ചന്ദ്രയാൻ 2: വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആർ.ഒ VIDEO
text_fieldsബംഗളൂരു: ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐ.എസ്.ആർ.ഒ. ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമായതായും വിവരങ്ങൾ പരിശോധിക്കുന്നതായും ഐ.എസ്.ആർ.ഒ അറിയിച്ചു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു.
ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയുള്ള ചന്ദ്രയാൻ-രണ്ടിെൻറ വിക്ഷേപണത്തിനു ശേഷം 47 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്ദ്രയാൻ 2 ലാൻഡിങ്ങിന് തയാറെടുത്തത്. അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രനിൽനിന്ന് 35 കിലോമീറ്റർ പരിധിയിലാണ് ലാൻഡറിനെ എത്തിച്ചിരുന്നത്. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മൻസിനസ് സി, സിംപിലിയൻ എൻ ഗർത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാൻഡിങ് തീരുമാനിച്ചിരുന്നത്.
48 ദിവസം നീണ്ട ചന്ദ്രയാൻ 2 ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് പേടകവുമായി ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. മുൻകൂട്ടി നിശ്ചയിച്ചതിനെക്കാൾ 45,475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയതിനാൽ പേടകത്തിന്‍റെ ആദ്യ ഭ്രമണപഥമാറ്റം വേണ്ടെന്ന് വെച്ചിരുന്നു.
ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസം വലംവെച്ച ചന്ദ്രയാൻ 2 അഞ്ച് തവണ ഭ്രമണപഥം വികസിപ്പിച്ചിരുന്നു. ലിക്വിഡ് പ്രൊപൽഷൻ എൻജിൻ ജ്വലിപ്പിച്ചാണ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം പുറത്തു കടന്നത്. ഇതിനിടെ ഭൂമിയെ വലംവെക്കുമ്പോൾ പേടകം പകർത്തിയ ഭൂമിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. തുടർന്ന് ട്രാൻസ് ലൂനാർ ഇൻസെർഷൻ വഴിയാണ് പേടകത്തിന്‍റെ സഞ്ചാരപഥം ചന്ദ്രനിലേക്ക് ഗതിമാറ്റിയത്.
13 ദിവസം ചന്ദ്രനെ വലംവെച്ച ശേഷമാണ് ചന്ദ്രയാൻ 2 പേടകം ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഇതിന് മുന്നോടിയായി അഞ്ചു തവണ ഭ്രമണപഥം ചെറുതാക്കി 100 കിലോമീറ്റർ വൃത്താകൃതിയിലെത്തി. ദൗത്യത്തിന്‍റെ 43ാം ദിവസമായ സെപ്റ്റംബർ രണ്ടിന് ഓർബിറ്ററും വിക്രം ലാൻഡറും വേർപ്പെട്ടു. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലാൻഡറിെൻറ ഭ്രമണപഥം വീണ്ടും താഴ്ത്തി. ഇതോടെ ചന്ദ്രനുമായുള്ള ദൂരപരിധി 36 കിലോമീറ്ററിൽ എത്തുകയും ചെയ്തു.
48ാം ദിവസമായ സെപ്റ്റംബർ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്രം ലാൻഡർ കുതിപ്പ് തുടങ്ങി. പുലർച്ചെ ഒരു മണിയോടെ ലാൻഡറിലെ ത്രോട്ടബിൾ ലിക്വിഡ് എൻജിനുകൾ പ്രവർത്തിച്ച് വേഗത കുറച്ച് സോഫ്റ്റ് ലാൻഡിങ് ആരംഭിച്ചു. 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.