ശനിയുടെ ഉപഗ്രഹത്തിൽ ജീവെൻറ തുടിപ്പിന് സാധ്യത
text_fieldsവാഷിങ്ടൺ: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽനിന്ന് ശാസ്ത്രലോകത്തിനു മുന്നിൽ എത്തിയത് ജീവെൻറ തെളിവുകൾ. മഞ്ഞുപാളികൾ നിറഞ്ഞ എൻസൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളിൽ ജീവൻ നിലനിർത്താനുള്ള ഘടകങ്ങൾ ഉണ്ടെന്നു വ്യക്തമായി. ഭൂമിയിലേതിനു സമാനമായി ജീവെൻറ തുടിപ്പിനുള്ള എല്ലാ ഘടകങ്ങളും എൻസൈലദുസിൽ ഉണ്ട്. നാസയുടെ പേടകം ‘കാസിനി’യാണ് ആകാംക്ഷയോടെ കാത്തിരുന്ന ഗവേഷകർക്കു മുന്നിൽ തെളിവുകൾ എത്തിച്ചത്. ‘ഞെട്ടിത്തരിച്ചുപോയ കണ്ടെത്തൽ’ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. എൻസൈലദുസിെൻറ ഉപരിതലത്തിനുതാഴെ ഒരു സമുദ്രംതന്നെ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം നേരത്തേ ശാസ്ത്രജ്ഞർക്ക് ലഭിച്ചിരുന്നു. രാസപ്രക്രിയയിലൂടെ സമുദ്രത്തിനടിയിൽനിന്ന് വാതകങ്ങൾ പുറന്തള്ളപ്പെടുന്നുമുണ്ട്. ഹൈഡ്രജൻ, മീഥെയ്ൻ തുടങ്ങിയ വാതകങ്ങളിൽനിന്നാണ് ‘കാസിനിക്ക്’ നിർണായക തെളിവുകൾ കിട്ടിയത്. ശനിയെക്കുറിച്ചുള്ള പഠനത്തിനിടെ പലതവണ അതിെൻറ ഉപഗ്രഹങ്ങളിലൂടെ കാസിനി കടന്നുപോയി. അപ്പോഴെല്ലാം വാതകവും മഞ്ഞുകട്ടയും ശേഖരിച്ചു. ഇത് മാസങ്ങളോളം തുടർന്നു.
1997ൽ അയച്ച പേടകം 2017ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ദൗത്യം ഏതാണ്ട് പൂർത്തിയാക്കി ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവർത്തനം നിലയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കസീനി ഭൂമിയിലേക്ക് വിവരങ്ങൾ അയച്ചത്. എൻസൈലദുസിൽ കാർബൺ സമ്പുഷ്ടമായ വസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. ജീവൻ നിലനിർത്താൻ അനിവാര്യമായ ജൈവവസ്തുക്കളാണ് ഇവയെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഫ്രാങ്ക് പോസ്റ്റ് ബെർഗ് പറഞ്ഞു.‘നേച്ചർ’ ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.