ഇന്ത്യയുടെ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണം വിജയം; പ്രതിരോധ രംഗത്ത് നിർണായക ചുവടുവെപ്പ്
text_fieldsന്യൂഡൽഹി: ഹൈപ്പർസോണിക് വേഗതയുള്ള ആകാശപേടകം വിജയകരമായി പരീക്ഷിച്ച് രാജ്യം പുതുചരിത്രമെഴുതി. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കു മാത്രം സ്വന്തമായ 'അതിവേഗ'മാണ് ഇതിലൂടെ ഇന്ത്യയും സ്വന്തമാക്കിയത്. ഒഡിഷ തീരത്തെ വീലർ ദ്വീപിലുള്ള ഡോ. അബ്ദുൽ കലാം ടെസ്റ്റിങ് കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ഹൈപർസോണിക് ടെക്നോളജി ഡമൺസ്ട്രേഷൻ വാഹനം (എച്ച്.എസ്.ടി.ഡി.വി) വിജയകരമായി പരീക്ഷിച്ചതോടെയാണ് രാജ്യം ഹൈപ്പർസോണിക് യുഗത്തിലേക്ക് ചുവടുവെച്ചത്.
ശബ്ദത്തേക്കാൾ ആറിരട്ടി വേഗത്തിൽ (മാക് ആറ്)സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ആഭ്യന്തരമായി നിർമിച്ച എച്ച്.എസ്.ടി.ഡി.വി - അതായത്, സെക്കൻഡിൽ രണ്ടു കിലോമീറ്ററിലേറെ വേഗം. അഗ്നി മിസൈൽ ബൂസ്റ്ററാണ് എച്ച്.എസ്.ടി.ഡി.വിയെ ഉയരങ്ങളിലെത്താൻ സഹായിച്ചത്. ഡി.ആർ.ഡി.ഒ മേധാവി സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ആദ്യ 30 കിലോമീറ്റർ ദൂരം അഗ്നി മിസൈൽ ബൂസ്റ്ററിെൻറ പുറത്തേറി സഞ്ചരിച്ച പേടകം പിന്നീട് വിട്ടുമാറി. അതുകഴിഞ്ഞായിരുന്നു പേടകത്തിന് അതിവേഗം നൽകുന്ന സ്ക്രാംജെറ്റ് എൻജിെൻറ വിജയകരമായ പരീക്ഷണം. 20 സെക്കൻഡ് നേരം ജ്വലിച്ച പേടകം മാക് ആറ് വേഗം കൈവരിച്ചു. (ശബ്ദത്തെക്കാൾ കൂടിയ വേഗം മാക് ഒന്ന്. മാക് അഞ്ച് മുതൽ 10 വരെയാണ് ഹൈപർ സോണിക്).
ദീർഘദൂര മിസൈലുകളുടെ നിർമാണത്തിന് പുറമെ കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണം പോലുള്ളവക്കും ഹൈപർസോണിക് സാങ്കേതികത ഉപയോഗപ്പെടുത്താനാകും. കഴിഞ്ഞ ജൂണിൽ നടത്തിയ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.