അഴകായി പറുദീസ പറവകൾ
text_fieldsതൃക്കരിപ്പൂർ: സ്വരംകൊണ്ടും അഴകുകൊണ്ടും മനംകവർന്ന് പറുദീസയിലെ പറവകൾ. ദേശാടകരായ നാകമോഹൻ (ഇന്ത്യൻ പാരഡൈസ് ഫ്ലൈകാചർ) ആണ് കുണിയൻ പക്ഷിസങ്കേതത്തിലുള്ളത്. വേലിത്തത്തകളെ പോലെ, പറക്കുന്ന ഷഡ്പദങ്ങളെ വായുവിൽെവച്ചുതന്നെ പിടികൂടി ഭക്ഷിക്കുന്ന പക്ഷിയാണിത്. 1758ൽ കാൾ വോൺ ലിന്നെ എന്ന ഡച്ച് നിരീക്ഷകനാണ് ഇവയെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്. ഇവ കേരളത്തിൽ പ്രജനനം നടത്തിയതായി അറിവില്ല. ആൺപക്ഷികൾക്ക് കറുത്ത തലയും ബാക്കി ഭാഗം തൂവെള്ള നിറത്തിലുമാണുണ്ടാവുക, ചിലപ്പോൾ മഞ്ഞ കലർന്ന വെള്ളനിറത്തിലും കാണുന്നു.
ചെമ്പിച്ച തവിട്ടുനിറമുള്ള പൂവനേയും കാണുന്നുണ്ട്. ചില പ്രദേശങ്ങളിൽ കാണുന്നവയാണ് ഇവ. പൂവന് കറുത്ത കണ്ണുകൾക്ക് ചുറ്റുമായി നീലനിറത്തിൽ വൃത്തമുണ്ടായിരിക്കും. കൊക്കിെൻറ അറ്റം മുതൽ വാലറ്റം വരെ ആൺ പക്ഷിക്ക് ഏകദേശം 70 സെൻറീമീറ്റർ നീളമുണ്ട്. പൂവന്മാർ രണ്ടു നിറത്തിലുണ്ടെങ്കിലും പിടകൾക്ക് ഒറ്റ നിറമേയുള്ളൂ. വലുപ്പം കുറഞ്ഞ പെൺപക്ഷികൾക്ക് ചെമ്പിച്ച തവിട്ട് നിറമായിരിക്കും. ഇവയുടെ ശരീരത്തിനടിയിൽ തൊണ്ടയിൽ ചാരനിറത്തിൽ തുടങ്ങി പിന്നിലേക്ക് വെള്ളനിറം കാണുന്നു.
കുഞ്ഞുങ്ങൾക്കും അമ്മയുടെ നിറമാണ്. ആൺപക്ഷികൾ പ്രായപൂർത്തിയാകുന്നതോടെയാണ് യഥാർഥ നിറം കൈവരുന്നത്. അതുപോലെ പെൺപക്ഷികളുടെ തൊണ്ടഭാഗം ചാരനിറത്തിലാണ്. ആൺകിളികളുടെ തൊണ്ടയടക്കം തലമുഴുവൻ കറുപ്പാണ്. തലക്ക് മുകളിൽ കിരീടം പോലെ കുറച്ച് തൂവലുകളുണ്ട്. സട പോലെ നീണ്ട വാൽതൂവൽ ആണ് പ്രധാന ആകർഷണം. രണ്ടോ മൂന്നോ വയസ്സിലാണ് പൂവന് നീണ്ട വാലുണ്ടാവുന്നത്. ഏഷ്യയിൽ ഇന്ത്യയിലാകമാനവും ശ്രീലങ്കയിലും മലയൻ ജൈവമണ്ഡലത്തിലും നാകമോഹനെ കണ്ടുവരുന്നു. ജനുവരി ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ കണ്ടുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.