മോദിയുടെ ചിത്രം ബഹിരാകാശത്ത്; പി.എസ്.എൽ.വി സി-51 വിക്ഷേപണം വിജയം
text_fieldsശ്രീഹരിക്കോട്ട: ബ്രസീലിന്‍റെ ആമസോണിയ 1 ഉപഗ്രഹവും മറ്റ് 18 ചെറു ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-51 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലായിരുന്നു വിക്ഷേപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഡിജിറ്റൽ ഭഗവദ്ഗീതയും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10.24നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് ഒരു മണിക്കൂർ 17 മിനിട്ട് പിന്നിട്ടപ്പോളാണ് പ്രൈമറി പേലോഡായ ബ്രസീലിന്‍റെ ആമസോണിയ 1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ഇതിന് പിന്നാലെ മറ്റ് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്.
സതീഷ് ധവാൻ എന്ന നാനോ സാറ്റലൈറ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബഹിരാകാശത്ത് എത്തിച്ചത്. ഭഗവദ്ഗീതയുടെ ഇ-പകർപ്പ്, കാൽ ലക്ഷം ഇന്ത്യക്കാരുടെ പേര് എന്നിവയും ഈ സാറ്റലൈറ്റിൽ അയച്ചിട്ടുണ്ട്. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്ഥാപനമാണ് നാനോ സാറ്റലൈറ്റായ സതീഷ് ധവാൻ വിക്ഷേപിച്ചത്. വിദ്യാർഥികൾക്കിടയിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ആമസോണ്‍ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്‍റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങള്‍ വിലയിരുത്താനും ഉപകരിക്കും. ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്‍റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.