റഷ്യൻ റോക്കറ്റ് പണിപറ്റിച്ചു; ചെറുതായി 'സമനില' തെറ്റി അന്താരാഷ്ട്ര ബഹിരാകാശ നിലയം, ബഹിരാകാശ യാത്രികർ സുരക്ഷിതർ
text_fieldsവാഷിങ്ടൺ: ഏറെയായി ബഹിരാകാശത്ത് നിലയുറപ്പിച്ച് നിരീക്ഷണ, ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അൽപനേരത്തേക്ക് നിയന്ത്രണം നഷ്ടമായത് ഞെട്ടലായി. പുതുതായി നിലയത്തിലെത്തിയ റഷ്യയുടെ നൗക ലബോറട്ടറി മൊഡ്യൂൾ അപ്രതീക്ഷിതമായി പ്രവർത്തിപ്പിച്ചതാണ് പ്രശ്്നം സൃഷ്ടിച്ചത്. അബദ്ധം മനസ്സിലാക്കി അതിവേഗം പ്രശ്നം പരിഹരിച്ചതായി നാസ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ബഹിരാകാശ നിലയത്തിലേക്ക് നൗക മൊഡ്യൂൾ വിക്ഷേപിച്ചത്. വ്യാഴാഴ്ച രാവിലെ അശ്രദ്ധമായി ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചതാണ് പ്രശ്നമുണ്ടാക്കിയത്. ഒരു മണിക്കൂർ നേരം പ്രവർത്തനം താളം തെറ്റിയ നിലയത്തിലുള്ള ഏഴ് ബഹിരാകാശ യാത്രികരുമായി 11 മിനിറ്റ് നേരം ആശയ വിനിമയവും നഷ്ടമായി. നില 45 ഡിഗ്രി തെറ്റിയത് അതിവേഗം പരിഹരിച്ചു. ബഹിരാകാശ യാത്രികർ സുരക്ഷിതരാണെന്നും നിലയത്തിന് കേടുപാടുകൾ പറ്റിയിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ നാസയും റഷ്യൻ ബഹിരാകാശ നിലയവും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് അമേരിക്ക നിശ്ചയിച്ച ബോയിങ് സ്റ്റാർലൈനർ റോക്കറ്റ് വിക്ഷേപണം നീട്ടി. വെള്ളിയാഴ്ച വിക്ഷേപിക്കാനായിരുന്നു നാസ നേരത്തെ പദ്ധതിയിട്ടത്.
11 വർഷത്തിനിടെ ആദ്യമായാണ് ഒരു റഷ്യൻ ലാബ് മൊഡ്യൂൾ ബഹിരാകാശ നിലയത്തിലെത്തുന്നത്. ബഹിരാകാശത്ത് അടുത്തിടെയായി മേൽെക്കെ നഷ്ടപ്പെടുന്ന റഷ്യയുടെ പുതിയ ശ്രമങ്ങൾക്ക് സംഭവം തിരിച്ചടിയാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. അപകടം സംഭവിച്ചതോടെ മൊഡ്യൂളിനെ പൂർണമായി ഐ.എസ്.എസിന്‍റെ ഭാഗമാക്കാൻ ഏറെ സമയം നീണ്ട ശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.