ജിറാഫിനെ കൊന്ന്, ഹൃദയം കൈയ്യിലേന്തി വേട്ടക്കാരിയുടെ പോസിങ്; 'പ്രണയദിന സമ്മാനമെന്ന്', വിവാദം
text_fieldsദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ മെരിലിസ് ഫാൻഡെർ മെർവെ വലിയ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. 32 കാരിയായ അവർ ഫേസ്ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ജിറാഫിെൻറ ഭീമൻ ഹൃദയം കൈയ്യിലേന്തിയുള്ള ചിത്രത്തിന് അവർ അടിക്കുറിപ്പായി എഴുതിയതാകെട്ട 'പ്രണയ ദിന സമ്മാനം' എന്നും. ഗെയിം പാർക്കിൽ വെച്ച് ജിറാഫിനെ വേട്ടയാടി വീഴ്ത്തി അതിെൻറ ശരീരം തുരന്ന് ഹൃദയം പുറത്തെടുത്ത വേട്ടക്കാരി "ജിറാഫിെൻറ ഹൃദയം എത്ര വലുതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?'' എന്ന് തെൻറ ഫേസ്ബുക്ക് സുഹൃത്തുക്കളോടായി ചോദിക്കുന്നുമുണ്ട്. ജിറാഫിെൻറ തൊലി പരവതാനിയാക്കി ഉപയോഗിക്കാനാണ് തെൻറ ഉദ്ദേശമെന്നും അവർ പറയുന്നു.
അഞ്ച് വർഷമായുള്ള മെരിലിസിെൻറ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചത് ഭർത്താവായിരുന്നു. അതിന് വേണ്ടി അയാൾ 1.5 ലക്ഷം രൂപ ചെലവിടുകയും ചെയ്തു. ഭാര്യക്കുള്ള പ്രണയ ദിന സമ്മാനമാണത്രേ ജിറാഫിെൻറ ഹൃദയം. ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഞെട്ടൽ രേഖപ്പെടുത്തികൊണ്ട് നിരവധിപേരാണ് കമൻറ് ചെയ്തത്. 'അങ്ങേയറ്റം ക്രൂരമാണെന്നും കണ്ടു നിൽക്കാൻ കഴിയുന്നില്ലെന്നും' പലരും പറഞ്ഞു. ഫേസ്ബുക്കിൽ നിന്ന് എന്നെന്നേക്കുമായി മെരിലിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ അധികൃതർക്ക് അപേക്ഷ പോലും നൽകി.
അഞ്ചാം വയസ് മുതൽ വേട്ടയാരംഭിച്ച താൻ സിംഹങ്ങൾ, പുള്ളിപ്പുലികൾ, ആനകൾ എന്നിവ ഉൾപ്പെടെ 500 ഒാളം മൃഗങ്ങളെ ഇതുവരെ കൊന്നിട്ടുണ്ടെന്ന് മെരിലിസ് ഫാൻഡെർ മെർവെ അവകാശപ്പെടുന്നുണ്ട്. മൃഗാവകാശ പ്രവർത്തകരെയും അവരുടെ സംഘടനയെയും പ്രകോപിപ്പിക്കാനായി അതിെൻറ കണക്കുകളും അവർ നിരത്തി . 'എനിക്ക് അവരോട് യാതൊരു ബഹുമാനവുമില്ല... ഞാൻ അവരെ മാഫിയ എന്ന് വിളിക്കാനാണ് താൽപര്യപ്പെടുന്നത്' -തെൻറ സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് വിശദീകരിക്കവേ വേട്ടക്കാരി തുറന്നടിച്ചു.
സൺ സിറ്റി റിസോർട്ടിലേക്ക് ഒരു വാലൈൻറൻസ് യാത്ര ആസൂത്രണം ചെയ്യവേ, ഗെയിം പാർക്കിൽ ഭീമൻ ജിറാഫിനെ കണ്ടുവെന്ന് പറയാൻ ഒരു സുഹൃത്ത് മെരിലിസിനെയും ഭർത്താവിനെയും വിളിക്കുകയായിരുന്നു. പെട്ടന്ന് തന്നെ അവിടേക്ക് വെച്ചുപിടിച്ചായിരുന്നു കൃത്യം നിറവേറ്റിയത്. ''ഏറ്റവും മികച്ച ഒന്നിന് വേണ്ടി ഞാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. പ്രായമാകുന്തോറും അവൻ കൂടുതൽ ഇരുണ്ട രൂപത്തിലേക്ക് മാറും. അതിെൻറ തൊലി എനിക്കേറെ ഇഷ്ടമാണ്. ആഫ്രിക്കയിലെ ഏറ്റവും ജനപ്രിയനായ ജീവി കൂടിയാണത്. എെൻറ ഭർത്താവിന് ഇതെെൻറ ഏറ്റവും വലിയ സ്വപ്നമാണെന്ന് അറിയാമായിരുന്നു. ഒാരോ ദിവസവുമെണ്ണി കാത്തിരുന്ന ഞാൻ രണ്ടാഴ്ച്ചക്കാലത്തോളം കൊച്ചുകുട്ടിയെ പോലായിരുന്നു. കാര്യം സാധിച്ചതോടെ ഞാൻ വികാരാതീതയായി''. - മെരിലിസ് പറഞ്ഞു.
താൻ ജിറാഫിനെ വേട്ടയാടി കൊന്നതിലൂടെ 11 പേർക്ക് അതുമായി ബന്ധപ്പെട്ട് ഒരു ദിവസം ജോലി ലഭിച്ചെന്നും പ്രദേശവാസികൾക്ക് ഭക്ഷണത്തിനായി ഒരുപാട് മാംസം ലഭിച്ചെന്നും അവർ വിശദീകരണമായി പറഞ്ഞു. ''വേട്ടയാടൽ നിരോധിച്ചാൽ മൃഗങ്ങൾ മൂല്യമില്ലാത്തവരായി മാറുകയും, ചില ജീവികൾ അപ്രത്യക്ഷമാവാൻ തുടങ്ങുകയും ചെയ്യും. വംശനാശത്തിെൻറ വക്കിൽ നിന്ന് ധാരാളം ജീവികളെ തിരികെ കൊണ്ടുവരാൻ വേട്ടയാടൽ സഹായിച്ചിട്ടുണ്ട്. ട്രോഫി ഹണ്ടർമാർ മാത്രമാണ് ഈ മൃഗങ്ങളെ സംരക്ഷിക്കുന്നത്. " -അവർ കൂട്ടിച്ചേർത്തു.
എന്നാൽ, അവരുടെ അവകാശവാദങ്ങളെ എതിർത്ത് മൃഗ സംരക്ഷകർ രംഗത്തെത്തി. വന്യ ജീവികളെ തങ്ങൾ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന വേട്ടക്കാരുടെ അവകാശവാദം അങ്ങേയറ്റം തെറ്റിധരിപ്പിക്കുന്നതാണെന്നും ഒരിക്കലും മൃഗങ്ങളെയോ അവരുടെ വംശത്തെയോ നിലനിർത്താൻ ട്രോഫി ഹണ്ടിങ് കാരണമാകുന്നില്ലെന്നും ബോൺ ഫ്രീ ഫൗണ്ടേഷൻ പ്രവർത്തകനായ ഡോ. മാർക് ജോൺസ് വ്യക്തമാക്കി. പ്രാദേശിക സമൂഹങ്ങൾക്ക് ഒരുതരത്തിലുമുള്ള സഹായം അവർ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മിണ്ടാപ്രാണിയെ കൊന്ന് അതിെൻറ ഹൃദയം പുറത്തെടുത്ത് പ്രദർശിപ്പിച്ച് സന്തോഷം പ്രകടിപ്പിക്കാൻ ഒരു സാമൂഹിക വിരുദ്ധനല്ലാതെ കഴിയില്ലെന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻറ് ഒാഫ് അനിമൽസ് പ്രവർത്തക എലിസ അലൻ തുറന്നടിച്ചു. 'ട്രോഫി ഹണ്ടിങ് മാനസിക വിഭ്രാന്തിയുടെ ലക്ഷണമാണെന്ന് ഒരിക്കൽ പറയപ്പെടും. ഇപ്പോഴും അതാണ്.. അതൊരു സീരിയൽ കില്ലിങ്ങാണ്. ആളുകൾക്ക് മുമ്പിൽ പൊങ്ങച്ചം കാണിക്കാനുള്ള രക്തത്തിൽ കലർന്ന ത്വരയാണത്'. -അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.