നാസയുടെ ബഹിരാകാശ ദൗത്യത്തിൽ പാതി മലയാളിയും
text_fieldsവാഷിങ്ടൺ: നാസയുടെ ഭാവിപദ്ധതികള്ക്കായുള്ള പുതിയ ബഹിരാകാശസഞ്ചാരികളുടെ കൂട്ടത്തിൽ പാതിമലയാളിയായ അനിൽ മേനോനും. 12,000 അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിലാണ് അനില്‍ ഉൾപ്പെട്ടത്. അടുത്തവര്‍ഷം ജനുവരിയിലാണ് അദ്ദേഹം ജോലിയില്‍ പ്രവേശിക്കുക.
രണ്ടു വര്‍ഷത്തെ പരിശീലനമുണ്ടാകും. മലയാളിയായ ശങ്കരന് മേനോെൻറയും യുക്രെയ്ന് സ്വദേശിനി ലിസ സാമോലെങ്കോയുടെയും മകനാണ് 45കാരനായ അനില്‍ മേനോന്. നേരത്തേ സ്പേസ് എക്സിെൻറ ഡെമോ 2 മിഷെൻറ ഭാഗമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഉദ്യമത്തിലും ഉണ്ടായിരുന്നു.
അതിനുമുമ്പ് അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണദൗത്യങ്ങളില്‍ നാസക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. എമര്‍ജന്‍സി മെഡിസിന് വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്.
2010ലെ ഹെയ്തി ഭൂകമ്പം, 2015ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011ലെ റെനോ എയര്ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉൾപ്പെട്ടു. സ്പേസ് എക്സില്‍ ജോലി ചെയ്യുന്ന അന്ന മേനോന് ആണ് ഭാര്യ. രണ്ടു മക്കളുണ്ട്. 1995ല്‍ മിനിസോടയിലെ സമ്മിറ്റ് സ്കൂളില്‍നിന്നും സെൻറ് പോള്‍ അക്കാദമിയില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹാര്‍വഡ് സര്‍വകലാശാലയില്‍നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി.
സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും 2006ല്‍ സ്റ്റാൻഫഡ് മെഡിക്കല്‍ സ്കൂളില്‍നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്, 2009ല്‍ സ്റ്റാൻഫഡ് സര്‍വകലാശാലയില്‍നിന്ന് എമര്‍ജന്‍സി മെഡിസില്‍ എന്നിവയിലും യോഗ്യത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.