വാനനിരീക്ഷകക്കൂട്ടങ്ങൾക്ക് ആവേശംപകർന്ന് മാനത്ത് ഇനി രണ്ടുനാൾ 'മീൻ'സഞ്ചാരം
text_fieldsകക്കോടി: മേഘങ്ങളും പൊടിപടലങ്ങളും ഇല്ലാത്ത തെളിഞ്ഞ മാനത്തേക്ക് മിഥുനക്കൊള്ളിമീൻ സഞ്ചാരം. സ്കൈ സഫാരിയുൾപ്പെടെയുള്ള വാനനിരീക്ഷകക്കൂട്ടങ്ങൾക്ക് ആവേശംപകർന്നാണ് ഇനി രണ്ടുനാളിൽ കൊള്ളിമീൻ സഞ്ചാരത്തിെൻറ കാഴ്ചപ്പൂരം സംഭവിക്കുക. ഡിസംബർ 13, 14 ദിവസങ്ങളിൽ പാതിരാവിനുശേഷമാണ് മാനത്ത് മിഥുനക്കൊള്ളിമീനുകൾ (ജെമിനിഡ്സ്) കൂടുതലായി കാണുക.
എല്ലാവർഷവും ഡിസംബർ ആറു മുതൽ 17 വരെ ആകാശത്തു കാണുന്ന ഉൽക്കാപ്രവാഹത്തിനാണ് മിഥുനക്കൊള്ളിമീനുകൾ എന്നു പറയുക. കേരളത്തിൽനിന്ന് ഏറ്റവും മനോഹരമായി കാണാൻ കഴിയുന്ന ഉൽക്കാപ്രവാഹങ്ങളിൽ ഒന്നാണിത്. മണിക്കൂറിൽ 60 മുതൽ 120 വരെ ഉൽക്കകളെ ഈ പ്രവാഹത്തിൽ കാണാറുണ്ട്. ശുക്രനെ (venus) ക്കാൾ പ്രകാശംകൂടിയ ഉൽക്കകളെ ബൊളൈഡുകൾ (തീക്കുടുക്കകൾ) എന്നുപറയുന്നു.
ആകാശത്തിെൻറ വിദൂരതയിൽനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുന്ന ചെറിയ പാറക്കല്ലുകളാണ് മിക്കപ്പോഴും ഉൽക്കകളായി കാണപ്പെടുന്നത്. അവയിൽ മിക്കതും തകർന്നടിഞ്ഞ വാൽനക്ഷത്രങ്ങളുടെയോ ക്ഷുദ്ര ഗ്രഹങ്ങളുടെയോ അവശിഷ്ടങ്ങളാണ്. ഇവ ചരൽക്കൂമ്പാരംപോലെ സൂര്യനെ ചുറ്റുകയാണ്. ഭൗമാന്തരീക്ഷം അവയെ മുറിച്ചുകടക്കുമ്പോഴാണ് പ്രവാഹമായി അത് അനുഭവപ്പെടുന്നത്. ഈ ഉൽക്കകൾ വെടിയുണ്ടയുടെ പതിന്മടങ്ങ് വേഗത്തിലാണ് ഭൗമാന്തരീക്ഷത്തിലൂടെ കടന്നുപോകുന്നത്. ഘർഷണം മൂലം ചൂടുപിടിച്ച അവ പ്രകാശം പുറത്തുവിടുകയും ചെയ്യുന്നു. അപൂർവം ചില അവസരങ്ങളിൽ പൊട്ടിത്തെറിച്ച് ശബ്ദമുണ്ടാക്കുകയും പുകപടലങ്ങൾ ഉയരുകയും ചെയ്യും.
ഉൽക്കാപ്രവാഹങ്ങൾ കാണാൻ ഒരു തരത്തിലുള്ള ഉപകരണവും ആവശ്യമില്ല. പ്രവാഹം നടക്കുന്നതായി പറയപ്പെടുന്ന ഭാഗത്തുനിന്ന് ഏതാണ്ട് 40-45 ഡിഗ്രി അകലെ ഏതുഭാഗത്തും നല്ല കാഴ്ച കിട്ടും.
ഫെയ്ത്ത് ഓൺ 3200 എന്നറിയപ്പെടുന്ന ഒരു ക്ഷുദ്രഗ്രഹത്തിെൻറ അവശിഷ്ടങ്ങളാണ് മിഥുനക്കൊള്ളിമീനുകളായി അറിയപ്പെടുന്നത്. അത് മണിക്കൂറിൽ 1,27,000 കിലോമീറ്റർ വേഗത്തിലാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുന്നത്. ഇത്തവണ ചന്ദ്രപ്രകാശം ഉൽക്കാപ്രവാഹത്തിന് മാറ്റുകുറക്കാൻ കാരണമാകുമെന്ന് അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.