മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക്; വിക്ഷേപണം ഈ മാസം 28ന്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കൃത്രിമ ഉപഗ്രഹം ബഹിരാകാശത്തേക്ക്. സതീഷ് ധവാൻ സാറ്റലൈറ്റ് ആണ് ഈ മാസം 28ന് മോദിയുടെ ചിത്രവുമായി കുതിക്കുക. ഭഗവദ്ഗീതയുടെ പകർപ്പ്, കാൽ ലക്ഷം ഇന്ത്യക്കാരുടെ പേര് എന്നിവയും സാറ്റലൈറ്റിൽ അയക്കും.
സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്ഥാപനമാണ് നാനോ സാറ്റലൈറ്റായ സതീഷ് ധവാൻ വിക്ഷേപിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ബഹിരാകാശ പഠനത്തിനാവശ്യമായ ഉപകരണങ്ങളും കൃത്രിമോപഗ്രഹത്തിലുണ്ടാകും. സ്പേസ് റേഡിയേഷനെ കുറിച്ച് പഠിക്കാനുള്ള ഉപകരണം, മാഗ്നെറ്റോസ്ഫിയറിനെ കുറിച്ച് പഠിക്കാനുള്ള ഉപകരണം എന്നിവയും ആശയവിനിമയ ഉപകരണവുമാണിവ.
സ്‌പേസ്‌കിഡ്‌സ് ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിതെന്ന് സ്ഥാപകയും സി.ഇ.ഒയുമായ ഡോ. ശ്രീമതി കേശന്‍ പറഞ്ഞു. ജനങ്ങളിൽ ആഭിമുഖ്യം വളർത്താനായാണ് 25,000 പേരുകൾ അയക്കുന്നതെന്നും ഇവർ പറഞ്ഞു.
ആത്മനിർഭർ മിഷൻ എന്ന വാക്കിനൊപ്പമാണ് മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക് അയക്കുന്നത്. കൃത്രിമോപഗ്രഹം പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്.
ഐ.എസ്.ആർ.ഒയുടെ നിർദേശത്തെ തുടർന്ന് ഡിസൈൻ മാറ്റങ്ങൾക്ക് വേണ്ടി ഞായറാഴ്ച കൃത്രിമോപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചിരുന്നു. പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചാണ് കൃത്രിമോപഗ്രഹം വിക്ഷേപിക്കുക. ഇതിന്‍റെ ബോട്ടം പാനലില്‍ ഐ.എസ്.ആര്‍.ഒ അധ്യക്ഷൻ ഡോ. കെ. ശിവന്‍, സയന്‍റിഫിക് സെക്രട്ടറി ഡോ. ആര്‍. ഉമാമഹേശ്വരന്‍ എന്നിവരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂണിലാണ് ഐ.എസ്.ആർ.ഒ റോക്കറ്റുകളിൽ സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാൻ അനുമതി നല്‍കിയത്. ഇത്തരത്തിൽ വിക്ഷേപിക്കുന്ന രണ്ടാമത്തെ സ്വകാര്യ ഉപഗ്രഹമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.