ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം നാല് യാത്രികർ തിരികെയെത്തി
text_fieldsന്യൂയോർക്: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ (ഐ.എസ്.എസ്) ആറ് മാസത്തെ താമസത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരികെയെത്തി. സ്പേസ് എക്സ് ക്രൂ ഡ്രാഗൺ കാപ്സ്യൂളിൽ ഫ്ലോറിഡ തീരത്താണ് ഇവർ സുരക്ഷിതരായി ഇറങ്ങിയത്.
നാസയുടെ ഷെയ്ന്‍ കിംബ്രോ, മെഗന്‍ മക്ആര്‍തര്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയില്‍ നിന്നുള്ള ഫ്രഞ്ച് ബഹിരാകാശ ഗവേഷകന്‍ തോമസ് പെസ്‌ക്വെറ്റ്, ജപ്പാന്‍റെ അകിഹികോ ഹോഷിഡെ എന്നിവരാണ് തിരികെയെത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവർ ബഹിരാകാശ കേന്ദ്രത്തിലെത്തിയത്.
ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിച്ച സ്പേസ് എക്സ് പേടകത്തിനുള്ളിൽ നിന്നും യാത്രികരെ കാത്തിരുന്ന റെസ്ക്യൂ ഷിപ്പുകൾ സുരക്ഷിതമായി തീരത്തെത്തിച്ചു. പേടകവും തിരികെയെത്തിച്ചു.
ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനിടെ നിരവധി പരീക്ഷണങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിരുന്നു. ബഹിരാകാശത്ത് ആദ്യമായി ചിലി പെപ്പർ വളർത്തുന്ന പരീക്ഷണവും ഇവർ നടത്തിയിരുന്നു.
ഭൂമിയിൽ നിന്നും 300ലേറെ കിലോമീറ്ററുകൾ അകലെയായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്). യു.എസ്, റഷ്യ, ജപ്പാൻ, കാനഡ, തുടങ്ങിയ രാജ്യങ്ങളിലെയും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. നാസയാണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.
നാല് പേർ തിരികെയെത്തിയതോടെ നിലവിൽ മൂന്ന് പേരാണ് ബഹിരാകാശ നിലയത്തിൽ അവശേഷിക്കുന്നത്. ആന്‍റൺ ഷാകെപ്ലെറോവ്, മാർക് വാൻഡെ ഹെയ്, പ്യോട്ടർ ദുബ്രോ എന്നിവരാണ് ഐ.എസ്.എസിൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.