ വെച്ച് കാണാതായി. 80 മുതൽ 100 കിലോ വരെ തൂക്കമുള്ള ഇൗ അപൂർവ്വ ഇനത്തിൽ പെട്ട ആമയ്ക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ 10 ലക്ഷത്തിലധികം രൂപ വിലയുണ്ട്. ആമ മോഷണം പോയതാണെന്നാണ് പാർക്ക് അധികൃതരുടെ പ്രാഥമിക നിഗമനം.
ആറ് ആഴ്ച മുമ്പ് മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് സെൻറർ ഫോർ ഹെർപ്പറ്റോളജിയിൽ വെച്ചാണ് ആമയെ കാണാതായത്. എന്നാൽ ഇപ്പോഴാണ് അധികൃതർ സംഭവം പരസ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മോഷണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിനുള്ളിലെ ആരോ ചെയ്തതാണെന്നാണ് പൊലീസ് കണക്കാക്കുന്നത്. പാർക്കിലെ ജീവനക്കാരെ ഇക്കാര്യത്തിൽ ചോദ്യം ചെയ്തുവരികയാണ്.
മോഷണം നടന്നത് നവംബർ 11, 12 തീയതികളിലായിട്ടാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആമയുടെ ശരീര ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ ഗുണങ്ങളായിരിക്കാം മോഷണത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കി. 'ഭീമൻ ആമയുടെ ചുറ്റുവട്ടത്ത് സിസിടിവികളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ അർദ്ധരാത്രിയിൽ പാർക്കിന് പുറത്ത് ചില നീക്കങ്ങൾ നടന്നത് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച ചില സുപ്രധാന ലീഡുകളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പാർക്കിനകത്തുള്ള ആർക്കോ ഇതിൽ പങ്കുണ്ടെന്നും സംശയിക്കുന്നുണ്ട്'. -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുന്ദരവതനം എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കരയാമകളിൽ ഒന്നാണ് അൽദാബ്ര ആമകൾ. 150 വയസ്സ് വരെ ജീവിക്കുന്ന ഇത്തരം ആമകൾക്ക് പരമാവധി 550 പൗണ്ട് വരെ തൂക്കമുണ്ടാകും. അൽദാബ്ര ദ്വീപാണ് ഇവയുടെ സ്വദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.