ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതപ്പ് അതിവേഗം ഉരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം
text_fieldsലണ്ടൻ: ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതര മായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ നിലയിലാണുള്ളത്. മഞ്ഞുപാളികൾ ഉരുകുന്നതിനെ ശാസ്ത്രലോകവും സമീപരാഷ്ട്രങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
2012 ജൂലൈയിലാണ് ഏറ്റവും കൂടുതൽ മഞ്ഞുപാളികളുടെ ഉരുകൽ രേഖപ്പെടുത്തിയത്. ഇതിനോട് അടുത്തുള്ള അളവിലാണ് ഈ മാസത്തെ മഞ്ഞുരുകൽ എന്ന് കൊളറാഡോ കേന്ദ്രീകരിച്ചുള്ള നാഷനൽ സ്നോ ആൻഡ് ഐസ് ഡാറ്റാ സെന്‍റർ വ്യക്തമാക്കുന്നു.
ആർക്ട്ടിക് സമുദ്രത്തോട് ചേർന്നുള്ള അലാസ്ക, കാനഡ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഈ വർഷം റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തെ ശരാശരി മഞ്ഞുരുകലിനേക്കാൾ കൂടുതലാണ് ഇത്തവണ. ദിവസവും 20,000 ചതുരശ്ര കിലോമീറ്റർ മഞ്ഞ് അധികമായി ഉരുകുന്നതായാണ് കണക്ക്.
ആഗോളതാപനത്തിന്‍റെ പ്രതിഫലനമാണ് ഭൂമിയുടെ ഉത്തരധ്രുവത്തിലെ സമുദ്രമായ ആർക്ട്ടികിലെ മഞ്ഞുരുകൽ എന്ന് വിലയിരുത്തപ്പെടുന്നു. ലോകവ്യാപകമായി ഏറ്റവും ചൂട് കൂടിയ മാസമായിരുന്നു ജൂൺ. ആഗോളതാപന നിരക്ക് കുറക്കാനായി ലോകരാഷ്ട്രങ്ങൾ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതിലേക്കാണ് ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകൽ വിരൽ ചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.