ഗഗൻയാൻ ദൗത്യം: ബഹിരാകാശ യാത്രികർക്കുള്ള സ്പെഷൽ ഇഡലിയും ബിരിയാണിയും റെഡി!
text_fieldsബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികർക്കുള്ള സ്പെഷൽ ഇഡലിയും ബിരിയാണിയും മറ്റു വിഭവങ്ങളും തയാർ. ദൗത്യത്തിനായി അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു ബഹിരാകാശ യാത്രികർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്നതിനായി 35 വിഭവങ്ങളാണ് ഡി.ആർ.ഡി.ഒയുടെ മൈസൂരു കേന്ദ്രമായ പ്രതിരോധ ഭക്ഷണ ഗവേഷണ ലബോറട്ടറി (ഡി.എഫ്.ആർ.എൽ) തയാറാക്കിയിട്ടുള്ളത്.
ഗഗൻയാൻ ദൗത്യത്തിനുള്ള ഭക്ഷണം സംബന്ധിച്ച വിവരങ്ങൾ നേരത്തേ തന്നെ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ബഹിരാകാശ യാത്രികർക്ക് നൽകാനുള്ള തരത്തിൽ അന്തിമഘട്ടത്തിലെത്തുന്നത്. തയാറാക്കിയ ഭക്ഷണങ്ങൾ ബഹിരാകാശ യാത്രികർക്ക് നൽകിയുള്ള പരീക്ഷണമാണ് ഇനി ബാക്കിയുള്ളത്.
ബഹിരാകാശ യാത്രക്കായി പ്രത്യേകമായി തയാറാക്കിയ വെജിറ്റബിൾ ബിരിയാണി, ചിക്കൻ ബിരിയാണി, പരിപ്പ് ഹൽവ, ഇഡലി -സാമ്പാർ, ഉപ്പുമാവ്, വെജിറ്റബിൾ പുലാവ്, എഗ് റോൾ, ചിക്കൻ കുറുമ തുടങ്ങിയ 30ലധികം വിഭവങ്ങളുടെ മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം ഇൻസ്റ്റൻറ് ടീ മിക്സും തയാറാക്കിയിട്ടുണ്ട്. അടുത്തവർഷത്തെ 'ഗഗൻയാൻ' ദൗത്യത്തിനായി ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. തയാറാക്കിയ ഭക്ഷണം ഐ.എസ്.ആർ.ഒ അന്തിമമായി പരിശോധിക്കുമെന്നും ദൗത്യത്തിനുള്ള മൂന്നുപേരെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ അവർക്ക് ഭക്ഷണം നൽകിയുള്ള പരിശോധനയും നടക്കുമെന്നും ഇതനുസരിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും ഡി.എഫ്.ആർ.എൽ അധികൃതർ അറിയിച്ചു.
മാസങ്ങളുടെ ഗവേഷണത്തിനു ശേഷമാണ് ഡി.എഫ്.ആർ.എല്ലിെല ശാസ്ത്രജ്ഞർ ഒരു വർഷം വരെ കേടുകൂടാതെ നിൽക്കുന്ന തരത്തിൽ പ്രത്യേകം പാക്ക് ചെയ്ത ഭക്ഷണം വികസിപ്പിച്ചത്. ഒാരോ ദിവസവും 2,500 കലോറി വരെ ബഹിരാകാശ യാത്രികന് ലഭിക്കുന്ന വിധമാണ് ഭക്ഷണ ക്രമം. ചൂടാക്കേണ്ട ഭക്ഷണത്തിന് പ്രത്യേക ഹീറ്ററുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.