'കൃത്രിമ മാംസം ഭക്ഷിക്കുന്നു, ഇലക്ട്രിക് കാറിൽ സഞ്ചാരം'; കാർബൺ പുറംതള്ളൽ തടയാൻ ബിൽ ഗേറ്റ്സ് ചെയ്യുന്നത്..!
text_fieldsകാലാവസ്ഥാ വ്യതിയാനത്തെ തടയാൻ ലാബിൽ തയാറാക്കിയ കൃത്രിമ മാംസം കഴിക്കണമെന്ന് ലോക സമ്പന്നരിൽ ഒരാളായ ബിൽ ഗേറ്റ്സ് പറഞ്ഞത് വലിയ വാർത്തയായി മാറിയിരുന്നു. എന്നാൽ, കാർബൺ പുറംതള്ളൽ തടയാൻ താനിപ്പോൾ കൃത്രിമ മാംസം കഴിച്ചുതുടങ്ങിയെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിന്‍റെ യൂസർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബിൽ ഗേറ്റ്സ്.
കാർബൺ പുറംതള്ളൽ തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി താനിപ്പോൾ പരമാവധി വിമാനയാത്ര കുറക്കുകയും ഇടക്കെങ്കിലും കൃത്രിമ മാംസം ഭക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന് ഒരുപാട് മുേമ്പ മഹാമാരിയുടെ വരവ് പ്രവചിച്ച് അതിന് വേണ്ടി തയാറെടുക്കാൻ വാദിച്ചിരുന്ന ബിൽ ഗേറ്റ്സ്, ഇപ്പോൾ വരാനിരിക്കുന്ന മറ്റൊരു വിനാശകരമായ ദുരന്തമായി ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാ വ്യതിയാനമാണ്.
ഭൂമിയിലെ കാർബൺ പുറംതള്ളൽ തടയാൻ ആളുകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നാണ് ബിൽ ഗേറ്റ്സിനോട് റെഡ്ഡിറ്റ് യൂസർമാർ ചോദിച്ചത്. അതിന് പരമാവധി ഉപഭോഗം കുറക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. 'ഞാനിപ്പോൾ വൈദ്യുത കാറുകളാണ് ഡ്രൈവ് ചെയ്യുന്നത്. വീട്ടിൽ സോളാർ പാനലുകളും ഉപയോഗിക്കുന്നു. ചിലപ്പോഴെങ്കിലും ഞാൻ കൃത്രിമ മാംസം ഭക്ഷിക്കുന്നുണ്ട്. കൂടാതെ, ഹരിത വ്യോമയാന ഇന്ധനം വാങ്ങുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ വിമാന യാത്ര ഏറെ കുറച്ചതായും വെളിപ്പെടുത്തി. ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗം കുറക്കാൻ വീടുകളിൽ ഇലക്ട്രിക് ഹീറ്റ് പമ്പുകൾ പ്രചാരത്തിലാക്കുമെന്നും അതിന് വേണ്ടി താൻ ധനസഹായം നൽകുന്നുണ്ടെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.
ഒരുപാട് യാത്ര ചെയ്യാതെ മുന്നോട്ടുപോകാൻ സാധിക്കുമെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തിന്‍റെ വലിയ വിജയം കണക്കിലെടുത്ത് ബിസിനസ്സ് യാത്ര വെട്ടിക്കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാമെന്ന് പാൻഡെമിക് തെളിയിച്ചിട്ടുണ്ടെന്നും ഗേറ്റ്സ് പറഞ്ഞു. കോവിഡ് കാലത്ത് വീട്ടിലിരുന്ന ജോലി ചെയ്യുന്നവർ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആപ്പുകളിൽ ഒന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ 'ടീംസ്' എന്ന വിഡിയോ കോൾ ആപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.