പ്രപഞ്ച രഹസ്യങ്ങളിലേക്ക് മിഴിതുറക്കാൻ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്; ചെലവ് 1000 കോടി ഡോളർ, വിക്ഷേപണം ഡിസംബറിൽ
text_fieldsവാഷിങ്ടൺ ഡി.സി: പ്രപഞ്ച രഹസ്യങ്ങളിലേക്ക് മിഴിതുറക്കുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്ന ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്‍റെ വിക്ഷേപണം ഡിസംബർ 18ന് നടക്കുമെന്ന് നാസയുടെ പ്രഖ്യാപനം. 1000 കോടി ഡോളർ ചെലവിട്ടുള്ള പദ്ധതിയിൽ നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവരാണ് പങ്കാളികൾ. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് അരിയാന 5 റോക്കറ്റാണ് ടെലസ്കോപ്പിനെ ഭ്രമണപഥത്തിലെത്തിക്കുക.
പ്രപഞ്ച നിഗൂഢതകളിൽ കൂടുതൽ കണ്ടെത്തലിന് ജെയിംസ് വെബ് ടെലസ്കോപ്പിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. സൂര്യപ്രകാശം നേരിട്ടു തട്ടാത്ത തരത്തിൽ സൂര്യൻ ഭൂമിയുടെ എതിർവശത്തു വരുന്ന തരത്തില്ല് ലഗ്രാൻഷെ പോയന്‍റ് രണ്ടിലായിരിക്കും ജെയിംസ് വെബിന്‍റെ സ്ഥാനം.
പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആവിർഭാവത്തെക്കുറിച്ചുമുള്ള പഠനങ്ങളിൽ നിർണായക വിവരങ്ങൾ നൽകാൻ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന് സാധിക്കും. അതിവിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാപഞ്ചിക പദാർത്ഥങ്ങളെ കണ്ടെത്താൻ ഇതിനാവുമെന്നതിനാൽ ഭൂമിക്ക് പുറത്തുള്ള ജീവനെ തിരയുന്നതിലും ജെയിംസ് വെബ് നൽകുന്ന വിവരങ്ങൾ നിർണായകമാകും.
നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്‍റെ പേരാണ് ടെലസ്കോപ്പിന് നൽകിയിട്ടുള്ളത്. അപ്പോളോ ദൗത്യത്തിനു നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.