സഹോദരനൊപ്പം ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ആമസോൺ സി.ഇ.ഒ; യാത്ര സ്വന്തം സ്പേസ് കമ്പനി നിർമിച്ച പേടകത്തിൽ
text_fieldsസ്വന്തം സ്പേസ് കമ്പനി നിർമിച്ച റോക്കറ്റ് ഷിപ്പിൽ അടുത്തമാസം ബഹിരാകാശത്തേക്കൊരു യാത്രക്കൊരുങ്ങുകയാണ് ആമസോൺ സി.ഇ.ഒയും ലോകകോടീശ്വരനുമായ ജെഫ് ബെസോസ്. ആമസോണിെൻറ കീഴിലുള്ള ബഹിരാകാശ പര്യവേക്ഷണ സാങ്കേതികവിദ്യാ നിർമാതാക്കളായ ബ്ലൂ ഒറിജിെൻറ പേടകമായ ന്യൂ ഷെപാർഡിലായിരിക്കും ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് കുതിക്കുക. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിെൻറ ആദ്യ ബഹിരാകാശയാത്ര കൂടിയാകുമിത്. ജൂലൈ 20നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ജെഫ് ബെസോസിെൻറ ഇയള സഹോദരൻ മാർക്ക് ബെസോസും യാത്രയിൽ കൂടെയുണ്ട്.
അഞ്ചു വയസുള്ള നാൾതൊട്ടേ ബഹിരാകാശ യാത്രയെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നുവെന്നാണ് വിവരം അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ജെഫ് ബെസോസ് കുറിച്ചത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പമുള്ള ഏറ്റവും വലിയ സാഹസികകൃത്യത്തിനാണ് ഒരുങ്ങുന്നതെന്നും ബെസോസ് യാത്രയെ വിശേഷിപ്പിക്കുന്നു. അതേസമയം, ശതകോടീശ്വരൻ മുമ്പ് ആമസോൺ സി.ഇ.ഒ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുകയാണെന്ന സൂചന നൽകിയിരുന്നു.
ഏഴ് വർഷത്തോളം നീണ്ട അതീവ രഹസ്യവും ശ്രമകരവുമായ പരീക്ഷണങ്ങൾക്കൊടുവിലാണ് ബ്ലൂ ഒറിജിെൻറ ന്യൂ ഷെപാർഡ് പേടകവും റോക്കറ്റും മനുഷ്യനെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്കുള്ള സ്വപ്ന യാത്രക്കൊരുങ്ങുന്നത്. പ്രതീക്ഷിക്കുന്നപോലെ കാര്യങ്ങളെല്ലാം നടക്കുകയാണെങ്കിൽ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിർമാതാവ് കൂടിയാകും ജെഫ് ബെസോസ്. ബഹിരാകാശ ഭീമന്മാരായ സ്പേസ്എക്സിെൻറ തലവൻ ഇലോൺ മസ്‌ക്കിന് വരെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇതുവരെ യാത്ര നടത്തിയിട്ടില്ല. ബ്രിട്ടീഷ് ശതകോടീശ്വരനും ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ വിർജിൻ ഗലാക്ടിക്കിെൻറ ഉടമ റിച്ചാർഡ് ബ്രാൻസണും മുമ്പ് ബഹിരാകാശ യാത്ര പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വർഷം അവസാനത്തിലേ അതു നടക്കാനിടയുള്ളൂ.
59 അടി ഉയരമുള്ള റോക്കറ്റിലാണ് ആറു സീറ്റുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക. റോക്കറ്റിൽനിന്ന് ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയിൽനിന്ന് 60 മൈൽ(ഏകദേശം 96 കി.മീറ്റർ) അകലെ വരെ പറന്ന് ബഹിരാകാശത്തിെൻറ തൊട്ടടുത്തുവരെയെത്തും ബെസോസിനെയും വഹിച്ചുകൊണ്ട് പറക്കുന്ന പേടകമെന്ന് ബ്ലൂ ഒറിജിൻ അവകാശപ്പെടുന്നു. ബഹികാരാശ ടൂറിസം ആരംഭിക്കുമെന്ന് അടുത്തിടെയാണ് ബ്ലൂ ഒറിജിൻ പ്രഖ്യാപിച്ചത്. ബഹിരാകാശ വിനോദയാത്രയ്ക്കായുള്ള ടിക്കറ്റ് വിൽപനയും ആരംഭിച്ചിരുന്നു. ഇതിെൻറ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ലേലത്തിലെ വിജയിക്ക് ബെസോസിനൊപ്പം ബ്ലൂഒറിജിെൻറ പേടകത്തിൽ യാത്ര പോകാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.