ജൈവഘടികാരത്തെ കുറിച്ച പഠനത്തിന് ഇന്ത്യൻ വിദ്യാർഥിക്ക് 2.92 കോടിയുടെ പുരസ്കാരം
text_fieldsബംഗളൂരു: 16 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കയിലെ പ്രശസ്ത ‘ബ്രേക് ത്രൂ ജൂനിയർ ചാലഞ്ച്’ വിദ്യാഭ്യാസ പുരസ്കാരം. ബംഗളൂരു സ്വദേശിയായ സമയ് ഗൊഡികക്കാണ് 2.92 കോടി രൂപയുടെ (400,000 ഡോളർ) പുരസ്കാരം ലഭിച്ചത്. അന്താരാഷ്ട്ര സയൻസ് വീഡിയോ മത്സരത്തിലൂടെയാണ് ബെംഗളൂരു വിദ്യാർഥിയുടെ അപൂർവ നേട്ടം. ബംഗളൂരുവിലെ നാഷണൽ പബ്ലിക് സ്കൂൾ കോറമംഗളയിലെ വിദ്യാർഥിയാണ് സമയ്.
ജീവ ശാസ്ത്ര വിഭാഗത്തിൽ ജൈവ ഘടികാരത്തെ കുറിച്ച് സമയ് തയാറാക്കിയ വീഡിയോക്കാണ് ഭീമൻ തുകയുടെ പുരസ്കാരം ലഭിച്ചത്. ഫിസിക്സ്, ഗണിതം, ജീവ ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള അടിസ്ഥാന തത്വങ്ങളെ കുറിച്ച കുട്ടികളുടെ ക്രിയാത്മക ചിന്തകളെ ആസ്പദമാക്കിയുള്ള വീഡിയോകൾക്ക് നൽകുന്ന പുരസ്കാരമാണ് ബ്രേക്ത്രൂ ജൂനിയർ ചലഞ്ച് പുരസ്കാരം.
പുരസ്കാര തുകയിൽ 1.83 കോടി രൂപ സമയ് ഗൊഡികക്ക് ലഭിക്കും. ബാക്കി തുക സമയ്യെ പഠിപ്പിച്ച ശാസ്ത്ര അധ്യാപകർക്കും സ്കൂളിനും വീതിച്ച് നൽകും. സയൻസിൽ ഏറെ താൽപര്യം കാണിച്ച സമയ്യെ അധ്യാപകനായ എം.എസ് മേനോനാണ് സ്കൂൾ സമയത്തിന് ശേഷം ജീവ ശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ സഹായിച്ചത്.
വിറവാതം അടക്കം ചില ന്യൂറോളജിക്കൽ രോഗമുള്ള കുടുംബാംഗങ്ങളുള്ള സമയ് ഗൊഡികക്ക് ജൈവ ഘടികാരത്തെ കുറിച്ചും അതിനുള്ള ചികിത്സയെ കുറിച്ചും പഠിക്കാനുള്ള താൽപര്യം ജനിക്കുകയായിരുന്നു.
ഇത്രയും വലിയ പുരസ്കാരം ലഭിച്ചതിൽ വളരെ ആശ്ചര്യവാനാണെന്നും ഇത് തെൻറ ജീവിതം മാറ്റിമറിക്കുന്നതാണെന്നും പുരസ്കാര പ്രഖ്യാപനത്തിന് ശേഷം സമയ് പ്രതികരിച്ചു. ലോകത്തിലെ തന്നെ വലിയ ശാസ്ത്രജ്ഞൻമാരുടെ കൂടെ തന്നെ കൂടി തിരിച്ചറിയുന്നതിൽ വളരെ കൃതാർഥനാണെന്നും അവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.