പ്രളയത്തിന് മുമ്പും ശേഷവുമുള്ള കേരളം; നാസയുടെ ഉപഗ്രഹചിത്രം പുറത്ത്
text_fieldsകേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കെടുതിക്ക് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ യു.എസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. പ്രളയത്തിന് മുമ്പ് ഫെബ്രുവരി ആറിനും പ്രളയ ശേഷം ആഗസ്റ്റ് 22നും പകർത്തിയ തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ ചിത്രങ്ങളാണിവ. പ്രളയ ജലം മൂടിയ ഭാഗങ്ങൾ കടുംനീല നിറത്തിലാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്.
ബാൾ എയ്റോസ്പേസ് ആൻഡ് ടെക്നോളജീസിന്‍റെ ലാൻഡ്സാറ്റ്-8 ഉപഗ്രഹമാണ് പ്രളയത്തിന് മുമ്പും യൂറോപ്യൻ ബഹികാരാശ ഏജൻസിയുടെ സെന്‍റിനൽ-2 ഉപഗ്രഹമാണ് പ്രളയ ശേഷവുമുള്ള ചിത്രങ്ങൾ പകർത്തിയത്. ലാൻഡ്സാറ്റ്-8ന്‍റെ റിമോട്ട് സെൻസിങ് ഉപകരണമായ ഒാപറേഷണൽ ലാൻഡ് ഇമേജർ ആണ് ഇതിന് ഉപയോഗിച്ചത്.
പ്രളയ ശേഷമുള്ള ചിത്രത്തിൽ തൃശൂർ ജില്ലയിലെ കരുവണ്ണൂർ നദി കരകവിഞ്ഞ് വെള്ളം തീരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത് ചിത്രത്തിൽ വ്യക്തമായി കാണാം. രണ്ട് ദേശീയപാതകളുമായി ബന്ധപ്പെട്ടു കിടക്കുന്ന 2.2 കിലോമീറ്റർ ചുറ്റളവിലുള്ള 40 ഗ്രാമങ്ങളാണ് പ്രളയ ജലത്തിൽ മുങ്ങിയത്. പെരിയാറും പമ്പയാറും കരകവിഞ്ഞതോടെയാണ് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയത്.
കേരളത്തിൽ പെയ്ത മഴയുടെ അളവും തെക്കൻ കർണാടകവും കേരളവും ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ കാലാവസ്ഥാ മാറ്റങ്ങളും ഉൾപ്പെടുന്ന ഉപഗ്രഹ കണക്കുകൾ ബഹിരാകാശ ഏജൻസി നേരത്തെ പുറത്തുവിട്ടിരുന്നു. ഹിമാലയത്തിന്‍റെ ഭൂപ്രകൃതി മികച്ചതാണെന്നും ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്ത് ലഭിക്കുന്ന കനത്ത മഴയുടെ പ്രധാനഘടകം പശ്ചിമഘട്ടമാണെന്നും ഗോഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്‍റർ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.