ഗൊറില്ലകൾക്ക് കോവിഡ്; യു.എസ് മൃഗശാലയിലെ കുരങ്ങൻമാർക്ക് വാക്സിൻ നൽകി
text_fieldsയു.എസിലെ പ്രശസ്തമായ സാൻഡിയേഗോ മൃഗശാലയിലെ ഒമ്പത് ആൾകുരങ്ങുകൾക്ക് കോവിഡ് വാക്സിൻ നൽകി. മൃഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക കോവിഡ് വാക്സിനാണ് നാല് ഒറാങ്ങുട്ടാനുകൾക്കും അഞ്ച് ബൊനോബോ കുരങ്ങുകൾക്കുമായി കുത്തിവെച്ചത്. ഇതോടെ അവർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നേടിയ ലോകത്തെ ആദ്യത്തെ മനുഷ്യേതര ജീവികളായി മാറി ചരിത്രം കുറിക്കുകയും ചെയ്തു.
വാക്സിൻ സ്വീകരിച്ച കുരങ്ങൻമാരിൽ സുമാത്രൻ ഒറാങ്ങുട്ടനായ 'കാരൻ' നേരത്തെ തന്നെ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. ലോകത്തിൽ വെച്ച് ആദ്യമായി തുറന്ന ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ (1994ൽ ) കുരങ്ങനായിരുന്നു കാരൻ. ഇപ്പോൾ കാരന് 28 വയസുണ്ട്. നായകൾക്കും പൂച്ചകൾക്കും കുത്തിവെക്കാനായി വികസിപ്പിച്ചെടുത്ത വാക്സിന്റെ രണ്ട് ഡോസുകൾ വീതമാണ് കുരങ്ങൻമാർ സ്വീകരിച്ചത്. ഒമ്പതുപേരിലും വാക്സിൻ കുത്തിവെച്ചതിന്‍റെ പാർശ്വഫലങ്ങൾ ദൃശ്യമായിട്ടില്ലെന്നും എല്ലാവരും സുഖമായിരിക്കുകയാണെന്നും സാൻഡിയേഗോ മൃഗശാലയുടെ വക്താവ് ഡാർല ഡേവിസ് അറിയിച്ചു.
ജനുവരിയിൽ മൃഗശാലയിലെ എട്ട് ഗൊറില്ലകൾ കോവിഡ് രോഗബാധിതരായത് അധികൃതരെ പരിഭ്രാന്തരാക്കിയിരുന്നു. അതിന് പിന്നാലെയാണ് കോവിഡ് വാക്സിൻ കുത്തിവെക്കാനുള്ള അടിയന്തിര തീരുമാനമെടുത്തത്. 48 വയസുള്ള ഒരു ആൺ ഗൊറില്ലക്കടക്കം എട്ടുപേർക്കും ന്യുമോണിയയും ഹൃദ്യോഗവും സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്കകം ആരോഗ്യ സ്ഥിതി ഭേദപ്പെട്ട കുരങ്ങൻമാർ ഇപ്പോൾ പൂർണ്ണമായും രോഗമുക്തരായിട്ടുണ്ടെന്നും മൃഗശാല വക്താവ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഗൊറില്ലകളെ വാക്സിനേഷൻ ചെയ്തിട്ടില്ല. അവരുടെ രോഗപ്രതിരോധ ശേഷി ഇതിനകം തന്നെ വൈറസിന് ആന്‍റിബോഡികൾ വികസിപ്പിച്ചെടുത്തതായി അധികൃതർ വിശദീകരിച്ചു. രോഗലക്ഷണമില്ലാത്ത ഒരു സ്റ്റാഫ് അംഗത്തിൽ നിന്നാണ് ഗൊറില്ലകൾക്ക് രോഗം പിടിപെട്ടതെന്നാണ് കരുതപ്പെടുന്നത്. ഒറാങ്ങുട്ടൻമാരും ബൊനോബോ കുരങ്ങൻമാരും വൈറസ് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള കുരങ്ങൻമാരായതിനാലാണ് അവർക്ക് വാക്സിൻ കുത്തിവെച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.