‘സമ്പൂർണ മനുഷ്യനെ’ ഇനി ലാബിൽ നിർമിക്കാമെന്ന് ഗവേഷകസംഘം
text_fieldsവാഷിങ്ടൺ: മനുഷ്യ ഡി.എൻ.എയുടെ ജനിതക ഘടനയിൽ നിർണായക മാറ്റത്തിരുത്തലുകൾ വരുത്തി യു.എസിലെ ശാസ്ത്രജ്ഞർ. പിഴവുകളേതുമില്ലാത്ത ‘സമ്പൂർണ മനുഷ്യനെ’ ലാബിൽ സൃഷ്ടിച്ചെടുക്കാനുള്ള മനുഷ്യശ്രമം വിജയിച്ചെന്ന സൂചന നൽകിയാണ് പോർട്ലൻഡിലെ ഒറീഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂനിവേഴ്സിറ്റിയിൽ പഠനം നടത്തിയത്. ഭ്രൂണത്തിലെ ജനിതക മാറ്റം ഇതാദ്യമായല്ലെങ്കിലും കൂടുതൽ ഭ്രൂണങ്ങളെ ഉൾപ്പെടുത്തി ആവശ്യമായ എല്ലാ മുൻകരുതലുകളോടെയും നടത്തുന്ന ഗവേഷണമാണിതെന്ന് മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി റിവ്യൂവിൽ പറയുന്നു.
ഗവേഷണം വിജയമായെങ്കിലും വിവാദങ്ങളുടെ സാധ്യത കണക്കിലെടുത്ത് മാറ്റംവരുത്തിയ ഭ്രൂണങ്ങൾ ദിവസങ്ങൾക്കുള്ളിൽ നശിപ്പിച്ചതായി ഗവേഷകർ പറഞ്ഞു. മാറ്റം വരുത്തിയ ഭ്രൂണം വികസിപ്പിച്ച് മനുഷ്യരെ വികസിപ്പിക്കില്ലെന്ന ഉറപ്പിലാണ് ഒാറിഗണിൽ ഗവേഷണത്തിന് അനുമതി. ഇതിനായി പൊതു ഫണ്ടും അനുവദിച്ചിട്ടില്ല.
ജീനിലെ രോഗബാധിതമായ അനാവശ്യ ഭാഗങ്ങൾ നീക്കംചെയ്ത് പുതിയവ പിടിപ്പിക്കാമെന്നതടക്കമുള്ള സാധ്യതകൾ ഇതിലുണ്ടെങ്കിലും നിരവധി വിമർശനങ്ങൾ ഉയർന്നതാണ് ജനിതക എഡിറ്റിങ്. നിരവധി രാജ്യങ്ങൾ ഇത്തരം ഗവേഷണങ്ങൾ നിരോധിച്ചിട്ടുമുണ്ട്. ‘എഡിറ്റിങ് ടെക്നോളജി’ ഉപയോഗിച്ച് മനുഷ്യ ഭ്രൂണത്തിെൻറ ജീനിൽ നടത്തുന്ന പരീക്ഷണം തീർത്തും നിരുത്തരവാദപരമായതാണെന്ന് 2015 ഡിസംബറിൽ വാഷിങ്ടണിൽ ചേർന്ന നാഷനൽ അക്കാദമി ഒാഫ് സയൻസിെൻറ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
സുരക്ഷയും ക്ഷമതയും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹൃതമാവുന്നതുവരെ അംഗീകരിക്കാനാവില്ലെന്നും ശാസ്ത്രജ്ഞരടക്കം ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങളെ പ്രത്യേകമായി രൂപകൽപന ചെയ്തെടുക്കുന്ന പ്രവണതക്ക് ഇൗ പരീക്ഷണം വഴിവെക്കും എന്നു ചൂണ്ടിക്കാണിച്ച് ഇത്തരം പഠനങ്ങൾക്കെതിരെ ഉടമ്പടിയിൽ ചില രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. ഒ.എച്ച്.എസ്.യു സെൻറർ ഫോർ എംബ്രിയോനിക് സെൽ ആൻഡ് ജീൻ തെറപ്പിയുടെ ശൗക്രാത് മിറ്റാലിപോവിെൻറ നേതൃത്വത്തിലാണ് പഠനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.