ഒരുങ്ങുന്നു ഭൂമിയുടെ 'ബ്ലാക് ബോക്സ്'; എല്ലാം രേഖപ്പെടുത്തും...!
text_fieldsഒരു വലിയ ബസിന്‍റെ വലിപ്പമുള്ള ഉരുക്ക് ബോക്സ്. കണ്ടാൽ നിസാരമെന്ന് തോന്നുമെങ്കിലും ആളുടെ ജോലി ഗൗരവമേറിയതാണ്. ആസ്ട്രേലിയയിലെ ടാസ്മാനിയ സ്റ്റേറ്റിലാണ് 'ഭൂമിയുടെ ബ്ലാക് ബോക്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഉരുക്ക് പെട്ടി' നിർമിക്കാനൊരുങ്ങുന്നത്.
മനുഷ്യന്‍റെ ചെയ്തികളാൽ ഭൂമി ഒരു നാൾ നശിച്ചുപോയെന്ന് കരുതുക. അതിനൊപ്പം മനുഷ്യരും ഇല്ലാതാകുന്നു. എന്നാൽ, പിന്നീടെപ്പോഴോ പുതിയൊരു നാഗരികത ഭൂമിയിൽ രൂപപ്പെടുന്നു. അവരോട് അവരുടെ മുൻ തലമുറ എങ്ങനെയാണ് ഭൂമിയെ നശിപ്പിച്ചതെന്ന് പറഞ്ഞുകൊടുക്കലാണ് ഈ 'ബ്ലാക് ബോക്‌സിന്‍റെ ദൗത്യം എന്ന് പറയാം.
ഭൂമിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും രേഖപ്പെടുത്തലാണ് ഇതിന്‍റെ ജോലി. പതിറ്റാണ്ടുകളോളം എല്ലാ കാലാവസ്ഥാ വിവരങ്ങളും ശേഖരിച്ചുവെക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെടുന്ന ഗവേഷണങ്ങളും വാർത്തകളും എന്തിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ വരെ ടാസ്മാനിയയിലെ ഗ്രാനൈറ്റ് സമതലത്തിൽ സ്ഥാപിക്കുന്ന ആ കൂറ്റൻ സ്റ്റീൽ പെട്ടി രേഖപ്പെടുത്തിക്കൊണ്ടിരിക്കും.
ഏത് പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കുന്ന ഈ 'ബ്ലാക് ബോക്സ്' വരാനിരിക്കുന്ന തലമുറകൾക്ക് കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും ഭൂമിയെ കുറിച്ചുമൊക്കെ പഠിക്കാനും വിശകലനം ചെയ്യാനും ഉപകാരപ്രദമാകുമെന്നാണ് അതിന് പിന്നിലുള്ളവരുടെ കണക്കുകൂട്ടൽ.
മൂന്ന് ഇഞ്ച് കട്ടിയുള്ള ഉരുക്ക് ചുമരുകളാൽ ചുറ്റപ്പെട്ട 'ഭൂമിയുടെ ബ്ലാക് ബോക്സി'നകത്ത് 50 വർഷക്കാലത്തേക്ക് ഡാറ്റ ശേഖരിക്കാനുള്ള സ്റ്റോറേജ് ഡ്രൈവുകളും സോളാർ പാനലുകളും ഉണ്ടായിരിക്കും. കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദീകരണം നൽകുക എന്നതാണ് ഉപകരണത്തിന്‍റെ ലക്ഷ്യം. മനുഷ്യരെ തുടച്ചുനീക്കിയേക്കാവുന്ന കാലാവസ്ഥാ ദുരന്തങ്ങളെ പോലും ഇത് അതിജീവിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആത്യന്തികമായി, മനുഷ്യരാശി എങ്ങനെയാണ് കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിച്ചതെന്നും അത് പരിഹരിക്കുന്നതിൽ നാം എങ്ങനെ പരാജയപ്പെട്ടു അല്ലെങ്കിൽ വിജയിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ ബ്ലാക്ക് ബോക്‌സ് ഭാവിയിലെ നാഗരികതകളോട് പറയുമെന്നും അതിന്‍റെ സൃഷ്ടാക്കൾ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഭൂമിയുടെ 'ആരോഗ്യ'ത്തിന്‍റെ നശിപ്പിക്കാനാവാത്തതും സ്വതന്ത്രവുമായ ലെഡ്ജറായി ഈ ബോക്സ് പ്രവർത്തിക്കും," -പ്രൊജക്റ്റുമായി ബന്ധപ്പെട്ട ജോനാഥൻ നീബോൺ സി.എൻ.എന്നിനോട് പറഞ്ഞു. ആർട്ടിസ്റ്റിക് കളക്റ്റീവ് ഗ്ലൂ സൊസൈറ്റിയുടെ കലാകാരനും ഡയറക്ടറുമാണ് അദ്ദേഹം.
"ഈ ദുരന്തത്തിലേക്കായി നാം എടുക്കുന്ന ഓരോ ചുവടും ഭൂമിയുടെ ബ്ലാക്ക് ബോക്‌സ് രേഖപ്പെടുത്തും, നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഡാറ്റാ സെറ്റുകളും അളവുകളും ഇടപെടലുകളും തുടർച്ചയായി ശേഖരിക്കപ്പെടുകയും ഭാവി തലമുറകൾക്കായി സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും." -" ടാസ്മാനിയ സർവകലാശാലയിലെ ഗവേഷകരും മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ക്ലെമെംഗർ ബിബിഡിഒയും ഉൾപ്പെടെ പ്രോജക്റ്റിന് പിന്നിൽ പ്രവർത്തിച്ചവർ എഴുതുന്നു.
അതേസമയം, ബോക്‌സിന്‍റെ നിർമ്മാണം അടുത്ത വർഷം മാത്രമേ പൂർത്തിയാവുകയുള്ളൂ. എന്നിരുന്നാലും, നവംബറിൽ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടി മുതൽ 'ബ്ലാക് ബോക്‌സിന്‍റെ' ഹാർഡ് ഡ്രൈവുകൾ അൽഗോരിതം അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളും സംഭാഷണങ്ങളും റെക്കോർഡുചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.