ജീവന്‍റെ തുടിപ്പ് തേടി പെർസിവറൻസ് പേടകം ചൊവ്വയിൽ
text_fieldsവാഷിങ്ടണ്‍: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യമായ പെർസിവറൻസ് പേടകം ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ ചൊവ്വ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയത്.
ആറരമാസം നീണ്ടതും 30 കോടി മൈല്‍ ദൈർഘ്യമേറിയതുമായ യാത്രക്കൊടുവിൽ ചൊവ്വയിലെ മലഞ്ചെരിവുകളും മണൽക്കൂനകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ജസെറോ ഗർത്തത്തിലാണ് പേടകം ലാൻഡ് ചെയ്തത്. ചുവന്ന ഗ്രഹത്തിന്‍റെ ഉപരിതലത്തിൽ സുരക്ഷിത ലാൻഡിങ് നടത്തിയ പേടകം ചൊവ്വയുടെ ചിത്രങ്ങൾ ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
19,500 കിലോമീറ്റര്‍ (12,100 മൈല്‍) വേഗതയില്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ സഞ്ചരിച്ച റോവറിനെ പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ചാണ് ഉപരിതലത്തിലിറക്കിയത്. ചൊവ്വയിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്തുകയും ഗ്രഹത്തിലെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസിലാക്കുകയുമാണ് പെർസിവറൻസിന്‍റെ പ്രധാന ദൗത്യം.
2020 ജൂലൈ 30ന് ഫ്ലോറിഡയിലെ നാസയുടെ യു.എല്‍.എ അറ്റ്ലസ്-541ല്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്. ഭൂമിക്ക് പുറമെയുള്ള ഗ്രഹത്തിലെത്തുന്ന ആദ്യത്തെ ഹെലികോപ്ടറാണ് ഇന്‍ജെന്യുവിറ്റി.
സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവക്ക് പിന്നാലെ ചൊവ്വയിൽ ഇറങ്ങുന്ന അഞ്ചാമത്തെ പേടകമാണ് പെർസിവറൻസ്. 300 കോടി ഡോളറാണ് ദൗത്തിന്‍റെ ആകെ ചെലവ്. ചൊവ്വയുടെ ഉപരിതലം തുരന്ന് സാംപിളുകളും പാറക്കഷ്ണങ്ങളും ശേഖരിച്ച് 2031ൽ റോവർ ഭൂമിയിൽ തിരിച്ചെത്തും.
ഏഴ് അടി (രണ്ട് മീറ്റർ) നീളമുള്ള റോബോട്ടിക് ഭുജം, 19 കാമറകൾ, രണ്ട് മൈക്രോഫോണുകൾ, ശാസ്ത്രീയ പരീക്ഷണങ്ങളെ സഹായിക്കുന്നതിനുള്ള കട്ടിങ് എഡ്ജ് ഉപകരണങ്ങൾ എന്നിവ റോവറിനുണ്ട്. 3.048 മീറ്റര്‍ നീളവും 2.13 ഉയരവും 1025 കിലോ ഗ്രാം ഭാരവും ഉള്ള പേര്‍സിവിയറന്‍സ് റോവർ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2 മീറ്റര്‍ ഭുജം ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങള്‍ ശേഖരിക്കാനും കഴിയും.
19 ഇഞ്ച് (.49 മീറ്റര്‍) ഉയരവും 1.8 കിലോഗ്രാം ഭാരവുമുള്ള ഇന്‍ജെന്യുയിറ്റി ഹെലികോപ്റ്റർ സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. വയര്‍ലെസ് കമ്യൂണിക്കേഷന്‍ സംവിധാനം, 2400 ആര്‍.പി.എമ്മില്‍ കറങ്ങുന്ന കൗണ്ടര്‍റൊട്ടേറ്റിങ് ബ്ലേഡുകള്‍, കംപ്യൂട്ടറുകള്‍, നാവിഗേഷന്‍ സെന്‍സറുകള്‍, രണ്ട് കാമറകള്‍ എന്നിവ ഇന്‍ജെന്യുയിറ്റിയിൽ ഘടിപ്പിച്ചിട്ടുണ്ട്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.