എത്ര ആയുസ്സ് വേണം നിങ്ങൾക്ക്? മനുഷ്യരെ അനശ്വരനാക്കാൻ 'ജനിതക പുനഃക്രമീകരണ വിദ്യ'യുമായി ഹാർവഡ് ഗവേഷകർ
text_fieldsവാഷിങ്ടൺ: എത്ര വയസ്സുവരെ ജീവിക്കുമെന്ന വലിയ ചോദ്യത്തിനു മുന്നിൽ തോറ്റുപോകുന്നതാണ് ഇപ്പോഴും നമ്മുടെ വലിയ സ്വപ്നങ്ങൾ. എത്രമേൽ ആരോഗ്യമുള്ളവനും ചിലപ്പോൾ നേരത്തെ മടങ്ങുേമ്പാൾ ദുർബലനെന്നു തോന്നിച്ചവൻ കുറെനാൾ 'അധികം' ജീവിക്കും. മരണവും ജീവിതവും തമ്മിലെ ഈ ഞാണിന്മേൽ കളി നിർത്തി ജീവിതം അനശ്വരമാക്കാൻ വഴികൾ തേടുന്ന ഗവേഷണങ്ങൾ അതിവേഗം മുന്നോട്ടുപോകുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജനിതക പുനക്രമീകരണം നടത്തി മനുഷ്യനെ അനശ്വരനാക്കാനുള്ള ഗവേഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ഹാർവഡ് ജനിതക വിഭാഗം പ്രഫസർ ഡേവിഡ് സിൻക്ലയർ പറയുന്നു. മനുഷ്യരിൽ ഇതിെൻറ ആദ്യ പരീക്ഷണം 2023ൽ ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
എലികളിൽ ഇതിെൻറ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മസ്തിഷ്കവും മറ്റു അവയങ്ങളും തളരാതെ സൂക്ഷിക്കുന്നുവെന്ന് മാത്രമല്ല, അന്ധരായ എലികളിൽ കാഴ്ച പോലും തിരികെ വന്നതായി സിൻക്ലയർ പറയുന്നു.
പ്രായപൂർത്തി എത്തിയ ജീവികളിൽ എംബ്രിയോണിക് ജീനുകൾ കുത്തിവെച്ച് പ്രായാധിക്യം തിരുത്തുന്നതാണ് പരീക്ഷണം. നാലു മുതൽ എട്ടാഴ്ച കൊണ്ട് മാറ്റം ദൃശ്യമാകും. തലച്ചോറിലേക്കുള്ള കേടുപറ്റിയ നാഡീകോശങ്ങൾ വരെ ഇതുവഴി 'പ്രായം കുറച്ച'തായാണ് കണ്ടെത്തൽ. എലികളിലെയും മറ്റും പരീക്ഷണം വിജയകരമായി പൂർത്തിയാകുന്നതോടെ രണ്ടു വർഷത്തിനകം മനുഷ്യരിലും പരീക്ഷണം നടത്താനാകും. ഇത് പൂർത്തിയാകുന്നതോടെ മനുഷ്യെൻറ ആയുസ്സ് എത്രയെന്ന് പറയാനാകാത്ത വിധം ഉയർത്താനാകുമെന്നാണ് അവകാശവാദം.
പിറന്നുവീഴുന്ന കുഞ്ഞിന് താൻ 100 വയസ്സെങ്കിലും ജീവിക്കുമെന്ന് ആഗ്രഹിക്കാനാകുമെന്നാണ് സിൻക്ലയർ പങ്കുവെക്കുന്ന സ്വപ്നം.
അതേ സമയം, അടുത്തിടെ നടന്ന മറ്റൊരു പഠനം മനുഷ്യർക്ക് ഒരിക്കലും അനശ്വരനാകാൻ കഴിയില്ലെന്നും പരമാവധി 120-150 വയസ്സേ ജീവിക്കാനാകൂ എന്നും പറഞ്ഞിരുന്നു. അതിനുമുമ്പുതന്നെ പ്രതിരോധ ശേഷി നഷ്ടമാകുന്ന ശരീരം പിന്നീട് പരിക്കിനും രോഗത്തിനും അടിപ്പെട്ട് മരണത്തിന് കീഴടങ്ങുമെന്നായിരുന്നു യു.എസിലെ നെവാദ വാഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.