ആദ്യം ചിത്രം... പിന്നീട് ദൃശ്യം... ഇപ്പോൾ ശബ്ദം...; വിസ്മയമായി ചൊവ്വയിലെ ഹെലികോപ്ടർ
text_fieldsകേപ് കനാവറൽ: അമേരിക്കയുടെ ചൊവ്വ ദൗത്യം പെഴ്സിവിയറൻസിന്റെ ഭാഗമായ ചെറു ഹെലികോപ്ടർ ഇൻജെന്യൂയിറ്റി പറക്കുന്നതിന്റെ ശബ്ദം പുറത്തുവിട്ട് ബഹിരാകാശ ഏജൻസി നാസ. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിലൂടെ ഹെലികോപ്ടർ പറക്കുന്നതിന്റെ ശബ്ദം ഉൾപ്പെടുന്ന വിഡിയോയാണ് കാലിഫോർണിയയിലെ നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പുറത്തുവിട്ടത്.
ഏപ്രിൽ 30ന് ഹെലികോപ്റ്റർ നടത്തിയ നാലാമത് പരീക്ഷണ പറക്കലിന്റെ ദൃശ്യങ്ങളാണിവ. അഞ്ചാമത് പരീക്ഷണ പറക്കലിന് ഇൻജെന്യൂയിറ്റി ഒരുങ്ങുന്നതിന് തൊട്ടുമുമ്പാണ് ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ശബ്ദം നാസ പുറത്തുവിട്ടത്.
ഹെലികോപ്റ്ററിന്റെ പങ്ക ചെറിയ ശബ്ദത്തിൽ കറങ്ങി തുടങ്ങുന്നതും പിന്നീട് കോപ്റ്റർ പറന്ന് ഉയരുന്നതും കാണാം. കോപ്ടർ ഒരു കൊതുകിനെ പോലെ പറന്ന് ദൂരേക്ക് പോകുന്നതിന്റെയും പിന്നീട് തിരികെ വന്ന് ഇറങ്ങുന്നതിന്റെയും ശബ്ദം രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യത്തിലുണ്ട്.
2020 ജൂലൈയിലാണ് ഇൻജെന്യൂയിറ്റി ഹെലികോപ്ടറിനെയും വഹിച്ചു കൊണ്ടുള്ള പെഴ്സിവിയറൻസ് പേടകം ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. 2021 ഫെബ്രുവരി 18ന് ചൊവ്വയുടെ ഉപരിതലത്തിലെ താഴ്ന്ന ഭാഗമായ ജെസേറോ ക്രേറ്ററിൽ പെഴ്സിവിയറൻസ് വിജയകരമായി ഇറങ്ങി.
ഏപ്രിൽ 20ന് ചെറു ഹെലികോപ്ടർ ചൊവ്വയുടെ ഉപരിതലത്തിൽ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ചു. ആദ്യ ദൗത്യത്തിൽ പത്തടി ഉയരത്തിൽ 39 സെക്കൻഡ് ആണ് ഇൻജെന്യൂയിറ്റി പറന്നത്. 1.8 കിലോഗ്രാം തൂക്കമുള്ള കോപ്ടറിൽ റൈറ്റ് ബ്രദേഴ്സ് പറത്തിയ വിമാനത്തിന്റെ ചിറകിലെ ചെറിയ ഭാഗവും ഉണ്ടായിരുന്നു.
കോപ്ടർ പറന്നുയർന്ന ചൊവ്വയിലെ പ്രതലത്തിന് നാസ 'റൈറ്റ് ബ്രദേഴ്സ് ഫീൽഡ്' എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ആറു വർഷമെടുത്താണ് നാലു കാലിൽ നിൽക്കുന്ന 19 ഇഞ്ച് ഉയരം മാത്രമുള്ള ഹെലികോപ്റ്റർ നിർമിച്ചത്. ചൊവ്വയിലെ മൈനസ് 130 ഡിഗ്രി തണുപ്പിൽ സോളാർ പാനൽ വഴി ബാറ്ററി ചാർജ് ചെയ്താണ് കോപ്ടർ സ്വയം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.