മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; പങ്കാളിയായി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്
text_fieldsമനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; പങ്കാളിയായി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്
ചാന്ദ്ര പേടകം സ്പേസ് എക്സ് നിർമിക്കും
വാഷിങ്ടൺ: അഞ്ചു പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസ പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തമായി ഇലോൺ മസ്കിന്റെ സ്പേസ് എക്സും. നേരത്തെ പ്രഖ്യാപിച്ച ശതകോടികളുടെ 'ആർടെമിസ്' പദ്ധതിയിൽ യാത്ര പുറപ്പെടാനുള്ള വാഹനം നിർമിക്കാൻ ബഹിരാകാശ രംഗത്തെ വൻവ്യവസായി ഇലോൺ മസ്കിന് 290 കോടി ഡോളറിന്‍റെ (21,616 കോടി രൂപ) കരാറാണ് നൽകിയിരിക്കുന്നത്.
ആളുകളെ കൂട്ടമായി ബഹിരാകാശത്തെത്തിക്കുന്ന വാഹനം മസ്കിന്റെ സ്പേസ് എക്സ് ഒരുക്കി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അവ ഇനിയും വിജയം കണ്ടിട്ടില്ലെങ്കിലും വൈകാതെ സാധ്യമാകുമെന്ന് മസ്ക് പറയുന്നു.
ഇതിനിടെയാണ് ചന്ദ്രനിലേക്ക് മനുഷ്യരെയുമായി നാസയും സ്പേസ് എക്സും ചേർന്ന് പറക്കാനൊരുങ്ങുന്നത്. ഇതുവരെയും സർക്കാർ സംരംഭങ്ങളായിരുന്ന ബഹിരാകാശ യാത്രയും ചാന്ദ്ര യാത്രയും സ്വകാര്യ മേഖലയുടെ പിടിയിലമരുന്നതിന്‍റെ സൂചന കൂടിയാണ് നാസയുടെ പുതിയ പ്രഖ്യാപനം.
ഇതേ പദ്ധതിയുടെ ഭാഗമാകാൻ നേരത്തെ ആമസോൺ ഉടമ ജെഫ് ബിസോസിന്‍റെ ബ്ലൂ ഒറിജിൻ, പ്രതിരോധ രംഗത്തെ ഡൈനറ്റിക്സ് എന്നിവരും രംഗത്തുണ്ടായിരുന്നുവെങ്കിലും നാസ തള്ളി. അപ്പോളോ കാലത്തെ അപേക്ഷിച്ച് 13 ശതമാനം മാത്രം ചെലവിൽ പദ്ധതി വിജയകരമാക്കാമെന്നാണ് അവകാശവാദം.
നാസയുടെ ആർടെമിസ് പദ്ധതിക്കു കീഴിൽ സ്പസ് ലോഞ്ച് സംവിധാനം, ഓറിയോൺ ബഹിരാകാശ പേടകം എന്നിവയും നിർമിക്കും. ആദ്യമായി വനിതകളെയും കറുത്ത വംശജരെയും ചന്ദ്രനിലെത്തിക്കാനും ആർടെമിസ് ലക്ഷ്യമിടുന്നുണ്ട്.
2024 ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുമെന്നായിരുന്നു നേരത്തെ പദ്ധതിയെങ്കിലും യു.എസ് ഭരണകൂടം ഫണ്ട് വെട്ടിക്കുറച്ചതോടെ അനന്തമായി നീളുകയായിരുന്നു.
നാസക്ക് മാത്രം 2470 കോടി ഡോളർ ഫണ്ട് അനുവദിക്കണമെന്ന് ജോ ബൈഡൻ യു.എസ് കോൺഗ്രസിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
2011ൽ ബഹിരാകാശ പേടകങ്ങൾ പൂർണമായി നിലത്തിറക്കിയ ശേഷം ഇതുവരെയും അമേരിക്കക്ക് മനുഷ്യരെ അയക്കാനായിട്ടില്ല. അതിനു ശേഷം രണ്ടു തവണ ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ സ്ഥാപനമായ സ്പേസ് എക്സ് ആളെ എത്തിച്ചിട്ടുണ്ട്. ഏപ്രിൽ 22ന് മൂന്നാം സംഘം പുറപ്പെടും.
1969ൽ അപ്പോളോ 11 ആയിരുന്നു ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. 1972നു ശേഷം ഇതുവരെയും മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.