ഭൂഗോളം അത്യാസന്നനിലയിൽ
text_fieldsവാഷിങ്ടൺ: 1992ൽ ആയിരുന്നു അവർ ആദ്യത്തെ മുന്നറിയിപ്പ് നൽകിയത്. ലോകത്താകമാനമുള്ള 1,700 ശാസ്ത്രജ്ഞർ ഒന്നിച്ചുചേർന്ന് ഏറ്റവും വിനാശകരമായ ഭാവിയെക്കുറിച്ച് മാനവരാശിയോട് പറഞ്ഞു. മനുഷ്യൻ അവനുൾപ്പെടുന്ന ആവാസവ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണെന്നും ഭൂഗോളത്തെ മുഴുവനായി നശിപ്പിക്കുന്ന വിധത്തിലാണ് അതിെൻറ പോക്കെന്നുമായിരുന്നു അത്. ഒാസോൺ മലിനീകരണം, വായു, ജല മലിനീകരണം, വനനശീകരണം, സമുദ്ര സമ്പത്തിെൻറ തകർച്ച, മണ്ണിെൻറ ഉൽപാദനക്ഷമതയിൽ ഉണ്ടായ വമ്പിച്ച ഇടിവ്, ജന്തു-സസ്യജാലങ്ങൾ നേരിടുന്ന ഭീഷണി, ആഗോള താപനം തുടങ്ങിയവയെ ചൂണ്ടിക്കാണിച്ചായിരുന്നു അത്.
എന്നാൽ, ആ മുന്നറിയിപ്പിെൻറ 25ാം വാർഷികം അവർ മറ്റൊരു മുന്നറിയിപ്പിലൂടെ ആചരിക്കുകയാണ്. കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുന്നുവെന്ന് ബയോ സയൻസ് എന്ന ജേണലിലൂടെ 184 രാജ്യങ്ങളിൽനിന്നുള്ള 15,000ത്തിലധികം വരുന്ന ഗവേഷകർ ചേർന്ന് നൽകുന്ന ‘രണ്ടാം മുന്നറിയിപ്പി’ൽ പറയുന്നു. ‘സെക്കൻഡ് നോട്ടീസ്’ എന്നുതന്നെ ഗവേഷക സംഘത്തെ മുന്നിൽനിന്ന് നയിച്ച ഒാറിയോൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ വില്യം റിപ്ൾ ഇതിനെ വിശേഷിപ്പിക്കുന്നു. നമ്മൾ മുന്നിൽക്കണ്ട പാരിസ്ഥിതിക വെല്ലുവിളികൾ കൂടുതൽ ഭയാനകമായ സ്ഥിതിയിൽ എത്തിനിൽക്കുകയാണ്. എന്നിട്ടും അതിെൻറ പരിഹാരത്തിനായുള്ള ശ്രമങ്ങളിൽ മതിയായ പുരോഗതി കൈവരിക്കുന്നതിൽ മാനവരാശി പരാജയപ്പെട്ടിരിക്കുന്നു.
ഭൂമിയുടെ വെല്ലുവിളിയായി ഇവർ ആദ്യം നിരത്തുന്നത് ആഗോള താപനത്തെയാണ്. 1992 മുതൽ ഇതുവരെയുള്ള ചുരുങ്ങിയ കാലയളവിൽ ഭൂമിയുടെ ചൂട് അര ഡിഗ്രി സെൽഷ്യൽ ഉയർന്നതായും പ്രതിവർഷം കാർബൺ ബഹിർഗമനം 62 ശതമാനം ആയി വർധിെച്ചന്നും ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടുന്നു. ‘ജീവനറ്റ’ സമുദ്ര ഭാഗങ്ങളുടെ എണ്ണം കൂടിവരുന്നു. മനുഷ്യരുടെ എണ്ണം ക്രമാതീതമായി പെരുകുന്നു. എന്നാൽ, ഇതര ജന്തു-സസ്യ ജാലങ്ങളുടെ എണ്ണം കുറയുന്നു. ഇതിെൻറ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാൻ ചില നിർദേശങ്ങളും ഇവർ നൽകുന്നുണ്ട്. സ്വാഭാവിക പ്രകൃതി സമ്പത്തിനെ നിലനിർത്തുക, ഭക്ഷണത്തിെൻറ ദുർവ്യയം കുറച്ചുകൊണ്ടുവരുക, ഹരിത സാേങ്കതിക വിദ്യയെ വികസിപ്പിക്കുക തുടങ്ങിയവയാണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.